അതിലൊന്നാമത്തേത് നിങ്ങളുടെ മാതാപിതാക്കൾക്കും ചില അവകാശങ്ങളുണ്ട് അതു കൊണ്ട് അവരെ കൂട്ടിക്കൊണ്ടു വന്നു പെണ്ണു ചോദിക്കണം. രണ്ടാമത്തേത് , ഇപ്പോൾ നിങ്ങളുടെ സമ്പാദ്യം ഒരു ഡിഗ്രി മാത്രമാണ് ഒരു വിവാഹ ജീവിതത്തിന് അത് പോരാ പുറത്ത് പറയുവാൻ അന്തസ്സ് ഉള്ള ഒരു ജോലി നേടണം .അതിനു ശേഷം ആകാം കല്യാണം.
എല്ലാം അംഗീകരിച്ചു കൊണ്ടു അച്ഛനും അമ്മയ്ക്കും കൈ കൊടുത്ത് കാൽ തൊട്ടു വന്ദിച്ചു കൊണ്ട് ചേട്ടൻ പോയി.
പിന്നീട് കാലം വളരെ വേഗം ഒഴുകിത്തുടങ്ങി. അടുത്ത ബന്ധുവിൽ
നിന്നും ഒരു വിസ ഒപ്പിച്ചു ഏട്ടൻ ദുബായ്ക്ക് പോയി. ഞാൻ ഡിഗ്രി കഴിഞ്ഞ് സീ എം എസ്സിൽ തന്നെ
പിജി ക്ക് ചേർന്നു. ഒരു വർഷം കഴിഞ്ഞ് ആദ്യമായി ലീവിന് വന്നപ്പോൾ ഏട്ടന്റെ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ഔദ്യോഗികമായി പെണ്ണ് ചോദിച്ചു.
തിരികെ പോകും മുൻപ് വിവാഹ നിശ്ചയം നടത്തി. വിവാഹം എന്റെ
പിജി കഴിഞിട്ട് എന്ന് തീരുമാനിച്ചു. രണ്ടു വർഷങ്ങൾ കൂടി കടന്നുപോയി അപ്പോഴേക്കും ഞാൻ ഒരു മലയാളം എം എ കാരി ആയി.
അപ്പോഴേക്കും പ്രശാന്ത് ഏട്ടൻ കമ്പനിയുടെ അസിസ്റ്റൻറ് മാനേജരായി കഴിഞ്ഞിരുന്നു.
മുൻ നിശ്ചയിച്ച പോലെ വിവാഹം ആർഭാട പൂർവ്വം നടന്നു. വിവാഹ ശേഷം മൂന്നു മാസത്തിനുള്ളിൽ ഞാനും ദുബായിലേക്ക് വന്നു. ഒരു വർഷത്തിനുള്ളിൽ ദേവൂനെ ഗർഭം ധരിച്ചപ്പോൾ നാട്ടിലേക്ക് തിരികെ വന്നു. ദേവു വന്നു രണ്ടു വർഷത്തിനുള്ളിൽ ആദിയും ഞങ്ങൾക്ക് കൂട്ടായി വന്നു. അപ്പോഴേക്കും പ്രശാന്ത് ഏട്ടൻ കമ്പനിയുടെ മാനേജർ പോസ്റ്റിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ ഒന്ന് രണ്ടു തവണ ഞാനും ദുബായിൽ പോയി വന്നിരുന്നു.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പിജി കൊണ്ട് നിർത്തിയ പഠനം ഞാൻ പുനരാരംഭിച്ചു. നെറ്റ് എഴുതി എടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ ശ്രമം വിജയിച്ചു. ഇപ്പോൾ ഒരു കോളേജിൽ അധ്യാപികയായി കയറുന്നതിനുള്ള പൂർണ യോഗ്യത നേടുവാൻ എനിക്ക് കഴിഞ്ഞു.
എൻറെ അച്ഛൻറെ പരിചയത്തിലുള്ള ഒരു രാഷ്ട്രീയക്കാരൻ വഴി തൃശൂർ സുധാകര വർമ്മ മെമ്മോറിയൽ കോളേജിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറായി ജോലി തരപ്പെടുത്തി. 20 ലക്ഷത്തോളം രൂപ മാനേജ്മെന്റിന്
നൽകിയിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.
പ്രശാന്ത് ഏട്ടൻ ലീവിന് വന്നപ്പോൾ മാനേജർക്ക് അദ്ദേഹത്തെ ഒന്നു കാണണമെന്ന് പറഞ്ഞു. ഇത് ഇപ്പൊൾ കോളേജിലേക്ക് ഉള്ള ഒരു യാത്രയാണ്. കൂട്ടിനു ദേവു വും ആദി യും.
കോളേജിന്റെ മുന്നിലേക്ക് കാർ ചെന്നു നിന്നു.
“ഇവിടെയാണ് നിങ്ങടെ അമ്മ പഠിപ്പിക്കുവാൻ പോകുന്നത് …”
പ്രശാന്ത് ഏട്ടൻ കുട്ടികളോട് പറഞ്ഞു.
എനിക്ക് അതൊരു കളിയാക്കൽ ആയിട്ടാണ് തോന്നിയത്. പ്രശാന്ത് ഏട്ടനെ നോക്കി കണ്ണുരുട്ടി കൃത്രിമ ഗൗരവം മുഖത്ത് വരുത്തിയിട്ട് ഞങ്ങൾ മാനേജറുടെ റൂമിലേക്ക് നടന്നു.
പെട്ടെന്നാണ് ഒരു സംശയം എനിക്ക് നേരെ തല പൊക്കിയത് , ഇൻറർവ്യൂ പോലെ എന്തെങ്കിലും നടത്തുന്നതിനു വേണ്ടി ആയിരിക്കുമോ ഞങ്ങളെ വിളിപ്പിച്ചത്. ഈ സംശയം ഞാൻ പതുക്കെ ഏട്ടന്റെ അടുത്ത് പങ്കുവെച്ചു.
സ്വതസിദ്ധമായ ശൈലിയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,