“രവി പോസ്റ്റുമോർട്ടത്തിനുള്ള കാര്യങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്.”
“യെസ് സർ.”
ആ മുറിയും പരിസരവും ഒന്നു നിരീക്ഷിച്ചതിനു ശേഷം ജയശങ്കർ പാചകപ്പുരയിൽനിന്നും പുറത്തേക്ക് കടന്നു.
ശേഷം ഹാളിൽ പ്രത്യേകം സജ്ജമാക്കിയ കസേരയിൽ അയാൾ ഇരുന്നു.
“ആരാ ബോഡി ആദ്യം കണ്ടത്.?”
എസ് ഐയുടെ ചോദ്യത്തിന് മറുപടി
നൽകിയത് അവിടത്തെ പാചകക്കാരി സ്ത്രീയായിരുന്നു.
“ഞാനാ സാറേ..”
“ഉം… ഉണ്ടായ സംഭവം ഒന്നു വിശദീകരിച്ചു പറയാൻ കഴിയുമോ.?”
ജയശങ്കറിന്റെ ചോദ്യത്തിനുത്തരം നൽകാൻ വേണ്ടി അവർ അല്പംകൂടി മുന്നിലേക്ക് നീങ്ങിനിന്നു.
“ജോർജെ, ഈ സ്റ്റേമെന്റ് ഒന്ന് എഴുതിയെടുത്തോ “
അടുത്തു നിൽക്കുന്ന് കോൺസ്റ്റബിൾ ജോർജ്ജ് സ്റ്റേമെന്റ് എഴുതാൻ വേണ്ടി തയ്യാറായിനിന്നു.
“നിങ്ങടെ പേരും അഡ്രസ്സും ഒന്നുപറയ്.”
ജോർജ്ജ് അവരുടെ നേരെനിന്നുകൊണ്ടു ചോദിച്ചു.
“എന്റെ പേര് വത്സല,
വൈറ്റിലയിലാണ് താമസം.
“ഇന്ന് എന്താ ശരിക്കും നടന്നത്.?”
“പതിവുപോലെ ഞാൻ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നതാണ് സാറേ, അപ്പഴാ അവിടെ..”
ബാക്കിപറയാൻ വത്സല ഒന്നു ബുദ്ധിമുട്ടി.
“എന്നിട്ട് നിങ്ങൾ എന്തു ചെയ്തു.”
കോൺസ്റ്റബിൾ രവിയായിരുന്നു ആ ചോദ്യം ആരാഞ്ഞത്.
“ഞാൻ വാച്ച്മാനെ വിവരം അറിയിച്ചു.”
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അർജ്ജുൻ ഉറക്കത്തിനിന്നും എഴുന്നേറ്റത്.
ആര്യ കോളിംഗ്.
“എന്തുവാടി ഒന്നുറങ്ങാനും സമ്മതിക്കില്ലേ.?”
ഫോൺ എടുത്തിട്ട് അർജ്ജുൻ ഒറ്റവാക്കിൽ ചോദിച്ചു.
“എടാ, ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചു. ന്യൂസ് കവർചെയ്യണം നീ പെട്ടന്ന് വാ, ഞാൻ ഇവിടെ വെയ്റ്റിംഗ് ആണ്.”
“ഓഹ്, എപ്പോ? “