അങ്ങനെ …കലയ്ക്കും , രാഷ്ട്രീയത്തിനും പഠനത്തിനും മറ്റു കോലാഹലങ്ങൾക്കും ഒപ്പം തളിരണിഞ്ഞതും അണിയാത്തതും ആയ ചെറു വലുത് പ്രേമബന്ധങ്ങൾ ക്യാമ്പസ്സിൽ മൊട്ടിട്ടു …പുഷ്‌പിച്ചു …പടർന്ന് ,പന്തലിച്ചു വരുന്ന സമയത്തായിരുന്നു” മിഡ് ട്ടേം ” എക്‌സസാമിനായി എല്ലാവരും ക്ലാസ്സിൽ നിന്നും കുറച്ചു ദിവസത്തേക്കു പിരിയുന്നത് .
അവധി കഴിഞ്ഞു ക്ലാസ്സ് തുടങ്ങുന്ന ഡിസംബർ ഒന്നിന് …കാലത്തു ….സാധാരണ പോലെ അഭി ചായകുടി ഒക്കെ കഴിഞ്ഞു, മെല്ലെ കാന്റീനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ….അതാ മൂന്ന് പെൺകുട്ടികൾ ഒന്നായി , അവനെതിരെ നടന്നു വരുന്നു . രണ്ട് പേര് ക്ലാസിലെ ചിരപരിചിതർ എങ്കിലും …..വെറുമൊരു കൗതുകത്തിനു അലസമായ് ചുമ്മാതൊന്നു നോക്കി….കൂട്ടത്തിലെ മൂന്നാമത്തെ ആളെ !. ഉയരം കൂടി , ഒത്ത തടിയും …വെളുത്ത ശരീരത്തിൽ രണ്ടായ് നീളത്തിൽ പിന്നി മെടഞ്ഞിട്ട നീണ്ട കാർകൂന്തൽ !….എന്തോ ഒരു വിദൂര പരിചിതത്വം വിളിച്ചു പറഞ്ഞു . മുന്നിലെത്തി !….നോക്കിയപ്പോൾ ആ വട്ടമുഖവും , നെറ്റിയിലെ നീണ്ട പൊട്ടും , കാതിലെ മഴത്തുള്ളി കമ്മലും , കൈവണ്ണയിലെ പിരിയാൻ സ്വര്ണവളകളും ,മാറിൽ ചേർന്നുകിടക്കുന്ന പറ്റചുട്ടി മാലയും എല്ലാം എല്ലാം ….ഒറ്റനോട്ടത്തിൽ അഭിയെ ശരിയ്ക്ക് ഞെട്ടിപ്പിച്ചു കളഞ്ഞു .
പെട്ടെന്ന്….ഒരു നിമിഷം !….ആകെ സ്തംഭിച്ചു നിന്നുപോകുന്ന ഒരവസ്‌ഥ !. മനസ്സിൽ , എപ്പോഴും …ഓരോരോ നിമിഷവും ആഗ്രഹിച്ചിരുന്നത് ! . എന്നാൽ നടക്കുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത , തീരെ പ്രതീക്ഷിയ്ക്കാതിരുന്നത് !….ആ വരവ് !…ആ പ്രത്യക്ഷപ്പെടൽ !….ആ നിറസാന്നിധ്യം !. അത് മറ്റാരും ആയിരുന്നില്ല . അഭി സ്വന്തം ജീവനെപോലെ കരുതി , സ്വകാര്യമായി ഇഷ്‌ടപ്പെട്ടിരുന്ന …സ്നേഹിച്ചിരുന്ന….അത്രയും കാലം ഒരു ആരാധനാവിഗ്രഹം പോലെ മനസ്സിൽ സ്വന്തമാക്കി കൊണ്ടുനടന്ന , തൻറെ ഇഷ്‌ടദേവത !….,പ്രാണേശ്വരി !… ” അലീന ” എന്ന അലീനാ അമൽദേവ് !. ഒറ്റനോട്ടം കൊണ്ടവൻ അവളെ തിരിച്ചറിഞ്ഞു .പക്ഷെ ….ആ തിരിച്ചറിവിൻറെ നിമിഷങ്ങളിൽ ,അത്ഭുതമാണോ ?….അമ്പരപ്പാണോ ?….അതോ സന്തോഷമാണോ ?…എന്താണ് തന്നിൽ സംഭവിക്കുന്ന മാറ്റങ്ങൾ !…എന്ന് അവനു പോലും മനസ്സിലാക്കാൻ കഴിയാത്തൊരു വിസ്മയ തലത്തിൽ അവൻ എത്തിപ്പെട്ടു !. ആ നിലയിൽ ….അഭിയെ ഭരിച്ച വിഭിന്ന വികാരങ്ങളാൽ ….അമ്പരന്ന് തരിച്ചു നിന്നുപോയ അവസ്‌ഥയിൽ…അപ്പോഴേയ്ക്കും നടന്ന് , അരികിലെത്തിയ അലീനയെ അവൻ പകച്ചു നോക്കി !. ചുണ്ടിൽ ഒളിപ്പിച്ചുവച്ച , നിഗൂഢമായ ഒരു മന്ദസ്മിതവും പേറി ….വിസ്മയത്തോടുള്ള ഒരു കണ്ണ് ഏറു നടത്തി ….നിശ്ശബ്ദമായി ….അലസമായ് കൂട്ടുകാരികൾക്കൊപ്പം….ചാരുതയാർന്ന ഒരു മാൻപേടയെപ്പോലവൾ നടന്ന് നീങ്ങി !. അവൾ കടന്ന് പോയപ്പോൾ ….മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിലെ കുളിരിനെ തോൽപ്പിയ്ക്കുന്ന മറ്റൊരു കുളിർതെന്നൽ തൻറെ ഉടലിൽ ഒന്നാകെ , തഴുകി…തലോടി …അലകൾ നെയ്തു തെന്നിപ്പോകുന്ന പോലെ അവനു അനുഭവപ്പെട്ടു .ഒപ്പം….നിർവചിക്കാൻ കഴിയാത്തൊരു അഭൗമിക ദിവ്യസുഗന്ധം അവിടമാകവേ പടർന്ന്….പരന്നിറങ്ങുന്ന പോലൊരു അനുഭ്രൂതി !…അവൻറെ നാസാരന്ധ്രങ്ങളെ തൊട്ടുഴിഞ്ഞു !.