പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

ടർഫ് ചെയ്തു നിർത്തിയിരുന്ന പുൽത്തകിടികളും പുൽമൈതാനങ്ങളും നിറഞ്ഞ പച്ചപ്പുകളായിരുന്നു എങ്ങും . ക്ലാസ്സിൽ കയറിയില്ലെങ്കിലും….കറങ്ങി നടക്കുമ്പോൾ ഒറ്റയായും കൂട്ടമായും ഇരിയ്ക്കാനും കിടക്കാനും വെടിവട്ടം പറയാനും പറ്റിയ പുൽപ്രദേശങ്ങൾക്കൊപ്പം, പടർന്ന് പന്തലിച്ചു വലവിരിച്ചു നിന്ന കൂറ്റൻ മരങ്ങളുടെ വേരും ചുവടും അടങ്ങിയ നിഴൽ ഇടങ്ങളും കാമ്പസ്സിൽ സാധാരണമായിരുന്നു .മരങ്ങളുടെ തടിച്ച ശാഖകളും പിരിഞ്ഞ വേരുകളും അതിനോട് ചേർന്നുള്ള സിമൻറ് ബഞ്ചുകളിലും തണൽ കോണുകളിലും…. കാമ്പസ് സൗഹൃദങ്ങളും മായിക പ്രണയങ്ങളും ഒരുപോലെ , ഇതളിട്ടു വിരിഞ്ഞു നിൽക്കുന്നത് എന്നത്തേയും പതിവ് കാഴ്ചകൾ തന്നെ !.

കാമ്പസ് പ്രവേശന കമാനം മുതൽ…കളി മൈതാനം വരെ നീണ്ടു നിരന്നു നിന്നിരുന്ന അക്കേഷ്യകളുടെയും ,ഈട്ടി ,മഹാഗണി ,കോണിഫെറസ്സ് ൻറെയും ഒക്കെ വടുവൃക്ഷസാന്നിധ്യം….തണലിനും തണുവിനും, വീശിയടിക്കുന്ന കുളിര്കാറ്റിനും ഏറ്റവും നല്ല നിദാനം ആയിരുന്നു . ഒപ്പം ആ വലിയ മരുശിഖരങ്ങളുടെ മരുപ്പച്ചകൾ ആ കലാലയത്തിനു ഒന്നാകെ….ഒരു ചിരപുരാതന കാഴ്‌ചസുഖം നൽകി .മനസ്സിൽ കഥയും കവിതയെയും രാഷദ്രീയത്തിൻറെ ഇളം ചൂടും ,നാടക-ചലച്ചിത്ര കലാകാമനകൾ മറ്റൊരു വഴിയ്ക്കും മൊട്ടിട്ടു വിരിയുന്ന മൃദു യുവത്വം !. അതായിരുന്നു മറ്റു പലരെയും പോലെ അഭിജിത്തിനും അവിടം ഇടം കൊടുത്തത് . രാഷ്ട്രീയത്തിന്റെ ചൂരും തീഷ്ണതയും വിട്ട് …കലയുടെ വസന്തങ്ങളിലേയ്ക്ക് അവൻ സർവ്വതും മറന്ന് , പറന്നറങ്ങി !. കലാലയ കളിയരങ്ങിൽ അവൻറെ വായ്മൊഴികൾ , കഥയായും കവിതയായും ചൊല്ലിയാടി…. കാമ്പസ് ചുവരുകളിൽ പ്രതിധ്വനിച്ചു .സ്വാഭാവികമായി അതിൻറെ പ്രതിഫലനം അവനിൽ ധാരാളം ആൺ-പെൺ സൗഹൃദങ്ങളും ആരാധക വൃന്ദങ്ങളെയും കൂട്ടി . ആൺസൗഹൃദങ്ങളെ പോലെ സ്ത്രീ ആരാധകരുമായി അധികം അടുപ്പമോ ചങ്ങാത്തമോ കൂടാൻ അഭി വലുതായി താല്പര്യം കാണിയ്ക്കയോ അതിൽ ശ്രദ്ധ ചെലുത്തുകയോ ചെയ്തില്ല . എല്ലാം തികഞ്ഞു ലഭിക്കുകയും ആസ്വദിയ്ക്കയും ചെയ്തു മറ്റുള്ളവരുടെ മുൻപിൽ എല്ലാം തികഞ്ഞവനായി മുന്നോട്ടു പോകുമ്പോഴും …” നിർവികാരത ” സ്‌ഥായീഭാവമായൊരു കൂട്ടാളിയായി അവനോടൊപ്പം എപ്പോഴും കൂടെ നിന്നു . അത് അവൻറെ സുഹൃത്തുക്കളും അധ്യാപകരിൽ ചിലരും ചൂണ്ടി കാണിച്ചപ്പോഴും , ” ഒരു ചെറു പുഞ്ചിരിയോടെ ” അവരെ നേരിട്ടതല്ലാതെ, ഒരു ആത്മപരിശോധനയ്ക്കും അവൻ തയാറായില്ല . അവൻ അവർക്കിടയിൽ പ്രത്യേകിച്ചൊരു ബിംബമായി മാറിനിൽക്കാതെ , അവരിൽ ഒരാളായി ….എല്ലാവര്ക്കും ഒപ്പം ഒരുമിച്ചു ഒത്തിണക്കമായി നടക്കാൻ ആഗ്രഹിച്ചു . സമ്പത്തു അവനെ സംബന്ധിച്ചു അന്യമായൊരു പദാർത്ധം ആയതുകൊണ്ടാവാം …അതിനെ ബന്ധിപ്പിയ്ക്കുന്ന ശാസ്ത്രവും അവനൊരു ബോറൻ പ്രതിഭാസമായി തോന്നിയത് !.

Leave a Reply

Your email address will not be published. Required fields are marked *