ഇരുവശത്തും പിന്നിയിട്ട നീണ്ട മുടിയിണകളുമായി , പഴയ ഹൈസ്‌കൂൾ വരാന്തകളിൽ…കൂട്ടുകാരികളോടൊപ്പം ചിരിച്ചും , കളിപറഞ്ഞും ….കുസൃതി കണ്ണെറിഞ്ഞും …പൂമ്പാറ്റയെ പോലെ നീ പാറിപ്പറന്നു നടന്ന നാളുകളിലും …നിൻറെ ഓരങ്ങളിൽ നീ അറിഞ്ഞിട്ടും അറിയാതിരുന്ന ഈ കൊച്ചു അഭി ഉണ്ടായിരുന്നു . അന്ന് നീ സ്‌കൂളിലെ മിടുമിടുക്കിയും , സൗന്ദര്യധാമവും ഒപ്പം അധ്യാപകരുടെ കണ്ണിലുണ്ണിയും , ചെക്കന്മാരുടെ കലാലയ ദേവതയും , മറ്റ് പെൺകുട്ടികളുടെ അസൂയാപാത്രവും ഒക്കെ ആയിരുന്നു . അവിടെ എന്നും …പണവും, പഠിപ്പും , ചുറ്റുപാടും, ലാവണ്യം എല്ലാംകൊണ്ടും നീ എന്നിൽ നിന്നും വളരെ ഉയരെ ആയിരുന്നു . പിന്നെ എല്ലാറ്റിനും അപ്പുറം …മതത്തിൻറെ കൂറ്റൻ വേലിക്കെട്ട് , വീട്ടുകാരിലും നാട്ടുകാരിലും കൂടെ ….അരുതെന്ന് പറഞ്ഞെന്നെ പഠിപ്പിച്ചു അകറ്റി നിർത്തിയിരുന്ന നാളുകൾ !. എല്ലാംകൊണ്ടും …എനിക്കെന്നും , നിന്നെ അകലെനിന്ന് സ്നേഹിച്ചു ആരാധനയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .
അന്ന് …എല്ലാം നിന്നോട് തുറന്ന് പറഞ്ഞു നിൻറെ സ്നേഹം തിരികെ വാങ്ങാൻ ഉറപ്പിച്ചു ….നീ നടക്കുന്ന ഇടനാഴികളിലും , നീ സൊറ പറഞ്ഞിരിക്കുന്ന ഒഴിഞ്ഞ ഇടങ്ങളിലും , നീ ചിരിച്ചുകളിച്ച കളിമുറ്റത്തും ….നീ കണ്ടും കാണാതെയും ഒരു നിഴല് പോലെ പലപ്പോഴും ഞാൻ പറ്റി നിൽപ്പുണ്ടായിരുന്നു . പക്ഷെ , കഴിഞ്ഞില്ല !…..ധൈര്യം വന്നില്ല !….ഇന്നത്തെപോലെ എനിയ്ക്ക് അന്നും !.നിന്നെ നോവിക്കുന്ന കാര്യത്തിൽ അന്നും ഞാനിതുപോലൊരു ഭീരു ആയിരുന്നു . സാമൂഹ്യമായ ഒരുപാട് അന്തരങ്ങൾ !നമ്മൾതമ്മിൽ ….ഒരേ ക്ലാസ്സ് എങ്കിലും… രണ്ട് ഡിവിഷനിലെ പഠിത്തം !….നിനക്കും തിരിച്ചു നിന്നെയും….പ്രേമിക്കാൻ പ്രാപ്‌തി ഏറിയ സുന്ദരന്മാരായ പയ്യന്മാർ !. എല്ലാം തുറന്ന് പറയാൻ ഒരായിരം വട്ടം ആഗ്രഹിച്ചെങ്കിലും…ശ്രമിച്ചെങ്കിലും …ഇന്ന് ഈ ദിവസത്തെ പോലെ , ആ അധ്യാപന കാലഘട്ടങ്ങളിൽ എനിക്ക് കഴിയാതിരുന്നത് എന്നും എനിക്കൊരു നഷ്‌ടം തന്നായിരുന്നു .
പിന്നീടുള്ള രണ്ടുവർഷ പ്രീഡിഗ്രി കലാലയ കാലം !….നിന്നെ മറക്കുവാൻ മനഃപൂർവ്വം ഞാൻ ഒരുപാട് ശ്രമിച്ചു . നിന്നോടുള്ള ഇഷ്‌ടവും, മോഹവും, പ്രണയവും എല്ലാം ….എന്നെന്നേക്കുമായി മറന്ന് മോചിതനാകുവാൻ മനസ്സിനെ വെറുതെ സദാ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു . അതിനായ് ഞാൻ മെല്ലെ കഥയുടെയും കവിതകളുടെയും കാല്പനിക ലോകത്തേക്ക് കല്പിച്ചു കൂട്ടി …കാലെടുത്തുവച്ചു .പിന്നെ ,നീ നിറഞ്ഞുനിന്ന മഷിത്തുള്ളികളാൽ….നിന്നെയോർത്തു എഴുതിയ വരികളാൽ, നീ ചാർത്തിത്തന്ന കലാകാരൻറെ മുൾകിരീടം ചൂടി …. ഇതാ ഇവിടെവരെ വന്നെത്തി !. . അപ്പോൾ അതാ …കത്തികരിയിച്ചു ദഹിപ്പിച്ചു നിമജ്ഞനം ചെയ്ത എൻറെ മോഹങ്ങളേ ചിതയിൽ നിന്ന് കുത്തിയിളക്കി…പുനർജ്ജനിപ്പിക്കാൻ ….വട്ടമിട്ട് നിൻറെ പ്രത്യക്ഷപ്പെടൽ !. എല്ലാ സഹനതക്കും അപ്പുറമുള്ള ഒരു വലിയ പ്രതിഭാസം ആയിരുന്നു …നിൻറെ ആ കടന്നവരവ് !. അവിടെ ഒന്നുകിൽ ഞാൻ വിജയിക്കണം !…അല്ലെങ്കിൽ മരണം ,