ഓട്ടോയിലേക്ക് കയറുമ്പോഴും , രാത്രിയുടെ വിജനതയെ കീറി മുറിച്ച് വന്ന വഴിയിലൂടെ ഓട്ടോ തിരികെ പായുമ്പോഴും ഓട്ടോയ്ക്ക് ഉള്ളിൽ നിശബ്ദത തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
പഴയ നോക്കിയ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ചു കൊണ്ട് മുരളി കൊടുത്ത പൈസ സുമതി എണ്ണുന്നത് കണ്ടപ്പോൾ എൻറെ കണ്ണിൽ എവിടെയോ ഒരു നനവ് വന്നു. ഒരു പക്ഷേ അവളുടെ ഈ തുകയ്ക്കു വേണ്ടി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ അവൾക്ക് ഉണ്ടായിരിക്കാം.
പൈസ എണ്ണി കൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ സുമതി പതുക്കെ എന്നോട് പറഞ്ഞു ,
“അനുജന് നാളെ കോളേജ് ഫീസ് കൊടുക്കേണ്ട അവസാന തീയതിയാണ് അതാണ് എനിക്ക് ഇത്ര വെപ്രാളം ”
അത് കേട്ടപ്പോൾ മനസ്സിലെ നോവ് ഒരു വിങ്ങലായി മാറി. കയ്യിലുണ്ടായിരുന്ന ബാഗിന്റെ സിബ്ബ് തുറന്ന് , കയ്യിൽ തടഞ്ഞ തുക എത്രയെന്ന് പോലും നോക്കാതെ ഞാനത് സുമതിക്ക് നേരെ നീട്ടി. എനിക്ക് ഒന്ന് ഉറപ്പായിരുന്നു , ഈ രാത്രിയിൽ
അവള് ശരീരം വിറ്റ് ഉണ്ടാക്കിയതിനെ കാൾ ഇരട്ടി തുക ഉണ്ടായിരുന്നു അത്.
ഡീസൽ ഓട്ടോയുടെ കട കട ശബ്ദത്തിന് ഇടയിലൂടെ ആരും കേൾക്കാതെ പതിഞ്ഞ ശബ്ദത്തിൽ സുമതി പറഞ്ഞു ,
“എൻറെ ഒറ്റ വരി പ്രാരാബ്ദം കേട്ടിട്ടാണോ നിങ്ങള് ഈ കാശ് തരുന്നത് , എങ്കിൽ എന്റെ
യഥാർത്ഥ പ്രാരാബ്ധത്തിന്റെ അവസ്ഥ കേട്ട് കഴിയുമ്പോൾ എനിക്ക് നൽകുവാൻ നിങ്ങളുടെ കയ്യിൽ കാശ് തികയില്ല.. ഈ പണം എനിക്കു വേണ്ട എൻറെ ശരീരത്തിന് ആവശ്യക്കാർ ഉള്ളടത്തോളം കാലം ഞാനും എൻറെ കുടുംബവും പട്ടിണി കിടക്കേണ്ടി വരില്ല “
പിന്നീട് ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല. അവളോട് പറയുവാനോ അവളെ ആശ്വസിപ്പിക്കാനോ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. ഇനി വാക്കുകൾ കിട്ടിയാലും അതിനുള്ള യോഗ്യത എനിക്കില്ലായിരുന്നു എന്ന സത്യം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
വാച്ചിലെ സമയം നോക്കിയപ്പോൾ മണി രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. ഓട്ടോ ഇപ്പൊൾ ഹൈവേയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . സമാന്യം നല്ല തിരക്ക് ഹൈവേയിൽ ഉണ്ട്. വഴിയോരത്ത് തട്ടുകടകളും രാത്രി വ്യാപാരവും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു.
“മുരളി ചേട്ടാ എന്നെ ചിന്നക്കട റൗണ്ടിൽ ഇറക്കിയാൽ മതി ”
ഓട്ടോയുടെ പിൻ സീറ്റിൽ നിന്നും സുമതി മുരളിയെ തോണ്ടിവിളിച്ചു കൊണ്ട് പറഞ്ഞു.