“പ്ഫ… പട്ടി കഴുവേറി… ഞാൻ നിന്നെ കൊണ്ട് പണിയെടുപ്പിച്ച് ജീവിക്ക്യന്നോ…” തമ്പുരാട്ടിയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു…
“ഹും… നീ എന്താ പറഞ്ഞെ… ഞാൻ നേടി എന്ന് അല്ലേടാ… വേണേൽ ഞാനൊന്നോർമ്മിപ്പിക്കാം കൊറേ വർഷങ്ങൾക്ക് മുൻപ്… ഒരു പാതി രാത്രി കൈയബദ്ധം പറ്റി തമ്പ്രാട്ടി എന്ന് പറഞ്ഞ് എന്റെ മുന്നിലേക്കോടി വന്ന രണ്ട് പേരെ… ഓർമ്മയുണ്ടോ ഷംസുവിന്…”
അയാൾ തല താഴ്ത്തി…
“നിങ്ങൾ വിശ്വസിപ്പിച്ച് ഒരു മനുഷ്യനെ അറവു ശാലയിലേക്ക് കേറ്റി വിട്ടത് ഓർമ്മയുണ്ടോ… നിങ്ങൾ ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചത് അതിനുള്ളിൽ ചെന്ന് ചാടിയ എന്റെ ജീവിതമായിരുന്നു… എന്റെ ആശ്രയമായിരുന്നു… എന്റെ തമ്പുരാൻ മരിച്ചപ്പോ അതിന്റെ ഉത്തരവാദികളെ തേടി എവിടേക്കും പോവേണ്ടി വന്നിരുന്നില്ല ഈ ദേവി തമ്പുരാട്ടിക്ക്… കൺമുന്നിൽ കുറ്റബോധം പേറിയ മനസ്സും ശരീരവുമായി… രണ്ടു പേർ… നീയും മൂർത്തിയും… ഓർമ്മയുണ്ടോ…” ഷംസുദ്ധീൻ ശരിക്കും വിറങ്ങലിച്ച് നിന്നു…
കാരണം തമ്പുരാട്ടിക്ക് ഒന്നും അറിയില്ല എന്ന് വിചാരിച്ചിരുന്നിടത്ത് ഒരുപാട് കാര്യങ്ങൾ അറിയാം എന്ന് ഷംസുവിന് മനസ്സിലായി
“എന്നിട്ടും നിനക്ക് എന്റെ തമ്പുരാൻ മരിക്കാൻ കാരണക്കാരനായ ആ വൃത്തികെട്ട മനുഷ്യന്റെ മകനുമായി ചങ്ങാത്തം… അവസാനം അവന്റെ ആവശ്യവുമായി എന്റെ മുന്നിൽ നീ കാലുമ്മേൽ കാലും കെറ്റി വെച്ചിരുന്ന് സംസാരിച്ചപ്പോഴും ഷംസുദീനെ ഞാൻ നീ പറഞ്ഞത് മുഴുവൻ കേട്ടിരുന്നേയുള്ളു… ഇന്ന് ഷംസുദ്ധീന് കാണുന്ന എല്ലാം… ഈ എന്റെ ഔദാര്യം കൊണ്ടാണ് എന്ന് നീ മറക്കരുത്… നീ എന്റെ മകളെ ആക്രമിച്ചപ്പോഴും ഞാൻ മിണ്ടാതിരുന്നത് നിന്നെ പേടിച്ചിട്ടല്ല… മറിച്ച് എനിക്ക് എന്റെ ജീവിതത്തോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്… അല്ല ഇനിയും നീ എന്നെ മറിച്ചാണ് കാണുന്നെങ്കിൽ ഷംസുദീനെ… നീ ഒരുക്കി വെച്ച ആയുധങ്ങളോ നീ കൂട്ടി വെച്ച പടയാളികളെയോ മതിയാവാതെ വരും എന്റെ മുന്നിൽ ഒന്ന് പിടിച്ച് നില്ക്കാൻ… ” തമ്പുരാട്ടിയുടെ ഉച്ചത്തിലായിരുന്നു
ഷംസുദ്ധീൻ ശരിക്കും വിറച്ച് പോയിരുന്നു… തമ്പുരാട്ടിയുടെ മനോബലത്തെ കുറിച്ച് നല്ലോണം അറിയാവുന്ന ആള് തന്നെയാണ് ഷംസുദ്ധീൻ… പക്ഷെ ഇപ്പോഴും ആ മനക്കട്ടി ഉണ്ട് എന്നറിഞ്ഞപ്പോ അറിയാതെ ഒരു വിറയൽ കേറിപോയി…
“നടക്കണം… ആ ചെക്കനെ പേടിപ്പിച്ച് പറഞ്ഞയക്കണം… എനിക്കതിന് സാധിക്കാഞ്ഞിട്ടല്ല.. പക്ഷെ എന്റെ മകളെ എനിക്ക് നഷ്ട്ടപെട്ടു കൂടാ… അത് കഴിഞ്ഞ് ഞാൻ ഒരു പ്ലാൻ മനസ്സിൽ കണ്ടിട്ടുണ്ട്…