ഷാളുകൊണ്ടു തട്ടമിട്ട ആ കഴുത്ത് മെല്ലെ തിരിഞ്ഞു, നിന്ന ഇടത്ത് തല കറങ്ങി വീഴും എന്ന് റംസാന് തോന്നി. അതെ ഇത് അവൾ തന്നെ തൻ്റെ മാലാഖ. ഇവൾ ഇവിടെ – അവന് വിശ്വസിക്കാനായില്ല. ഹോ പടച്ചോനെ ഇങ്ങള് വേറെലെവൽ ആണ് കേട്ടാ…
നീ എന്താടാ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ നീ ഇതുവരെ പെൺപിള്ളേരെ കണ്ടിട്ടില്ലെ?
റംസാനോടെന്നോണം രാഹുലിൻ്റെ ചോദ്യം
ഹാ എന്താ ചോദിച്ചെ ഞാൻ മറ്റൊരു കാര്യം ആലോചിക്കുവായിരുന്നു.
വിഷയം മാറ്റാനായി റംസാൻ ഒരു കള്ളം പറഞ്ഞു. ഇവർക്കു മുന്നിൽ തൻ്റെ വില കളയാൻ പാടില്ലാലോ?
എന്തെ ഷംനെഇപ്പോ ഇവിടെ?ഐ മീൻ ഈ ചെയിഞ്ച്.
ജിതിൻ്റെ വകയായിരുന്നു ചോദ്യം
ഉമ്മാൻ്റെ നാട് ഇതാ ഇങ്ങോട് വീടു മാറീപ്പം ഇവടെ ജോയിൻ ചെയ്തതാ.
ഷംന ചുരുക്കത്തിൽ പറഞ്ഞു നിർത്തി.
മറ്റു നാലു പേരും ഓരോ ചോദ്യങ്ങളായി ചോദിച്ചു കൊണ്ടിരുന്നു, റംസാൻ അവളുടെ ഉത്തരങ്ങളും കേട്ടുകൊണ്ട് അങ്ങനെ നിന്നു.
അവൾക്ക് തന്നെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെന്ന് റംസാന് തോന്നി. താനാരാണെന്ന് അവൾ നേരത്തെ അറിഞ്ഞിരിക്കും .എന്നാൽ റംസാനുണ്ടായ അതേ സംശയം മറ്റു നാലു പേർക്കും ഉണ്ടായി. മറ്റുള്ളവരെ നോക്കി സംസാരിക്കുന്നതിൽ അവൾക്ക് വലിയ വൈമനസ്യമില്ല എന്നാൽ അവൾ റംസാൻ്റെ മുഖത്തേക്ക് നോക്കുന്നതേ ഇല്ല.
എന്താടോ തനിക്ക് ഇവൻ്റെ മുഖത്തു നോക്കാൻ ഒരു മടി. കാണാൻ ഒരു ഭീകരനാണെങ്കിലും ആളു പാവമാ നിന്നെ പിടിച്ച് തിന്നത്തൊന്നുമില്ല.
സജിത്തിൻ്റെ കമൻ്റ്
ചോദ്യങ്ങൾക്ക് കിളി കിളി പോലെ മറുപടി പറഞ്ഞുകൊണ്ടിരുന്ന ഷംന ചുണ്ടുകൾ സിബ്ബിട്ട് പൂട്ടിയ പോലെ നിശബ്ദ ആയി. അവൾ മുന്നിലെ പ്ലേറ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്നതെഉള്ളു.
ങേ ഇത് എന്ത് പാടപ്പാ. എന്താ കൊച്ചെ ഇങ്ങനെ ഇരിക്കുന്നെ
രാഹുലാണ് ചോദിച്ചത്
അവൾക്ക് താൻ ആരാണെന്ന് നല്ല ബോധ്യം ഉണ്ട് അതുകൊണ്ടാ അവൾ തനിക്ക് മുഖം തരാത്തത്. റംസാൻ്റെ ചുണ്ടുകളിൽ ഒരു കള്ള പുഞ്ചിരി വിടർന്നു.