ദേവരാഗം 5 [ദേവന്‍]

Posted by

“..ആദി എന്ത്യേടാ..??” അടുക്കളയിലെ സ്ലാബിലിരുന്ന്‍ അമ്മായിയുണ്ടാക്കിയ ചപ്പാത്തിയും കിഴങ്ങു കറിയും കഴിച്ചുകൊണ്ടിരുന്ന ആനന്ദിന്റെ പാത്രത്തില്‍ നിന്ന് അല്‍പ്പം എടുത്ത് രുചി നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു..

“..ചേച്ചി രാവിലെതന്നെ ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ പോകുവാന്നും പറഞ്ഞ് സ്കൂട്ടറും എടുത്ത് പോകുന്ന കണ്ടായിരുന്നു…!!” അവന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് തീറ്റ തുടര്‍ന്നു.

“..അതൊന്നുമല്ല ദേവാ.. അവളുടെ കൂട്ടുകാരാരോ ആശുപത്രിയിലാണെന്നും പറഞ്ഞു രാവിലെ ഫോണ്‍ വന്നായിരുന്നു.. അവളവിടം വരെ പോയതാ.. ഉച്ചയാകുമ്പോഴേക്കും വരും..” ചപ്പാത്തി ചുട്ടുകൊണ്ടിരുന്ന അമ്മായി പറഞ്ഞു.

“.. എതാശുപത്രിയിലാ അമ്മായീ..”

“.. സെന്റ്‌ മേരീസിലാണേന്നു തോന്നുന്നു.. നീ അവളെ ഒന്ന്‍ വിളിച്ച് നോക്ക്..”

“.. ങ്ങഹാ.. എന്നാ ഞാനിറങ്ങുവാ അമ്മായീ.. അമ്പലത്തില്‍ കാണാം…”

“.. നീ ഇത്ര വേഗം പോകുവാണോ..?? ങ്ങഹാ നിനക്ക് കാണേണ്ടയാള് ഇവിടില്ലല്ലോ അല്ലേ..??” എന്നെയൊന്ന് ആക്കിയിട്ട് അമ്മായി ചിരിച്ചു..

ഉള്ളില്‍ ദേഷ്യം തോന്നിയെങ്കിലും പുറമേ ഒരു ചിരി വരുത്തി ഞാന്‍ അവിടെ നിന്നും ഇറങ്ങി… അശോകന്‍ മാമന്റെ വീട്ടിലും ഒന്ന് കേറി എല്ലാവരെയും കണ്ടിട്ട് ഞാന്‍ തിരിച്ച് മാണിക്യന്റെ വീട്ടിലേയ്ക്ക് ചെന്നു…

വഴിക്ക് വച്ച് ആദിയെ ഫോണ്‍ വിളിച്ചു നോക്കിയെങ്കിലും ലൈന്‍ കിട്ടിയില്ല.. ഞാന്‍ മാണിക്യന്റെ വീട്ടില്‍ കാണുമെന്ന് അവള്‍ക്ക് മെസ്സേജ് അയച്ചു.

മാണിക്യന്റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവനും പഞ്ചമിയും കൂടി തോട്ടത്തില്‍ നിന്നും കന്നാര പറിച്ചുകൊണ്ടിരിക്കുകയായിരുന്നു.. മല്ലിമോളും പഞ്ചമിയുടെ സാരിത്തുമ്പില്‍ തൂങ്ങി നടപ്പുണ്ട്.. ഞാന്‍ ചെന്ന്‍ മല്ലിമോളെയും കൂട്ടി അമ്പലപ്പറമ്പിലേയ്ക്ക് പോയി അവള്‍ക്ക് കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെ വാങ്ങിക്കൊടുത്ത് തിരികെ വന്നു..

അപ്പോഴും മാണിക്യനും പഞ്ചമിയും കന്നാരത്തോട്ടത്തില്‍ തന്നെയായിരുന്നു.. വെയില്കൊള്ളാന്‍ പറ്റില്ലാത്തത്കൊണ്ട് ഞാന്‍ വീട്ടില്‍ കയറി റ്റി.വി. വച്ച് കണ്ടുകൊണ്ട് ഹാളിലെ ദിവാന്‍കോട്ടില്‍ കിടന്നു.. മല്ലിമോള് എന്റെ മടിയിലിരുന്ന് അവളുടെ കളറിംഗ് ബുക്കിലെ ചിത്രങ്ങള്‍ക്ക് നിറം കൊടുത്ത് കൊണ്ട് കളിച്ചിരുന്നു..

ഞാനവിടെകിടന്ന്‍ ഒന്ന്‍ മയങ്ങി..

Leave a Reply

Your email address will not be published. Required fields are marked *