ദേവരാഗം 1 [ദേവന്‍]

Posted by

പോടാ ചെക്കാ.. ഇവിടെ ഉള്ളൊരു എന്തോരം തീ തിന്നെന്ന്‍ നിനക്ക് അറിയാന്‍ പാടില്ല.. അത് പറയുമ്പോള്‍ ചെറിയമ്മയുടെ കണ്ണിലും നനവ് പടര്‍ന്നു..

പോട്ടന്നേ… ഞാന്‍ ചെറിയമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ എന്റെ കവിള്‍  അമര്‍ത്തിക്കൊണ്ട് പറഞ്ഞപ്പോള്‍ അമ്മ എന്നെ പുറകില്‍ നിന്നും പുണര്‍ന്ന്‍ എന്റെ പുറത്ത് മുഖം ചേര്‍ത്തു … ആ രണ്ട് അമ്മമാര്‍ക്കിടയില്‍ ഞാന്‍ സാന്‍വിച്ചായി…

മോനൂട്ടന്‍ പോയേന് നീയും കൂടെ ഇങ്ങോട്ട് വരാതിരുന്നാ ഞങ്ങക്കാരാടാ ഉള്ളേ… അമ്മ പതുക്കെ വിതുമ്പി…

ഈ സ്നേഹം കളഞ്ഞിട്ട് വല്ല നാട്ടിലും പോയിക്കിടക്കുന്ന എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി…

മോന്‍ പോയി കുളിച്ച് ഈ മുഷിഞ്ഞതൊക്കെ മാറിയിട്ട് വാ ഞാന്‍ ചായ എടുക്കാം.. കുറച്ചു സമയം അങ്ങനെ നിന്നിട്ട് ചെറിയമ്മ എന്റെ പിടിവിടുവിച്ച്കൊണ്ട് പറഞ്ഞു… അമ്മ ആപ്പോഴും എന്നെ ചുറ്റിപ്പിടിച്ച് നില്‍ക്കുവാരുന്നു.. ഇനി ഞാന്‍ അമ്മയെ വിട്ട് പോകാതിരിക്കാന്‍ എന്നപോലെ.. പിന്നെ അമ്മയും പതുക്കെ എന്നെ വിട്ടു പിന്നെ എന്നെ തിരിച്ചു നിര്‍ത്തി എന്റെ മുഖം പിടിച്ചു നെറ്റിയില്‍ ചുമ്പിച്ച് വിട്ടിട്ട്  പതുക്കെ സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു..

മോന്‍ ചെല്ല് ആ പിള്ളേര് നിന്നെ കാണാതെ ആകെ വിഷമിച്ച് ഇരിക്കുകയാ.. നീ അവരെ ഒന്ന്‍ സമാധാനിപ്പിക്ക്..

ശരിയമ്മേ..

അതും പറഞ്ഞു ഞാന്‍ ഹാളിലേയ്ക്ക് ബാഗെടുക്കനായി നടക്കുമ്പോ ചെറിയമ്മ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു..

ഡാ.. കുളിക്കുമ്പോ ആ താടീം കു‌ടി വടിച്ചേരേ…

പാവം.. ഞാന്‍ കെട്ടിപ്പിടിച്ചപ്പോ താടി കുത്തിക്കൊണ്ട് കാണും.. ബാഗെടുത്ത് ഞാന്‍ മുകളിലേയ്ക്ക് ചെല്ലുമ്പോള്‍  കുട്ടികളെല്ലാം മുകളിലെ സ്റ്റഡി റൂമിലിരുന്ന പഠിക്കുകയായിരുന്നു.. ഫെബ്രുവരി മാസമല്ലേ പരീക്ഷയൊക്കെ തുടങ്ങാറായിക്കാണും… എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ മുത്താണ് എന്നെ ആദ്യം കണ്ടത്..

ദേവേട്ടാ…….

കരഞ്ഞു വിളിച്ചുകൊണ്ട് ഓടി വന്നു അവള്‍ എന്റെ നെഞ്ചിലേയ്ക്ക് വീണു… പുറകെവന്ന  മാളുവും അങ്ങനെ തന്നെ (മാളു എന്നത് സംഗീതയുടെ വിളിപ്പേരാണ് ) രണ്ടും എന്റെ നെഞ്ചില്‍ ഒട്ടി നിന്ന് കരഞ്ഞപ്പോള്‍ ദീപുവും സച്ചിയും ശ്രീക്കുട്ടനും എന്റെ ചുറ്റും വന്നു എന്നെ പുണര്‍ന്നു.. അഞ്ച് കൂടപ്പിറപ്പുകളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി… എന്നാല്‍ എന്റെ കണ്ണ്‍ നിറയുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ അവരുടെ വല്യെട്ടനല്ലേ… ഞാന്‍ കരയാന്‍ പാടുണ്ടോ.. അതുകൊണ്ട് ഞാന്‍ പതുക്കെ കണ്ണ്‍ തുടച്ചു..  കുറച്ച്  നേരത്തെ തേങ്ങല്‍ ഒന്നടങ്ങിയപ്പോള്‍ ഓരോരുത്തരായി പതുക്കെ എന്നെ വിട്ടു.. പിന്നെ പരാതി പറച്ചിലായി.. ഞാന്‍ അവര്‍ക്കായി കൊണ്ടുവന്ന ചോക്ലെട്സ് എല്ലാവര്‍ക്കും കൊടുത്ത് ഓരോ ഉമ്മയും കൊടുത്ത്, പതുക്കെ അവരെ പഠിക്കാന്‍ വിട്ടിട്ട് ഞാന്‍ എന്റെ മുറിയിലേയ്ക്ക് പോന്നു..

Leave a Reply

Your email address will not be published. Required fields are marked *