ദേവരാഗം 1 [ദേവന്‍]

Posted by

ബസ്സിറങ്ങിയാലും വീട്ടിലേയ്ക്ക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്… കവലയില്‍ ഓട്ടോ കിടപ്പുണ്ടായിരുന്നു എങ്കിലും ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.. നാട്ടില്‍ വന്നിട്ട് കുറച്ചായില്ലേ.. എന്റെ നാടിന്‍റെ മണവും നിറവും ആസ്വദിച്ചുള്ള സായാഹ്ന സവാരി ഒരു പ്രത്യേക സുഖമാണ്.. ശീപോതിക്കാവിന്റെ അടുത്തൂടെ പാടം കടന്നു പോയാല്‍ വേഗം വീട്ടിലെത്താം… കാവിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു…

ദേവീ കാത്തു രക്ഷിക്കണേ…..

ആലിലകള്‍ ഇളക്കി വന്ന മാരുതന്‍ കാവിലെ കല്‍വിളക്കിന്‍റെ നെയ്ത്തിരി ഗന്ധവും പേറി എന്നെ തഴുകി കടന്നു പോയി.. അതിന്റെ കുളിര്‍മ്മയില്‍ ലയിച്ച് കുറച്ച് നേരം കൂടി ഞാനവിടെ നിന്നു..

കാവിനടുത്ത് നിന്ന് നോക്കിയാല്‍ തന്നെ ശ്രീമംഗലം കാണാം… ഒന്നര ഏക്കറില്‍ രണ്ടു നിലകളിലായി നിറഞ്ഞു നില്‍ക്കുന്ന ശ്രീമംഗലം ബംഗ്ലാവ്… സത്യത്തില്‍ ശ്രീമംഗലം എന്ന ഞങ്ങളുടെ പഴയ തറവാട് ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക്മാറിയാണ്‌.. പഴയ നാലുകെട്ട്.. അവിടെ ഇപ്പോള്‍ അച്ഛന്റെ ഏറ്റവും ഇളയ അനിയന്‍ സേതുമാധവന്‍ ചെറിയച്ചനും കുടുംബവുമാണ് താമസം.. ഇപ്പോള്‍ പക്ഷെ ശ്രീമംഗലം എന്ന്‍ അറിയപ്പെടുന്നത് ഞങ്ങളുടെ വീടാണു..

കാവിന്റെ അതിലെ വരുമ്പോള്‍ വീടിന്റെ പുറക് വശത്താണ് എത്തുക.. ആ ഭാഗത്ത് പാടത്ത്  നിന്നും നടകേറി വരുമ്പോള്‍ ഒരു ചെറിയ ഗെയിറ്റ് ഉണ്ട്… ഗെയിറ്റിന്റെ അടുത്ത് ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ട് ഭാസി അണ്ണന്‍ നില്‍പ്പുണ്ടായിരുന്നു. പുള്ളി വീട്ടിലെ കാര്യസ്ഥന്‍ കം ഡ്രൈവര്‍ ആണ്.. അച്ഛന്റെ വിശ്വസ്തന്‍…. പുള്ളിയെക്കണ്ടപ്പോള്‍ ഒരു നടയടി ഞാന്‍ പ്രതീക്ഷിച്ചു…

എന്താ ദേവാ വീട്ടിലേക്ക് വരണന്ന ചിന്തയോന്നുമില്ലേ.. ചെന്നപാടെ പുള്ളി എന്നെ വാരി… ഇതിലും ഭേദം നടയടിയാരുന്നു.. ഞാന്‍ ചെന്ന്‍ പുള്ളിയെ കെട്ടിപ്പിടിച്ചു..

മേത്ത് മുഴുവന്‍ വിയര്‍പ്പടാ.. നീ വിട്ടേ..

സാരമില്ല.. ഇപ്പോതന്നെ ഇതൊക്കെ മാറി എനിക്ക് കുളിക്കാനുള്ളതാ.. എത്ര നാളായി എന്റെ ഭാസി അണ്ണാ കണ്ടിട്ട്… അതുംപറഞ്ഞു ഞാന്‍ പുള്ളിയെ പതുക്കെ ഒന്ന്പൊക്കിയെടുത്ത് താഴെനിര്‍ത്തി…

ഹോ.. എന്റെ എല്ലോടിച്ചല്ലോടാ നീ.. അതും പറഞ്ഞു പുള്ളിക്കാരന്‍ തല്ലാന്‍ കൈ ഒങ്ങി വന്നപ്പോഴേക്കും ഞാന്‍ ഓടി..

അകത്തോട്ട് ചെല്ല് അമ്മ നിന്നെ കൊന്നോളും… പുള്ളി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..

സമയം ആറു കഴിഞ്ഞു… അമ്മയും ചെറിയമ്മയും പിള്ളേരും എല്ലാം വന്നു കാണും എന്ന്‍ എനിക്കറിയാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *