10 മാസങ്ങള്‍ക്ക് മുന്പ് ആണ് ശ്രീമംഗലത്തിന്റെ സന്തോഷങ്ങളുടെ താക്കോലായിരുന്ന ഞങ്ങളുടെ മോനൂട്ടനെ ദൈവം തിരിച്ചെടുത്തത്… മൂന്ന്‍ മക്കള്‍ക്ക് ശേഷം പ്രസവം നിറുത്തിയ അമ്മ ദൈവനിശ്ചയം പോലെ 6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായിരുന്നു… പിന്നെ 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീമംഗലത്തെ സന്തോഷത്തില്‍ ആറാടിച്ചുകൊണ്ട് അവന്‍ പിറന്നു.. ഞങ്ങളുടെ മൊനൂട്ടന്‍, “ഗൗതം രാജശേഖര്‍”.. അവനെ ഏറ്റവും ഇഷ്ടമായിരുന്നത് എന്റെ അനിയത്തി മുത്ത് എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ദിവ്യയ്ക്കായിരുന്നു, അവള്‍ക്ക് താഴെ പിന്നെ ദീപു എന്ന ദീപക്കും. എന്നെക്കാള്‍ 12 വയസ്സിനു ഇളയവനായി പിറന്ന മോനൂട്ടന്‍ എനിക്കെന്റെ സ്വന്തം മോന്‍ തന്നെയായിരുന്നു.
എന്റെ അമ്മയേക്കാള്‍ മോനൂട്ടനെ നോക്കിയിരുന്നത് ചെറിയച്ചന്റെ ഭാര്യ മീന ചെറിയമ്മയും മുത്തും ഞാനും ആയിരുന്നു… ഞങ്ങള്‍ അവനെ നിലത്ത് വയ്ക്കാതെയാണ് വളര്‍ത്തിയത് .. പക്ഷെ എട്ടാം വയസ്സില്‍ അവന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു… സ്കൂളില്‍ നിന്നും സൈക്കിളില്‍ വരികയായിരുന്ന മോനൂട്ടനെ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…
മരണത്തിന്റെ അറുപത്തി ഒന്നാം നാള്‍ അവന്റെ ആത്മാവിനു വേണ്ടി നടന്ന പൂജയും കഴിഞ്ഞു കോളേജില്‍ പോയ ഞാന്‍ പിന്നെ ഇന്നാണ് തിരിച്ചു വരുന്നത്…കോളേജില്‍ എത്തി പഠനത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോഴും പക്ഷെ മോനൂട്ടന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍… അവന്‍ നഷ്ടപ്പെട്ടു എന്ന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നാട്ടിലേയ്ക്ക് കുറച്ചു കാലത്തേക്കെങ്കിലും പോകണ്ട എന്ന്‍ തീരുമാനിച്ചത്… അവന്‍ ഇപ്പോഴും വീട്ടിലുണ്ട് എന്ന്‍ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം… എന്റെ വിഷമം നന്നായി അറിയാമായിരുന്ന വീട്ടുകാരാരും ഫോണ്‍ വിളിക്കുമ്പോള്‍ അവന്റെ കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു…
അതിനിടയില്‍ ആദി വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി… ഒന്നാം വര്ഷം ഡിഗ്രിയ്ക്ക് പഠിക്കുന്ന അവള്‍ കോളേജിലെ ഫ്രണ്ട്സിന്റെ കാര്യമൊക്കെ രാത്രികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ പറയുമായിരുന്നു.. വായാടിയായ അവള്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കും, ഇടയ്ക്ക് മൂളും എന്നതല്ലാതെ പഴയത് പോലെ അവളോട് റൊമാന്റിക്കാവാനും, അവളെ കൊഞ്ചിക്കാനുമൊന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആദ്യമാദ്യമൊക്കെ എന്റെ വിഷമം മനസ്സിലാക്കി അവള്‍ എന്നെ ആശ്വസിപ്പിക്കുമായിരുന്നു…. പിന്നെപ്പിന്നെ എന്റെ മനോഭാവം ഞങ്ങള്‍ക്കിടയില്‍ പിണക്കങ്ങള്‍ക്ക് കാരണമായി…
ഇതിനിടയില്‍ അവളുടെ സീനിയറായ വരുണ്‍ എന്ന പയ്യനുമായുള്ള അവളുടെ ഫ്രണ്ട്ഷിപ്പ് അവന്‍ മുതലെടുക്കുന്നുണ്ടോയെന്ന്‍ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു… ആദിയുടെ ക്ലാസ്മേറ്റും അടുത്ത കൂട്ടുകാരിയുമായ ഗീതുവിന്റെ കാമുകനായിരുന്നു വരുണ്‍.. കോളേജിലെത്തിയാല്‍ ആദി ഇപ്പോഴും ഗീതുവിനൊപ്പമാണ് അങ്ങനെയാണ് വരുണും ആദിയും തമ്മില്‍ പരിചയമാകുന്നത് …