ആദ്യമായി വാങ്ങിയ ബെെക്കിൽ അച്ഛനെയും അമ്മയെയും കയറ്റിയപ്പോഴും ഉമ്മറത്ത് നനുത്ത ചിരിയുമായി അവൾ നിൽപ്പുണ്ടായിരുന്നു….”അവളെ കൂടെ ഒന്നു കയറ്റെടാ മോനേ…” എന്ന് അമ്മ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയ താൻ വീണ്ടും ഒരു കാരണവുമില്ലാതെ അവൾക്ക് മുന്നിൽ ജയിക്കുകയായിരുന്നു……
അന്ന് വെെകിട്ട് അമ്മ തൻെറ മുറിയിലേക്ക് വന്നു.. ” വിനൂട്ടാ… അവൾ നിനക്ക് ശത്രുവല്ല… നിൻെറ അനിയത്തിയാണ്.. നിൻെറ അതേ ചോര… എൻെറ വയറ്റിൽ പിറന്നതാ നിങ്ങൾ രണ്ടും.. അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഒരു വേർതിരിവും ഞാനോ അച്ഛനോ നിങ്ങളോട് കാണിച്ചിട്ടില്ല… പിന്നെ എന്തിനാ നീ അവളെ തോൽപ്പിക്കാൻ നോക്കണേ……. നീ അവളെ തലേൽ വെച്ചോണ്ട് നടക്കണ്ട.. പക്ഷേ ഒരു മനുഷ്യ ജീവി ആണെന്നുള്ള പരിഗണന എങ്കിലും കൊടുത്തൂടെ നിനക്ക്…… ”
അമ്മയുടെ വാക്കുകൾ ഞാൻ മൗനമായി കേട്ടിരുന്നതേ ഉള്ളൂ….” ആ്… അവൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്.. ഒന്നൂടെ അന്വേഷിച്ചിട്ട് അത് ഉറപ്പിയ്ക്കാന്നാ അച്ഛൻ പറയണേ… നീയല്ലേ അവൾടെ ഒരേ ഒരേട്ടൻ… നീ വേണം എല്ലാത്തിനും മുന്നിൽ…
പിന്നേയ്… അവര് എൻെറ മോളെ കണ്ട് ഇഷ്ടപ്പെട്ട് വന്നതാ.. നിറം കുറവാണേലും എൻെറ കുട്ടീടെ സ്വഭാവം തനി തങ്കമാ… കേട്ടോടാ…”.. ഇതും പറഞ്ഞ് അമ്മ എഴുന്നേറ്റു പോയപ്പോൾ തനിക്ക് അത് കൊണ്ടുവെങ്കിലും അവളുടെ കല്ല്യാണത്തോടെ അവൾ ഈ വീട്ടിൽ നിന്നും പോകുമല്ലോ എന്ന് സ്വാർത്ഥമായി ചിന്തിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ… അമ്മ പറഞ്ഞതു പോലെ അവളെ കണ്ട് ഇഷ്ടപ്പെട്ട് അവളെ അറിഞ്ഞ് വന്നവരായിരുന്നു ആ വീട്ടുകാർ..
അതുകൊണ്ട് തന്നെയാണ് ആ കല്ല്യാണം എല്ലാവരുടെയും പൂർണസമ്മതത്തോടെ നടത്താൻ തീരുമാനിച്ചത്…വിരുന്നിന് ആദ്യമായി സാരിയുടുത്ത് തൻെറ മുന്നിൽ വന്ന് നിന്ന അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നപ്പോൾ അവളുടെ കണ്ണ് കലങ്ങിയത് എന്നത്തെയും പോലെ കണ്ടില്ലെന്ന് തന്നെ നടിച്ചു……. കല്ല്യാണപെണ്ണിൻെറ ആങ്ങളായി എല്ലാ ചുമതലയും നിറവേറ്റി നടക്കുമ്പോഴും അവളുടെ അരികത്ത് ഇരിക്കാൻ മാത്രം തനിക്ക് തോന്നിയില്ല……
ഇന്ന്…. ഈ നിമിഷം….. ആദ്യമായി താൻ ഈ വീട്ടിൽ അവളുടെ സാമിപ്യം കൊതിച്ച് പോകുന്നു… ആദ്യമായി ഒരേ ചോരയുടെ വില തനിക്ക് മനസിലാകുന്നു… എന്തിന് വേണ്ടിയാണ് താൻ അവളെ തോൽപ്പിക്കാൻ നോക്കിയിരുന്നത്… ജയിച്ചിരുന്നുവെന്ന് ഞാൻ വിശ്വസിച്ച നിമിഷങ്ങളിലൊക്കെയും സത്യത്തിൽ താൻ തോൽക്കുകയായിരുന്നില്ലേ………കണ്ണടയ്ക്കുമ്പോൾ കല്ല്യാണപ്പെണ്ണായി ഒരുങ്ങി നിന്ന് തന്നെ നോക്കി കരയുന്ന അവളുടെ മുഖമാണ് മനസിൽ….