അയാൾ തന്റെ വലതുവശത്തുവച്ച ഉരുളിയിലേക്കുനോക്കി.
പക്ഷെ ഉരുളിയിൽ ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ല.
മാർത്താണ്ഡൻ അലറിവിളിച്ചു.
അയാൾ കുറച്ചുഭസ്മമെടുത്ത് അഗ്നിയിലേക്ക് അർപ്പിച്ചു.
ഉടനെ ഗൗരി നിലവിളിക്കാൻ തുടങ്ങി.
എന്തുസംഭവിച്ചെന്നറിയതെ മാർത്താണ്ഡൻ അല്പനിമിഷം അചലനായി നിന്നു.
അവൾ പതിയെ ആ കളത്തിലേക്ക് ഇരുന്നു.
ഗൗരിയുടെ ചലനങ്ങൾ കണ്ട മാർത്താണ്ഡൻ അപകടം മണത്തു.
പണ്ട്, തനിക്ക് മന്ത്രങ്ങൾ പഠിപ്പിച്ചുതന്ന തന്റെ ഗുരു പറഞ്ഞ വാക്കുകൾ അയാൾ ഒരുനിമിഷം ഓർത്തു.
“ഷോഡസ പൂജചെയ്യുന്ന മാന്ത്രികന്റെ മനോബലം നഷ്ട്ടപ്പെട്ടാൽ പിന്നെ അയാളുടെ നാശമായിരിക്കും ഫലം.
കാരണം, കന്യകയായ ഒരുപെണ്കുട്ടിയെ വച്ചാണ് പൂജചെയ്യുന്നത്.
അവളുടെ ബോധമണ്ഡലം മറച്ചിട്ടില്ലായെങ്കിൽ ഏതു നിമിഷവും ഒരു ദൈവീക ഇടപെടൽ ഉണ്ടാകും തന്മൂലും മൃത്യു വരിക്കേണ്ടി വരും.”
ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞുനോക്കി.ഉപാസനാമൂർത്തിയുടെ കാൽച്ചുവട്ടിൽ തന്റെ സർവ്വശക്തിയും അടിയറവ് വച്ചിരിക്കുന്നു.
പൂജകഴിയാതെ അതെടുത്താൽ ഇതുവരെ സംഭരിച്ച ശക്തിയെല്ലാം തനിക്ക് നഷ്ട്ടമാകുകയും ചെയ്യും.
എന്തുചെയ്യണമെന്നറിയാതെ അയാൾ അഗ്നിയിലേക്കുനോക്കി.
പതിയെ ഗൗരിയുടെ ശബ്ദത്തിന് മാറ്റം സംഭവിച്ചു തുടങ്ങി.
കെട്ടിവച്ച മുടിയിഴകൾ താനെ അഴിഞ്ഞുവീണു.
സർവ്വചരാചരങ്ങളെയും ശുദ്ധിയാക്കുന്ന അഗ്നി ശാന്തമായി.
കത്തിച്ചുവച്ച നിലവിളക്കിലെ ചുവന്ന തിരികൾ ഓരോന്നായി അണഞ്ഞു.
“ഹ..ഹ..ഹ, ”
ഗൗരി അട്ടഹസിക്കാൻ തുടങ്ങി.
“അസ്തമിക്കാറായി മാർത്താണ്ഡാ നീ..”
ഗൗരിയുടെ ശബ്ദംകേട്ട മാർത്താണ്ഡൻ പകച്ചുനിന്നു.
“ഈയൊരു ദിവസത്തിനായിട്ടായിരുന്നു ഞാൻ കാത്തിരുന്നത്..”
മുഖത്തേക്ക് ഒതുങ്ങിയ അവളുടെ മുടിയിഴകൾ ഇളംങ്കാറ്റിൽ പതിയെ പാറിനടന്നു.
“ആ…ആരാ നീ ?..”
പകച്ചുനിന്ന മാർത്താണ്ഡൻ ചോദിച്ചു.
ഓലമേഞ്ഞ വാതിൽ തകർത്ത് ശക്തമായ കാറ്റ് അകത്തേക്ക് പ്രവേശിച്ചു.
തൂക്കുവിളക്കിന്റെ പ്രകാശം മാത്രം ചുറ്റിലും പരന്നു.
പക്ഷെ ആഞ്ഞുവീശിയ കാറ്റിൽ അതും അണഞ്ഞു.
ലോകത്തെ കീഴടക്കിയെന്നുവിചാരിച്ച മാർത്താണ്ഡന്റെ ഉള്ളിൽ ചെറിയ ഭയം അനുഭവപ്പെടാൻ തുടങ്ങി.
“നിനക്കറിയണോ ഞാനാരാണെന്ന്.?”
മാർത്താണ്ഡൻ വരച്ച കളത്തിലിരിക്കുന്ന ഗൗരിയുടെ ശരീരത്തിൽനിന്നും ഒരു സ്ത്രീരൂപം പുറത്തേക്കുവന്നു.
ഓലമേഞ്ഞ കുടിലിൽ നിറയെ കോടവന്നുനിറഞ്ഞു.
അപ്പോഴും ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു.
പതിയെ ആ സ്ത്രീരൂപം നിലം സ്പർശിക്കാതെ നിന്നു.
മാർത്താണ്ഡൻ ഗൗരിയെയും, സ്ത്രീരൂപത്തെയും മാറിമാറി വീക്ഷിച്ചു.
കളത്തിലിരുന്ന ഗൗരി ഉടനെ കുഴഞ്ഞുവീണു.
അതേനിമിഷം ആ സ്ത്രീരൂപം വലുതാകാൻ തുടങ്ങി, സൂക്ഷിച്ചുനോക്കിയ മാർത്താണ്ഡൻ ഞെട്ടിത്തരിച്ചുനിന്നു.