അതിൽ എഴുതിയിരുന്നത് ” നിനക്കോർമയുണ്ടോ ഞാൻ ആദ്യമായി നിന്നെ വന്നു കണ്ട ഞാവലിനെ ചുവടു. അവിടെ നിനക്കായി ഞാനൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്… വേഗം വാ – ബാലു “
ഇതാണാ വെപ്രാളത്തിന്റെ കാരണം, അപ്രതീക്ഷിതമായി ബാലു എന്ന പേര് കേട്ടപ്പോൾ പിന്നെയൊന്നും ചിന്തിക്കാൻ നളിനിക്കായില്ല. പഴയ ഓർമ്മകൾ എല്ലാം അവളിലേക്ക് തിരികെ വന്നു, നെഞ്ചിടിപ്പ് കൂടി. കറിക്കരിഞ്ഞിരുന്ന മുറം താഴെ വെച്ചു നളിനി എഴുന്നേറ്റ് പിന്നാമ്പുറത്തേക്കു പോയി. ഞാനും ഉമ്മറത്തുകൂടി വീടിന്റെ പിറകിലേക്ക് വന്നു.
ഞാൻ പിന്നാമ്പുറത്തേക്കു എത്തിയതും നളിനി പറമ്പിലേക്കിറങ്ങി നടന്നിരുന്നു. ഞാൻ അവളറിയാതെ ഒരു സുരക്ഷിത ദൂരത്തിൽ അവളെ പിന്തുടർന്നു. അവളുടെ ആ നടപ്പ് അവസാനിച്ചത് പറമ്പിലെ ഞാവലിനെ ചുവട്ടിലാണ്. അവൾക്ക് വേണ്ടി ഞാൻ മറ്റൊരു കത്ത് അവിടെ വെച്ചിരുന്നു. നളിനി ആ കടലാസ് തുറന്ന് വായിക്കാൻ തുടങ്ങി.
” ഈ ഞാവൽ ചുവടും ഇവിടുന്നു പെറുക്കി കഴിച്ച ഞാവൽ പഴങ്ങളും നമ്മുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാലമെത്രെ കഴിഞ്ഞാലും നമ്മൾ ഒന്നുചേർന്നതിനു വേണ്ടി അവർ കാത്തിരിക്കും. നിനക്ക് മഞ്ചാടി മണികൊണ്ടൊരു മാല തരാമെന്നു പറഞ്ഞതോർമ്മയുണ്ടോ… ആ മഞ്ചാടി മരത്തിന്റെ ചുവട്ടിൽ ഞാൻ വെച്ചിട്ടുണ്ട്… വാ… വന്നെടുത്തോ.. – ബാലു “
നളിനി ഈ കത്ത് വായിച്ച് നെഞ്ചോടു ചേർത്തുപിടിച്ചു മുകളിലേക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ടു കിതച്ചു. മാലതി അവിടെ നിന്നും നടന്ന് മഞ്ചാടിയുടെ ചുവട്ടിലെത്തി. മഞ്ചാടിയുടെ ചുവട്ടിലെ പൊതിയിൽ അവളെ കാത്തിരുന്നത് കുന്നികുരുവും മഞ്ചാടിയും ചേർന്ന് ഉണ്ടാക്കിയ ഭംഗിയുള്ള ഒരു മാലയായിരുന്നു. ഈ മാല യഥാർത്ഥത്തിൽ ബാലു നളിനിക്ക് സമ്മാനിച്ച മാലതന്നെയായിരുന്നു.
ഈ സന്ദർഭത്തിലെ വൈകാരിക നിമിഷങ്ങളുടെ ആഴം കൂട്ടാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. നളിനി പൊതി തുറന്ന് മഞ്ചാടി മാല പുറത്തെടുത്തു നല്ല വണ്ണം നോക്കി. ആ മാല കണ്ടതും നളിനിയുടെ ഉള്ളിലെ വീർപ്പുമുട്ടലെല്ലാം കണ്ണീരായി പുറത്ത് വന്നു. അവളുടെ ആകാംഷ കൂടി കൂടി വന്നു. ബാലുവിനെ ഒരു നോക്ക് കാണാൻ അവൾ തിടുക്കം കൂട്ടി. നളിനി ആ കത്ത് വായിക്കാൻ തുടങ്ങിയതും ഞാൻ നേരെ കുളക്കടവിലേക്ക് ഓടി. ആ കത്തിൽ എഴുതിയിരുന്നത്..