ആ കമ്പനിയുടെ അഞ്ചു റൌണ്ട് ഇന്റര്‍വ്യൂ കടന്ന ഏഴു പേരില്‍ ഒരാള്‍ ആയി ഞാന്‍ മാറി. തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്നറിയാന്‍ ഇനി മൂന്ന് ദിവസം കൂടി സമയമുണ്ട്. എനിക്ക് ഭയങ്കര ടെന്‍ഷന്‍. ഈ സമയം ലെച്ചുവുമായി ഒന്ന്‍ സംസാരിച്ചാല്‍ എന്റെ ടെന്‍ഷന്‍ തീരും. അന്നത്തെ ഉടക്കിനു ശേഷം അവളെ ഫോണ്‍ ചെയാന്‍ എന്റെ ഈഗോ സമ്മതിച്ചില്ല.
രണ്ടാമത്തെ ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് ലെച്ചുവിന്റെ ഒരു മെസ്സേജ് (sms) വന്നു.
“Cngrts, exptng a grnd treat :-)”
ഞാന്‍ കോളേജില്‍ പോയി നോക്കുമ്പോള്‍ ആണ് കമ്പനി സെലക്ട് ചെയ്തവരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഞാനും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കെഷന്‍ എഞ്ചിനീയറിംഗിലെ ഒരു പയ്യനും. ഞാൻ തിരിഞ്ഞ് എന്റെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ മുന്നിൽ ലെച്ചുവിനെ കണ്ടു. അവളെ കണ്ടതും എന്റെ മുഖം വിടർന്നു. അവളോട് സംസാരിക്കാനായി ഞാൻ അടുത്തേക്ക് നടന്ന്. എന്നെ കണ്ടത് അവള് വേഗം തിരിഞ്ഞു നടന്നു. ജോലി കിട്ടിയ സന്തോഷം ഉണ്ടായിരുന്നെങ്കിലും ലെച്ചുവിന്റെ അവഗണന എന്നെ വേദനിപ്പിച്ചു.
കാലം മുന്നോട്ട് തന്നെ ഒഴുകി കൊണ്ടേ ഇരുന്നു. ഞാന്‍ ഏഴാം സെമസ്റ്റര്‍ കഴിഞ്ഞു എട്ടാം സെമസ്ററിലേക്ക് കാലെടുത്തു വെച്ചു. ലെച്ചുവും ഞാനും തമ്മില്‍ ഇപ്പോള്‍ നല്ല അടുപ്പത്തില്‍ ആണ്. ഞാനും അവളും പരസ്പരം നാലാം സെമസ്ററില്‍ വെച്ചു ഇഷ്ടം സമ്മതിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി. അവളെ പ്ലേസ്മെന്റിനായി ഞാന്‍ സഹായിക്കാം എന്നറിയിച്ചു. അവള്‍ക്ക് ഇപ്പോള്‍ പ്ലേസ്ഡ് ആയില്ല എന്ന ഒരു സങ്കടം മാത്രമേ ഉള്ളൂ.
ഞങ്ങള്‍ വീണ്ടും പഴയ പോലെ ലൈബ്രറിയില്‍ കണ്ടുമുട്ടാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് ആപ്ടിട്യൂഡ് പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി. എട്ടാം സെമസ്റര്‍ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ. ഞങ്ങളുടെ ഭാവി ഭദ്രമാക്കാനായി അവള്‍ക്കും ജോലി കിട്ടി. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ഇപ്പോള്‍ അവള്‍ക്കും ജോലി ആയി. ആ സന്തോഷം അവളുമായി പങ്കിടാന്‍ പോകുമ്പോള്‍ ആണ് എന്റെ ജീവിതം തുലച്ച സംഭവങ്ങള്‍ നടക്കുന്നത്.
പ്ലേസ്മെന്റ് ഓഫീസില്‍ ലെച്ചുവിനു ജോലി കിട്ടി എന്നത് നോട്ടീസ് ബോര്‍ഡില്‍ കണ്ടു സന്തോഷത്തില്‍ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ ആണ് എന്റെ റൂംമേറ്റ് മനോജ് ഓടി വന്നത്. ഞാനും ലെച്ചുവുമായി ഉള്ള പ്രേമം അറിയാവുന്ന ഒരേ ഒരാള്‍ മനോജ് ആണ്. അവന്‍ എന്നെയും കൂട്ടി സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കിലേക്ക് നടന്നു. അതിനിടയില്‍ അവന്‍ കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചു. ലക്ഷ്മിയും വിപിനും കൂടി കാറില്‍ കയറി പോകുന്നത് അവന്‍ കണ്ടു. എനിക്ക് അതില്‍ അസ്വാഭാവികത തോന്നിയിലെങ്കിലും പിന്നെ അവന്‍ പറഞ്ഞ കാര്യം ആണ് എന്നെ തകര്‍ത്തത്. ലെച്ചുവും വിപിനും കൂടി കാറില്‍ വെച്ചു ചുണ്ടോട് ചുണ്ട് ഉമ്മ വെക്കുന്നതും അവന്‍ കണ്ടു. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.