“അര്‍ജുന്‍ നീ ഇപ്പോള്‍ പോകു. നമ്മുക്ക് പിന്നെ സംസാരിക്കാം.”
ലക്ഷ്മിയുടെ വാക്ക് കേട്ടു ഞാന്‍ എന്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോയി. ഒന്നര മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്റെ കതകില്‍ അധികം ശബ്ദം ഉണ്ടാക്കാത്ത ഒരു മുട്ട് കേട്ടു. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ മുന്നില്‍ ലക്ഷ്മി. അവള്‍ എന്റെ കൂടെ എന്റെ ഫ്ലാറ്റിലേക്ക് കയറി. ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“ലെച്ചു നീ എന്തിനാ ഇങ്ങനെ അവന്റെ അടി കൊള്ളുന്നത്. നിനക്ക് ഈ ബന്ധം നിര്‍ത്തി കൂടെ.”
“അജൂ അത് അത്രക്കും എളുപ്പം അല്ല. ഞാന്‍ എന്റെ കര്‍മ്മഫലം ആണ് അനുഭവിക്കുന്നത്.”
“കര്‍മ്മഫലം. ബുള്‍ഷിറ്റ്!”
“സത്യം അജു. ആദ്യം നിന്നെ പിന്നെ എന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്റെ നന്മ ആഗ്രഹിച്ച എല്ലാവരെയും ഞാന്‍ വെറുപ്പിച്ചു. വിപിനു വേണ്ടി. അതിന്റെ കര്‍മ്മഫലം ഞാന്‍ അനുഭവിക്കുകയാണ്.”
ഞാന്‍ ലക്ഷ്മിയുമായി കുറെ നേരം സംസാരിച്ചു. അവള്‍ ചുരുങ്ങിയ വാക്കുകളില്‍ അവളുടെ കഥ പറഞ്ഞു.
“കോഴ്സ് കഴിഞ്ഞതിനു ശേഷം ഞാന്‍ പ്ലേസ്മെന്റ് കിട്ടിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ട്രെയിനിങ്ങിനു ശേഷം എന്റെ ആദ്യത്തെ പോസ്റ്റിങ്ങ് ബാംഗ്ലൂരില്‍ ആയിരുന്നു. ഞാന്‍ ബാംഗ്ലൂരില്‍ ആയപ്പോള്‍ വിപിനും ഇവിടെ വന്നു. ഞങ്ങള്‍ ഒരുമ്മിച്ചു ഈ ഫ്ലാറ്റ് വാടകക്ക് എടുത്തു താമസിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി എന്ന്‍ അറിഞ്ഞപ്പോള്‍ എനെറെ അച്ഛനും അമ്മയും എതിര്‍ത്തു. അന്ന്‍ അവരോടു ഞാന്‍ വിപിനു വേണ്ടി തല്ലു കൂടി. ഞങ്ങള്‍ ഒരുമിച്ചു ഉള്ള താമസം ആദ്യം ഒക്കെ രസമായിരുന്നു. വീട് നല്ലവണ്ണം നടക്കാന്‍ എന്റെ ശമ്പളം മാത്രം മതിയായിരുന്നു. പക്ഷെ വിപിന്‍റെ ധൂര്‍ത്ത്. അവന്റെ ധൂര്‍ത്തിന് മാത്രം എന്റെ ശമ്പളം തികയില്ലായിരുന്നു. ഒരു ദിവസം അവനോടു എനിക്ക് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. പ്ലസ് ടൂ മതി കാള്‍ സെന്റെര്‍ ജോലി ലഭിക്കാന്‍ അല്ലെങ്കില്‍ അവനോടു ഞാന്‍ ബിടെക് സപ്ലി എഴുതി എടുക്കാന്‍ പറഞ്ഞു. അന്ന്‍ അവന്‍ എന്നോട് സംസാരിക്കാതെ ഇരുന്നു. അടുത്ത മൂന്നാല് ദിവസത്തേക്ക് ഞാന്‍ എന്നാ മനുഷ്യജീവി ഇവിടെ ഉണ്ട് എന്നാ പരിഗണന കൂടി തരാതെ അവന്‍ എന്നെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. വിപിന്‍റെ ഇന്‍സെക്യൂരിറ്റി കാരണം ഞാന്‍ ഓഫീസില്‍ സൌഹൃദങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. ഓഫീസിലെ ആരോടെങ്കിലും ഞാന്‍ മിണ്ടിയാല്‍ അത് മുട്ടന്‍ വഴക്ക് ആവുന്നത് കൊണ്ട് എനിക്ക് ഓഫീസില്‍ ഒരു സൌഹൃദവും ഉണ്ടായിരുന്നില. അവന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ എനിക്ക് ആരും സംസാരിക്കാന്‍ ഇല്ലാതെ ആയി.