ഞാന്‍ വീണ്ടും മാസികയുമായി മല്‍പിടുത്തം തുടര്‍ന്നു. അപ്പോഴേക്കും പുറത്ത് വന്ന പ്രേമെട്ടനുമായി ഞാന്‍ സംസാരം തുടര്‍ന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മാലിനി മേനോന്‍ പുറത്തേക്ക് വന്നു.ഇപ്പോള്‍ അവരുടെ കൂടെ പ്രേമേട്ടന്റെ മക്കളായ അമ്മുവും കണ്ണനും ഉണ്ടായിരുന്നു. അമ്മുവിനേയും കണ്ണനെയും സീത ചേച്ചിയെ ഏല്പിച്ചു മാലിനി മേനോന്‍ പുറത്തേക്ക് വന്നു. അവര്‍ പുറത്ത് വന്നപ്പോള്‍ അവരുടെ കൈയില്‍ ഒരു സീല്‍ പൊട്ടിക്കാത്ത ഐ പാഡ് മിനി ഉണ്ടായിരുന്നു. അത് എന്റെ നേരെ നീട്ടിയിട്ട്.
“ഇത് അര്‍ജുന് എന്റെ വക ഒരു ചെറിയ സമ്മാനം.”
“താങ്ക്സ് മാടം.” ഞാന്‍ ആ ഐ പാഡ് വാങ്ങി കൊണ്ട് പറഞ്ഞു.
“എന്നെ മാടം എന്നൊന്നും വിളിക്കണ്ട. കാള്‍ മി മാലിനി. അല്ലെങ്കില്‍ വേണ്ട എന്നെ ചേച്ചി എന്ന് വിളിച്ചു കൊള്ളൂ. ഓഫീസില്‍ എന്നെ കളിയാക്കി എല്ലാവരും ചേച്ചി എന്ന് വിളിക്കും. പക്ഷെ മലയാളികള്‍ വിളിക്കുമ്പോള്‍ അതില്‍ ഒരു സിന്സിയാരിറ്റി ഉണ്ട്. അത് കൊണ്ട് ചേച്ചി എന്ന് വിളിച്ചു കൊള്ളൂ.”
ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി. മാലിനി ചേച്ചി തുടര്‍ന്നു.
“അര്‍ജുനെ പറ്റി പ്രേമിന് നല്ല അഭിപ്രായം ആണ്. ഞങ്ങള്‍ക്ക് ഒരു പ്രോഗ്രാമറെ വേണം. അര്‍ജുന്‍ റെസ്യൂം എനിക്ക് അയക്കു. ഇതാണ് എന്റെ മെയില്‍ ഐഡി.”
“സോഫ്റ്റ് കോപ്പി ഉണ്ടോ നിന്റെ കൈയില്‍?” പ്രേമേട്ടന്റെ ചോദ്യം എന്നോട്.
“മെയിലില്‍ ഉണ്ട്.” ഞാന്‍ തലയാട്ടി കൊണ്ട് മറുപടി പറഞ്ഞു.
“എന്നാല്‍ പിന്നെ ഇവിടെ നിന്നു തന്നെ അയച്ചു കൊള്ളൂ. ഇനി അത് വൈകീക്കണ്ടല്ലോ.” പ്രേമേട്ടന്‍ ഇത് പറഞ്ഞു കൊണ്ട് ഉള്ളില്‍ നിന്നും ലാപ്ടോപ് എടുത്തു വന്നു. ഞാന്‍ ഉടനെ തന്നെ എന്റെ റെസ്യൂം മാലിനി ചേച്ചിക്കും പ്രേമേട്ടനും അയച്ചു. മാലിനി ചേച്ചി മൊബൈലില്‍ നോക്കി കൊണ്ട് കിട്ടി എന്ന് പറഞ്ഞു. പിന്നെ മൊബൈല്‍ എടുത്ത് മാറി നിന്നു ആരോടോ സംസാരിച്ചു. സംസാരം കഴിഞ്ഞു എന്റെ അടുത്ത് വന്ന്‍ എന്നോട് പറഞ്ഞു.
“ഞാന്‍ എച് ആറിനു ഫോര്‍വേഡ് ചെയ്തു. ഒരു ആഴ്ചക്കുള്ളില്‍ ഇന്റര്‍വ്യൂ പ്രതീക്ഷിക്കാം. ഒരു ആഴ്ചക്കുള്ളില്‍ ഇന്റര്‍വ്യൂ വിളിചിട്ടിലെങ്കില്‍ പ്രേമിനോട് പറഞ്ഞാല്‍ മതി.”
രണ്ടു ദിവസം മാലിനി ചേച്ചി അവിടെ ഉണ്ടായിരുന്നു. ആ രണ്ടു ദിവസം ഒരു ഉത്സവം തന്നെ ആയിരുന്നു. ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാന്‍ മാലിനി ചേച്ചി, സീത ചേച്ചി പിന്നെ കുട്ടികള്‍ എല്ലാവരും കൂടി സിറ്റി ഒക്കെ മുഴുവന്‍ കറങ്ങി കുറെ ഷോപ്പിങ്ങും ചെയ്തു രണ്ടു ദിവസം അടിച്ചു പൊളിച്ചു.പക്ഷെ ഇതിനിടയില്‍ എല്ലാം ചേച്ചിയെ എനിക്ക് എവിടെ വെച്ചു ആണ് കണ്ട പരിചയം എന്ന തോന്നല്‍ എന്റെ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരുന്നു.
മാലിനി ചേച്ചി പോകാന്‍ ഉള്ള സമയം ആയപ്പോള്‍ പ്രേമേട്ടന്‍ എന്നോട് മാലിനി ചേച്ചിയെ എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ പറഞ്ഞു.