ഞാന്‍ അങ്ങനെ പ്രേമേട്ടന്റെ അടുത്തേക്ക് പോയി. കാര്യമാത്രമായി സംസാരിക്കുന്ന ഒരാള്‍. പുള്ളിയെ കണ്ടു സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഒരു അടിമപ്പണിക്കാണ് ഞാന്‍ എത്തിയത് എന്ന്. കാര്യമായ ശമ്പളം ഒന്നും ഉണ്ടാവില്ല. സാരമില്ല ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ എനിക്ക് ഇതാണ് നല്ലത്.
പരീക്ഷയുടെ റിസള്‍ട്ട് വന്നു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാ വിഷയത്തിനും ഒരു ഡിജിറ്റ് മാര്‍ക്ക് മാത്രം. പ്രേമേട്ടന്റെ പറഞ്ഞ പ്രകാരം ഞാന്‍ കമ്പനിയിലേക്ക് ഒരു മെയില്‍ അയച്ചു. അസുഖം കാരണം പരീക്ഷ മര്യാദക്ക് എഴുതാന്‍ പറ്റിയില്ല അത് കൊണ്ട് ജോയനിംഗ് ഡേറ്റില്‍ എക്സ്റ്റന്‍ഷന്‍ തരണം എന്ന്‍ പറഞ്ഞു. പക്ഷെ കമ്പനി HR അത് നിഷ്കരുണം തള്ളി എന്റെ ഓഫര്‍ അവര്‍ തിരിച്ചെടുത്തു. ഞാന്‍ ഇത് പ്രതീക്ഷിച്ചത് കാരണം അത്ര സങ്കടം ഉണ്ടായില്ല.
പ്രേമേട്ടന്റെ കൂടെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആണ് പുള്ളി സോഫ്റ്റ്‌വെയര്‍ ടെക്നോളജിയുടെ കാര്യത്തില്‍ ഒരു സഞ്ചരിക്കുന്ന എന്സൈക്ലോപെഡിയ ആണ് എന്ന് മനസ്സിലായത്. പുള്ളി എന്നെ ശരിക്കും പഠിപ്പിച്ചു. മൂന്ന്‍ മാസം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിക്കുക ആയിരുന്നു. അപ്പോഴേക്കും എന്റെ സപ്ലി പരീക്ഷയുടെ സമയമായി. പക്ഷെ ഇത്തവണ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിരുന്നു. പരീക്ഷ എല്ലാം അടിപൊളി ആയി എഴുതി ഞാന്‍ തിരിച്ചു പ്രേമേട്ടന്റെ അടുത്തേക്ക് ചെന്നപ്പോള്‍ പുള്ളി എനിക്ക് ആദ്യത്തെ പ്രൊജക്റ്റ് ശരി ആക്കി വെച്ചിട്ടുണ്ടായിരുന്നു.
ചെന്നൈയില്‍ ഉള്ള ഒരു കമ്പനിയുടെ പ്രൊജക്റ്റ് ആയിരുന്നു. പ്രൊജക്റ്റിന്‍റെ ഭാഗമായി ചെന്നൈയില്‍ കുറച്ചു ദിവസം നില്‍ക്കേണ്ടി വന്നു. പക്ഷെ സംഭവം കൊള്ളാം. പക്ഷെ എന്നെ അമ്പരിപ്പിച്ചത് പ്രൊജക്റ്റ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രേമേട്ടന്‍ എന്റെ ശമ്പളം തന്നപ്പോള്‍ ആണ്. ഏകദേശം ഒന്നര ലക്ഷം രൂപയോളം പുള്ളി എന്റെ അകൌണ്ടില്‍ ഇട്ടിരുന്നു. ആ പ്രൊജക്റ്റിന്‍റെ പേയ്മെന്റില്‍ സിംഹഭാഗവും പുള്ളി എനിക്ക് തന്നു. പിന്നെ പുള്ളിയുടെ കൂടെ ഉള്ള ജീവിതം അടിപൊളി ആയിരുന്നു. പ്രൊജക്റ്റ് ആയി പല നഗരങ്ങള്‍ ഒരു മൂന്നാല് മാസം കഴിയുമ്പോള്‍ ഒരു ബള്‍ക്ക് പേയ്മെന്റ്റ്. സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും വന്നു.
ഇതിനിടയില്‍ ആണ് ഞാന്‍ പ്രേമ്ട്ടന്റെ പഴയ കാര്യങ്ങള്‍ അറിയുന്നത്. പുള്ളി ഒരു പെണ്ണിനെ പണ്ട് പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് എന്നും അവള്‍ മറ്റൊരു ആളുടെ കൂടെ ഒളിച്ചോടി പോയി പിന്നെ അത് ഡൈവോഴ്‌സ് ആയി എന്ന് മറ്റും. ആ ബന്ധത്തില്‍ കുട്ടികള്‍ ഒന്നും ഉണ്ടായില്ല എന്നും. പിന്നെ പുള്ളി നാട്ടില്‍ സെറ്റില്‍ ചെയ്തപ്പോള്‍ അകന്ന ബന്ധത്തില്‍ ഉണ്ടായിരുന്ന, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഒരു പാവം സ്ത്രീയെ വിവാഹം കഴിക്കുക ആയിരുന്നു എന്നും.
ഇത് കൊണ്ടായിരിക്കും പ്രേമെട്ടന്എന്റെ അവസ്ഥ പെട്ടന്ന്‍ മനസ്സിലായത്.എനിക്ക് ഉള്ളില്‍ പുള്ളിയോട് ഒരു എക്സ്ട്രാ ബഹുമാനം എല്ലാം തോന്നി. ഭാര്യ ഒളിച്ചോടി പോയിട്ടും ഒരു കൂസലും ഇല്ലാതെ പുള്ളി അടിപൊളി ആയി ജീവിക്കുന്നിലെ. ചേച്ചി പറഞ്ഞപ്പോലെ കമ്മല്‍ ഇട്ടവളെയും കൊണ്ട്. ഞാനാണെങ്കിൽ ഒരു പെണ്ണ് തേച്ചിട്ട് പോയത് കൊണ്ട് ജീവിതം തന്നെ തുലച്ചു നിൽക്കുന്നു.