ഒരു മാസം കഴിഞ്ഞു . ട്രീസക്ക് ജോലിയായി .
ഇന്‍കം ടാക്സ് വിഭാഗത്തില്‍ ആണ് ജോലിയായത്. പുതിയ ബില്‍ഡിങ്ങിന്‍റെ പണി നടക്കുന്നതിനാല്‍ ടൌണിലെ ഒരു ഷോപ്പിംഗ് ആര്‍ക്കേഡില്‍ ആണ് ഇന്‍കം ടാക്സ് ഓഫീസ് താത്കാലികമായി പ്രവര്‍ത്തിച്ചു വരുന്നത് .
‘ഞാന്‍ വരണോ അമ്മെ ..അമ്മക്ക് തന്നെ പോയ്ക്കൂടെ … എന്നും ഞാന്‍ കൊണ്ട് പോയി വിടണ്ട കാര്യമൊന്നും ഇല്ലല്ലോ … കൈനറ്റിക് എടുത്തോ .. എനിക്കിന്നെവിടെം പോകാനില്ല .”
രാവിലെ പള്ളിയില്‍ പോയി വന്നിട്ട് കാപ്പി കുടിക്കുവായിരുന്നു ട്രീസയും ജെയ്മോനും .
‘വേണ്ട ..ഞാന്‍ ബസില്‍ പൊക്കോളാം…ആദ്യ ദിവസമല്ലേ ..ഒന്ന് കൊണ്ട് പോയി വിടാന്‍ പറഞ്ഞപ്പോ ..ഹ്മം ആയിക്കോട്ടെ ” ട്രീസ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി
ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ട്രീസക്കാകെ ഭയമായിരുന്നു . ടോമിച്ചന്‍ മരിച്ചതില്‍ പിന്നെ അധികം പുറത്തിറങ്ങിയിട്ടില്ല . പള്ളിയില്‍ മാത്രം പോകും . പിന്നെ അടുത്തുള്ള ടെയ്ലറിംഗ് സാധനങ്ങള്‍ വാങ്ങുന്ന കടയിലും .
തിരക്കുള്ള ബസ് കണ്ടപ്പോഴേ അവളുടെ പാതി ജീവനും പോയി . കൈനറ്റിക് കൊണ്ട് വന്നാല്‍ മതിയാരുന്നു . പള്ളിയിലോക്കെ അത് കൊണ്ട് പോയിട്ടുണ്ടെങ്കിലും ടൌണിലേക്ക് ഒന്നും പോയിട്ടില്ല ആ ഭയം കൊണ്ടാണ് എടുക്കാത്തത്
ചെന്നതേ ട്രീസക്ക് എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ ഒരു ഫ്രണ്ടിനെ കിട്ടി .ജയന്തി . പരിചയപ്പെട്ടപ്പോള്‍ ആണ് ജയന്തി ട്രീസയുടെ തൊട്ടടുത്ത് തന്നെയാണ് താമസമെന്ന് മനസിലായത് ..ജയന്തിയുടെ പഴയ വീട് ട്രീസയുടെ വീടിന്‍റെ പുറകിലായാണ് ..ഒരു തോട്ടം കഴിഞ്ഞാല്‍ ജയന്തിയുടെ വീട് .. പക്ഷെ ഇപ്പോളവര്‍ പുതിയ് വീട് വെച്ച് താമസം അങ്ങോട്ട് മാറ്റി ..അതും അരകിലോമീറ്ററിനുള്ളില്‍ തന്നെ … പറഞ്ഞു വന്ന കൂട്ടത്തില്‍ ഒരു പണ്ടൊരു പ്രാവശ്യം അവളുടെ അടുത്ത് തയ്ക്കാനും ചെന്നിട്ടുണ്ടത്രേ. ജയന്തിയെ കിട്ടിയതോടെ ട്രീസക്ക് പുതുജീവന്‍ ലഭിച്ച പോലെയായി
ഒഫീസിലാകെ പത്തു പതിനഞ്ചു സ്റ്റാഫോളം ഉണ്ട് .
ജയന്തിയുടെ അടുത്ത് തന്നെയാണ് ഇരിപ്പടമെന്നതിനാല്‍ ട്രീസക്ക് കംബ്യൂട്ടറില്‍ ഉള്ള പരിചയക്കുറവോക്കെ പെട്ടന്ന് പരിഹരിക്കാനായി
” ട്രീസ കംബ്യൂട്ടര്‍ പഠിച്ചതാണോ ?’
” കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ പോയി .. കുറച്ചൊക്കെ അങ്ങനെയറിയാം”
” ഒരു മോനല്ലേ ഉള്ളൂ ട്രീസക്ക് ? “