അഞ്ജലി കാറിന്റെ വേഗതകുറച്ചു.
“ജൂണിലെ നിലാമഴയിൽ,
നാണമായി നനഞ്ഞവളെ…”
എന്താ വരികൾ അല്ലെ ഗൗരി”
“മ്…”
“നിനക്ക് ന്താ പറ്റിയെ,
നീയിപ്പഴും അതാലോചിച്ചിരിക്കുവാണോ..”
“ഏയ് ഒന്നുല്ല്യാ…എത്രേം പെട്ടന്ന് നാട്ടിലേക്ക് പോണം. എന്തോ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നുന്നൊരു തോന്നൽ.”
ഗൗരി പറഞ്ഞവസാനിപ്പിച്ചതും കാറിന്റെ വൈപ്പർ നിശ്ചലമായതും ഒരുമിച്ചായിരുന്നു.
“ദേവീ…. ചതിക്കല്ലേ…. മഴയാണ്, പുറത്തേക്ക് ഒന്നും കാണില്ല്യ.”
ഇടത്തെ ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് അഞ്ജലി കാർ റോഡ് സൈഡ്ലേക്ക് ഇറക്കി പാർക്ക് ചെയ്തു.
എന്നിട്ട് കാറിന്റെ പുറകിലുണ്ടായിരുന്ന കാലൻകുടയെടുത്ത് പുറത്തേക്ക് ഇറങ്ങി.
മഴത്തുള്ളികൾ അവളുടെ മൃദുലമായ കവിൾതടത്തിൽ ചുംബിക്കുന്നത് അഞ്ജലി അറിയുന്നുണ്ടായിരുന്നു.
ശരീരമാസകലം കുളിരുകോരിയ അഞ്ജലി വൈപ്പറിന്റെ അടുത്തേക്ക് ചെന്നിട്ട് ശക്തമായി ഇളക്കി നോക്കി.
ഒരു പ്രത്യേക ശബ്ദത്തോടെ അത് വീണ്ടും ചലിക്കാൻ തുടങ്ങി.
“ഹാവൂ രക്ഷപെട്ടു.”
കാലൻകുട ചുരുക്കി അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റിട്ടു.
“പോവാം..”
കാറിലിരുന്ന തുണിയെടുത്ത് അഞ്ജലി ഉൾഭാഗത്തെ ഗ്ലാസ് തുടച്ചു നീക്കികൊണ്ട് ചോദിച്ചു.
“മ്..”
പതിയെ കാർ മുന്നോട്ട് ചലിച്ചു.
കല്യാൺനഗർ കഴിഞ്ഞ് ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് അഞ്ജലി കാർ തിരിച്ചു.
വിജനമായ റോഡിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നൊള്ളു.
മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.
ചുറ്റിലും കോടവന്നു നിറഞ്ഞിട്ടുണ്ട്.
ഗൗരി പതിയെ ഗ്ലാസ് താഴ്ത്തി കുളിരുകോരുന്ന തണുപ്പ് കാറിനുള്ളിലേക് അടിച്ചുകയറി.
അഴിഞ്ഞുവീണ മുടിയിഴകളിൽ ഈറൻ കാറ്റ് തഴുകിയപ്പോൾ അവളുടെ കണ്ണുകൾ താനെ അടഞ്ഞു.
പെട്ടന്ന് അഞ്ജലി ശക്തമായി ബ്രേക്ക് ചവിട്ടി.പാതി ഉറക്കത്തിലായിരുന്ന ഗൗരി മുന്നിലേക്കൊന്നു ആഞ്ഞു.
“ന്തടാ…”
കണ്ണുത്തിരുമ്പി കൊണ്ട് അവൾ ചോദിച്ചു.
“മുന്നിലൊരു ജീവി കുറുകെ ചാടി.”
“ഏത് ജീവി…”
“അറിയില്ല… പക്ഷെ അത് പെട്ടന്ന് മാഞ്ഞുപോയി..”
“നിനക്ക് തോന്നിതാകും”
ഗൗരി അവളെ സമാധാനിപ്പിക്കുമ്പോഴും ഉള്ളിൽ നേർത്തഭയം ഉടലെടുത്തിരുന്നു.
കാർ ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിലേക്ക് കടന്നു.
ലൈറ്റെല്ലാം അണഞ്ഞിരിക്കുന്നു. ചുറ്റുഅന്ധകാരം വ്യാപിച്ചുനിന്നു.
എങ്ങുനിന്നോവന്ന തണുത്ത കാറ്റ് അവരെ വാരിപ്പുണർന്നു.
“കറന്റ് പോയതാ അല്ലേ..?”