യക്ഷയാമം 2 [വിനു വിനീഷ്]

Posted by

“എന്നാ ശരി, മോള് ഫോൺ വച്ചോ.
പേടിക്കേണ്ട ട്ടോ, അമ്മേടെ അനുഗ്രഹം ണ്ടാകും കൂടെ.”

ഫോൺ വച്ച് ഗൗരി വീണ്ടും അഞ്ജലിയെ തിരിഞ്ഞു നോക്കി.

ചുമരിൽ വേട്ടയാടുന്ന ആ ഭീമൻ പല്ലിയെ ഭയത്തോടെ നോക്കിനിൽക്കുകയായിരുന്നു അവൾ.

“അഞ്ജലീ…”
ഗൗരി പതിയെ അവളുടെ തോളിൽ സ്പർശിച്ചു.

അപ്രതീക്ഷിത സ്പർശനം, ഒരലർച്ചയോടെ അവളിലുണ്ടായ ഭാവമാറ്റം കണ്ട് ഗൗരി പിന്നിലേക്ക് മലർന്നുവീണു.

നിശബ്ദത നിറഞ്ഞ ആ മുറിയിൽ ഗൗരിയുടെ അലർച്ച നാലുചുമരുകളിൽ തട്ടി ചുറ്റിലും പ്രകമ്പനം കൊണ്ടു.

അഴിഞ്ഞുവീണ കേശം, കണ്ണുകളിൽ ചുവപ്പ് കലർന്നിരിന്നു. നെറ്റിയിൽ എന്തോ കൊണ്ടുകീറിയമുറിവ്. അവയിൽ നിന്ന് ചുടു രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഇടത് കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം നിലത്ത് പതിച്ച ടൈൽസിലേക്ക് ഇറ്റിവീണു.
ആർദ്രമായ ചുണ്ടുകൾ വിണ്ടു കീറിയിട്ടുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ കൊമ്പുകൾ പോലെയുള്ള പല്ലുകൾ വളരാൻ തുടങ്ങി.

ഗൗരി പതിയെ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി.
അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയ ഗൗരിയുടെ കൃഷ്ണമണികൾ പുറത്തേക്ക് തള്ളിനിന്നു.

“താര.”
ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു.
നിലവിളിക്കാൻ ഒരുങ്ങിയ അവളുടെ ശബ്ദം ആരോ പിടിച്ചുവക്കുന്ന പോലെ തോന്നി.

ഗൗരി പിന്നിലേക് ഇഴഞ്ഞു നീങ്ങുംതോറും താര അടുത്തേക്ക് വന്നു.

ചുമരിൽ തട്ടിനിന്ന ഗൗരി കാലുകൾ ഉള്ളിലേക്ക് വലിച്ചു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവൾക്ക് ഓർമ്മവന്നത്

കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

തുടരും…

Leave a Reply

Your email address will not be published. Required fields are marked *