“മുത്തശ്ശാ…,ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.”
“എന്താ കണ്ണാ…”
മറുതലക്കൽ സ്നേഹവാത്സല്യം നിറഞ്ഞ ആ വിളിയിൽ അവൾ തീർത്തും സംരക്ഷണത്തിലാണെന്ന് സ്വയം മനസിലാക്കിക്കൊണ്ടു ചോദിച്ചു
“ഇന്ന് ഞാനോരു കറുത്ത രൂപംത്തെ കണ്ടു.
സ്ത്രീയാണോ, പുരുഷനാണോ എന്നറിയാൻ പറ്റാത്ത, മുഖമില്ലാത്ത ഒരുരൂപം.
അവയുടെ കാലുകൾ നിലത്തെ സ്പർശിക്കാതെ ഒഴുകിനടക്കായിരുന്നു.”
“മോളെ… ”
മുത്തശ്ശന്റെ ശബ്ദം ഇടറി.
സോഫയിലിരുന്ന അഞ്ജലി പതിയെ എഴുന്നേറ്റ് ഗൗരിയുടെ പിന്നിലേക്ക് പതുങ്ങിനിന്നു.
“നിയെന്തൊക്കെയാ പറയണേ ഗൗരി.”
അഞ്ജലിയോട് മിണ്ടരുതെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അവൾ തുടർന്നു.
ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽ പിടക്കുന്നത് അറിഞ്ഞ അഞ്ജലി ചുറ്റിലും നോക്കി.
കത്തിനിൽക്കുന്ന ലൈറ്റിന്റെ ചുറ്റും പ്രാണികൾ വട്ടമിട്ട് പറക്കുന്നു.
ഇരയെ പിടിക്കാൻ വേണ്ടി പതുങ്ങി നിൽക്കുന്ന ഭീമൻ പല്ലിയെ അവൾ ഭയത്തോടെ നോക്കിനിന്നു.
പെട്ടന്ന് അതിന്റെ നീളമുള്ളനാവ് പുറത്തേക്കിട്ട് ചുമരിൽ പറ്റിയിരിക്കുന്ന ചെറുപ്രാണിയെ ഒറ്റവലിക്ക് അകത്താക്കികൊണ്ട് വീണ്ടും ചുമരിന്റെ ഇടയിലേക്ക് മറഞ്ഞു.
“ഗൗരിമോള് അവസാനം ആ രൂപത്തെ എപ്പോഴാ കണ്ടേ..”
മറുതലക്കൽ മുത്തശ്ശന്റെ ചോദ്യംകേട്ട ഗൗരി ഉണ്ടായ സംഭവങ്ങൾ ഓരോന്നായി വിവരിച്ചുകൊടുത്തു.
“ഞാൻ കണ്ടു മുത്തശ്ശാ, ഡോക്ടറുടെ മരിച്ചുപോയ മകളെ, ആ രൂപത്തിന്റെ കൈയ്യിൽ പിടിച്ച് അങ്ങുദൂരേക്ക് ഒഴുകിപോകുന്നത്.”
“മ്… മോള് ഒരിക്കലും ഭയക്കരുത്.
മോൾടെ കൂടെ ആരാ ഉള്ളെ?”
“എന്റെ കൂട്ടുകരിയുണ്ട്, അഞ്ജലി.”
“അവളിൽ ന്തെലും ഭാവമാറ്റം കാണുന്നുണ്ടോ?”
സംശയത്തോടെയുള്ള മുത്തശ്ശന്റെ ചോദ്യം അവളിൽ ഭയമുണർത്തി. പതിയെ ഗൗരി അഞ്ജലിയെ നോക്കി.
“ഇല്യാ…ന്താ മുത്തശ്ശൻ അങ്ങനെ ചോദിച്ചേ..?”
“ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം ശക്തികളിലും നീ വിശ്വസിക്കണം,
ബാക്കി നീയിടെ വന്നിട്ട് മുത്തശ്ശൻ പറഞ്ഞുതരാ,
ഇപ്പോ, നല്ലച്ഛനെ മനസിൽ ധ്യാനിച്ചുകൊണ്ട് മഹാമൃത്യുഞ്ജയമന്ത്രം ജപിക്ക്യാ,
കൂടെ തട്ടകത്തെ ഭഗവതിയെയും വിളിക്കാൻ മറക്കരുത്.
കുഞ്ഞുന്നാളിൽ പഠിച്ചത് മറന്നുവോ..?
“ഇല്ല്യാ മുത്തശ്ശാ..”