ദീപ ആ കുട്ടിയെ അടിമുടിനോക്കി. കൈയിലും, കാലിലും സിഗരറ്റ് കുത്തിപൊള്ളിച്ച പാടുകളുണ്ടായിരുന്നു.
“അക്കാ, ഒരു പത്തുരൂപ കൊടുങ്കോ…പസിക്കിത്..
കാലേലെ,സാപ്പാട് കെടക്കലെ..’
അവൻ ദീപക്ക് മുൻപിൽ ഭിക്ഷയാചിച്ചു.
“പണം ഞാൻ തരാ..അപ്പറോം, നീ അന്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങി സീക്രം വാ..”
ദീപ പേഴ്‌സ് തുറന്ന് 10 രൂപ കൊടുത്തു.
“അക്കാ… എപ്പടി പോവമുടിയും, തങ്കച്ചി….”
10 രൂപ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു.
“കുഴപ്പമില്ല…തങ്കച്ചിയെ ഞാൻ നോക്കാം… നീ വേഗം പോ…”
ദീപയുടെ കുടയുംവാങ്ങി അവൻ റോഡ് മുറിഞ്ഞു മറുവശത്തെ കടയിൽ കയറിയ തക്കംനോക്കി അവൾ ആ പെൺകുട്ടിയെ തന്റെ ഷാളുകൊണ്ട് പൊതിഞ്ഞ് അടുത്ത ഓട്ടോയിൽ കയറി അജുവിന്റെ വീട്ടിക്ക് തിരിച്ചു.
ഓട്ടോയിലിരുന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ആർത്തുപെയ്യുന്ന മഴയെ വകവക്കാതെ ഭിക്ഷക്കാരൻ ബാലൻ ഓട്ടോക്ക് പിന്നാലെ ഓടിവരുന്നതുകണ്ട അവൾ ഡ്രൈവറോട് വേഗം വണ്ടിവിടാൻ പറഞ്ഞു.
അജുവിന്റെ വീടിന്റെ ഗേറ്റിനുമുൻപിൽ വണ്ടിയിറങ്ങിയ ദീപ കോരിച്ചൊരിയുന്ന മഴയിലൂടെ പെൺകുഞ്ഞിനെയും കൊണ്ട്
അജുവിന്റെ വീട്ടിലേക്ക് ഓടിയകയറി.
ഡോറിൽ ആഞ്ഞുമുട്ടിയ അവൾ വിറച്ചുകൊണ്ട് പെൺകുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു.
വാതിൽതുറന്ന ‘അമ്മ ദീപയെകണ്ടപ്പോൾ പകച്ചുനിന്നു.
“അജു…. അജുഎവിടെ അമ്മേ…”
ഭയന്ന് ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.”
“റൂമിൽ ണ്ടല്ലോ… ന്താ മോളെ ..”
അമ്മക്ക് മറുപടി കൊടുക്കാതെ ദീപ അജുവിന്റെ മുറിയിലേക്ക് പെൺകുഞ്ഞുമായി നടന്നു.
നനഞ്ഞൊട്ടി ഈറനോടെ നിൽക്കുന്ന ദീപയെകണ്ടപ്പോൾ അജു അമ്പരന്നുനിന്നു.
“അജു…ദേ ഈ കുഞ്ഞിനെ നോക്ക് ഭിക്ഷാടനം നടത്തുന്ന ഒരു ബാലന്റെ കൈയിൽനിന്ന് കിട്ടിയതാ,
ദേ കൈയിലും,കാലിലും നോക്ക്.. സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുകൾ..”
ദീപ ആ പെൺകുഞ്ഞിനെ അജുവിന്റെ കൂടെ ബെഡിൽ കിടത്തി
വായയിൽ തന്റെ തള്ളവിരലിട്ട് ചപ്പിക്കുടിക്കുന്ന ധൃതിയിൽ ആ പെൺകുഞ്ഞ് ഒന്ന് കരയുകപോലും ചെയ്തിരുന്നില്ല.
“ദീപാ, എന്റെ ഫോണൊന്നെടുക്കു..”
ടേബിളിലേക്ക് ചൂണ്ടിക്കാട്ടി അജു പറഞ്ഞു.
അവൾ ഫോണെടുത്ത് അജുവിന്റെ കൈയിൽ കൊടുത്തു.
“നീയൊരു കാര്യം ചെയ്യ്… അമ്മയോട് പറഞ്ഞ്, നനഞ്ഞ ഡ്രസ്സൊന്ന് മാറ്റിക്കോ,
മ്… ചെല്ലൂ..”
നനഞ്ഞ മാറിടങ്ങളെ അവൾ കൈതണ്ടകൊണ്ട് മറച്ചുപിടിച്ച് തലകുലുക്കി.
അജുവിന്റെ മുറിയിൽ നിന്ന് ദീപ പുറത്തുകടന്നയുടനെ അവൻ
എസ് ഐ എബിൻ ജേക്കബ് നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
കൃഷ്ണൻനായർ വധക്കേസ് എസ് ഐ എബിൻ ജേക്കബ് ആയിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്.
സത്യസന്തമായ അന്വേഷണം യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് മനസിലാക്കിയ കുറ്റവാളികൾ നിയമം വിലക്കുവാങ്ങി അയാളെ കേസിൽ നിന്നും ഒഴിവാക്കി പകരം മറ്റോരാളെ നിയമിച്ചു.
ആ ഒരമർഷം അയാളിലെന്നുമുണ്ടായിരുന്നു.
“അജു, ഞാനിപ്പ വരാം, എന്റെകൂടെ ചൈൽഡ്ലൈൻ പ്രവർത്തകരും, മാധ്യമങ്ങളുമുണ്ടാകും.. “
“സർ , സൂക്ഷിക്കണം”
അജു ഫോൺ വച്ചു.
അപ്പോഴേക്കും ദീപ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പകരം അജുവിന്റെ അനിയത്തി അഞ്ജുവിന്റെ ചുരിദാറിട്ടുവന്നു.
“എന്തായി അജു.”
നനഞ്ഞ മുടിയിഴകൾ ടർക്കികൊണ്ടു തോർത്തിയിട്ട് അവൾ പതിയെ മുറിയിലേക്ക് കടന്നുവന്നു.
തോർത്തിയ മുടിയിഴകൾ ഇടത്തോട്ട് മാറ്റിയിട്ടപ്പോൾ രസനാധി പൊടിയുടെ ഗന്ധം അജുവിന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.
“‘അമ്മ, പൊടിനല്ലോണം ഇട്ടുതന്നു ല്ലേ..”
പുഞ്ചിരിച്ചുകൊണ്ട് അജു ചോദിച്ചു.
“ഇല്ലേൽ ജലദോഷം പിടിക്കുംന്ന്..
അല്ല ന്തായി..”
“ചൈൽഡ്ലൈൻ, പത്രമാധ്യമങ്ങൾ, സബ് ഇൻസ്‌പെക്ടർ, എല്ലാവരും ഇപ്പോൾ ഇങ്ങെത്തും.”
അതുകേട്ടതും ദീപ ഭയന്നു.
“അയ്യോ… ഞാൻ …എനിക്ക്…അച്ഛൻ…”
“ഹൈ, താൻ പേടിക്കേണ്ടടോ… തന്നെ ഇതിൽ വലിച്ചിട്ടില്ല.”
വൈകതെത്തന്നെ അജുവിന്റെ വീടിന് മുൻപിൽ നിരവധി വാഹനങ്ങൾ വന്നുനിന്നു.
പത്രക്കാർ ഒഴികെ മറ്റുള്ളവർ വീടിനുള്ളിലേക്ക് കയറിയ ഉടനെ ദീപ അകത്തേക്ക് കയറിയൊളിച്ചു.
ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റുവാങ്ങി.
“അജു… എങ്ങനെ കിട്ടി ഈ കുഞ്ഞിനെ..
ആരുകൊണ്ടുവന്നു, എനിക്ക് FIR എഴുതണം.”
എസ് ഐ ചോദിച്ചു.
“ഒരു അജ്ഞാത ..അത്രേമറിഞ്ഞാൽ മതി സർ… വിവരങ്ങൾ പുറത്തവിട്ടൽ ചിലപ്പോൾ അവളുടെ ജീവനുകൂടെ… എനിക്ക് സഹിക്കില്ല.”
അജു നിസഹായനായി ഇരുന്നു.
“മ്… ഇപ്പോൾ ഞാൻ പോണു, പക്ഷെ ഞാൻ വിളിപ്പിക്കും.”
എബിൻ കസേരയിൽ നിന്നുമെഴുന്നേറ്റു.
“തീർച്ചയായും സർ, ഒരു രണ്ടാഴ്ച്ച, അതിനുള്ളിൽ പ്ലാസ്റ്റർ വെട്ടും. ഞാൻ അങ്ങോട്ട് വരാം.”
എസ് ഐയുടെ കൂടെവന്ന പത്ര സന്നാഹങ്ങൾ അവർക്ക് വേണ്ടത് കിട്ടിയപ്പോൾ പിരിഞ്ഞുപോയി.
“ദീപാ….”
അജു നീട്ടിവിളിച്ചു.
“മ്… അവരുപോയോ അജു.?”
അകത്തുനിന്ന് ദീപ പുറത്തേക്ക് വന്നു.
“വൈകിക്കേണ്ട താൻ പൊയ്ക്കോ, ന്തേലും ആവശ്യണ്ടെങ്കിൽ ഞാൻ വിളിക്കാം.”
“അജു, എനിക്കെന്തോ പേടി..”