ഉളുക്കിയ കഴുത്ത് ഉഴിഞ്ഞുകൊണ്ട് ദീപ പറഞ്ഞു.
“ഹഹഹ ക്ഷമിക്ക് എനിക്ക് വേണ്ടി പ്ലീസ്….
നീ ഇരിക്ക് അമ്മ ഇപ്പൊ വരും.”
അജു കൈകൾകൂപ്പി കേണു.
സ്റ്റൂൾ എടുത്ത് ഇരിക്കാൻ നിൽക്കുമ്പോഴാണ് ദീപയുടെ ബാഗിൽനിന്നും ഫോൺ ബല്ലടിക്കുന്നത്.
“ഹലോ ചേച്ചി പറയു….”
ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു.
“എവിടെയാ? എന്തായ് കവിത ഇന്ന് കിട്ടുമോ.?”
ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
“അയ്യോ കവിത.
ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചീ.
അമ്മ തലകറങ്ങി വീണു, അഡ്മിറ്റായി.”
“ഓക്കേ കുഴപ്പോന്നുല്ല്യാല്ലോ..”
“ഇല്ലേച്ചി..ഞാൻ അയച്ചോളാ..”
“എന്ന ശരി”
ഫോൺ കട്ട് ചെയ്ത് ദീപ അജുവിനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..
“ഹലോ…എന്താ ഇങ്ങനെ നോക്കണേ…”
കൈ വീശി അവൾ ചോദിച്ചു.
“ഏയ്…ആർക്കാ കവിത…”
“ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ പോസ്റ്റാനാണ്.”
മൊബൈൽ ബാഗിൽ വക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഓഹ്.. കവിയാണല്ലേ”
“കവിയല്ല കവിയത്രി.
അല്ല അവരെന്തിനാ വന്നത്.”
“ഞാനൊരു ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട് ഭിക്ഷാടനത്തിനെ കുറിച്ച്. ‘യാചകൻ’ അതാണ് പേര്.അതിന്റെ
പരിണിത ഫലമാണ് ഇപ്പൊ കിട്ടിയത്….”
ഡോർ ആരോ തുറക്കുന്നതുകണ്ട രണ്ടുപേരും അങ്ങോട്ട് നോക്കി,നിറകണ്ണുകളോടെ അജുവിന്റെ അമ്മ അകത്തേക്ക് വന്നു.
“ന്റെ കുട്ടിക്ക് ഈ കിട്ടിയതൊന്നും പോരെ…
വഴിയെപോകുന്നവരുടെ തല്ലുമുഴുവൻ വാങ്ങിക്കൊണ്ട് വരും ബാക്കിയുള്ളവരുടെ സമാധാനം കെടുത്താൻ.”
“ആ… തല്ല് കിട്ടുമ്പോ ഒരു സുഖം.”
പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“അമ്മേ ഇത് ദീപ, എന്റെ ഫ്രണ്ടാണ്”
‘അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഞാൻ പോട്ടെ മാഷേ…..അമ്മ തിരക്കുന്നുണ്ടാകും..
അമ്മേ….ശരി ഞാൻ പിന്നെ വരാം…”
അവളെഴുന്നേറ്റ് പുറത്തേക്ക് കടന്നഉടനെ അജു അവളെ വിളിച്ചു
“ദീപാ….ഒരു മിനിറ്റ്..”
“എന്താ മാഷേ….”
“ഫ്രീ ആണോ നാളെ, എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്…”
“ഓ….ശരി.നാളെ കാണാം….”
ഡോറടച്ച് അവൾ നടന്നു…
മനസിലുമുഴുവൻ നാളെ കാണുബോൾ എന്താകും അജുവിന് തന്നോട് ചോദിക്കാനുണ്ടാകുക എന്ന ചിന്തയായിരുന്നു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,
പുൽപായയിൽ കിടന്ന് വലത്തോട്ടും,ഇടത്തോട്ടും മാറിമാറി തിരിഞ്ഞു കിടന്നു
അജു എന്തായിരിക്കും ചോദിക്കുക എന്നതായിരുന്നു ഉറക്കം നഷ്ട്ടപെടാൻ കാരണം
“നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,കാണാനും തരക്കേടില്ല ഇനി വല്ല പ്രണയഭ്യാർത്ഥനയാണോ..?”
അവൾ സ്വയം ചോദിച്ചു.
ഉദയസൂര്യൻ ആശുപത്രി വരാന്തയിലൂടെ
പ്രകാശംതൂക്കി ചുറ്റുള്ളവരെ വിളിച്ചുണർത്തി,
പതിവിലും വൈകി കിടന്ന ദീപയെ
രാവിലെ ഡ്യൂട്ടി നേഴ്സായിരുന്നു തട്ടിവിളിച്ചത്
“മോളെ ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം….ഇന്ന് ഡിസ്ചാർജ് ചെയ്യാം..”
“ആണോ…”
ചെറു പുഞ്ചിരിയാലെ മുടിയൊതുക്കി അവൾ എഴുന്നേറ്റു
“ഡോക്ടറെ ചെന്ന് കണ്ടാമതി ഇതാ ഡിസ്ചാർജ് കാർഡ്…”
കാർഡ് വാങ്ങിയവൾ കാവറിലിട്ട് അമ്മക്ക് ചായവാങ്ങാനായി കാറ്റിന്റീനിലേക്ക് പുറപ്പെട്ടു
രണ്ട് ലക്ഷ്യങ്ങളായിരുന്നു ആ യാത്രക്കുപിന്നിൽ
ഒന്ന് അജു, രണ്ട് ചായ..
പോകുന്ന വഴിയിലവൾ അയാൾ കിടക്കുന്ന റൂമിലേക്ക് നോക്കി അവിടില്ലായിരുന്നു..
അവളുടെ മിഴികൾ ചുറ്റിലും പരതി…
“ഇല്ല…
“സിസ്റ്റർ ഇവിടെ അഡ്മിറ്റ് ചെയ്ത ആളെവിടെ”
ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ്നെ കണ്ടുകാര്യം തിരക്കി
“അയാൾ പോയല്ലോ ഇന്ന് രാവിലെ…”
സങ്കടമാണോ, നിരാശയാണോ എന്നറിയാതെ അവൾ ആശുപത്രി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നുപോയി. ചായവാങ്ങിമടങ്ങും വഴിയാണ് അപ്രതീക്ഷിതമായി അജുകിടന്ന മുറിയുടെ മുൻപിൽ സെൽവത്തെ കണ്ടത്..
“ന്റെ കൃഷ്ണാ..
പെട്ടന്ന് ശ്വാസമെടുത്ത്
അവളറിയാതെ വിളിച്ചു.
തൊട്ടടുത്തുള്ള തൂണിനോട് ചാരിയവൾ സെൽവം കാണാത്ത വിധം മറഞ്ഞുനിന്നു…
അജുകിടന്ന മുറിയുടെ മുൻപിൽനിന്നുമായാൾ തെറിവിളിക്കുന്നത് അവൾ ശ്രദ്ധയോടെ കേട്ടു. കൂട്ടത്തിൽ അജു എന്ന് ഉച്ചരിക്കുന്നുണ്ടായിരുന്നു
“ആരാ ഈ അജു..?
എന്താ അയാൾക്ക് പണി…?
എന്തിനാ ആ തമിഴൻ ഇങ്ങനെ തെറിവിളിക്കുന്നെ…?”
ഒരുപാട് ചോദ്യങ്ങൾ ഒരുനിമിഷം അവളുടെ മനസിൽ ഉദിച്ചുയർന്നു.
“ഇനി അതറിഞ്ഞിട്ടെ ബാക്കി കാര്യം”
ദീപ ഉറച്ച തീരുമാനമെടുത്തു..
ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു.
യാത്രമധ്യേയാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി..
മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത് അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,