ധൈര്യം ചോർന്നുപോയ അവൾ അലറിവിളിച്ചു.
ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന
അഞ്ജലി ഗൗരി നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ
ബോധരഹിതയായി നിലത്ത് വീണിരുന്നു.
ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി അഞ്ജലി അവളെ തട്ടിവിളിച്ചു.
“ഗൗരീ…,ഗൗരി…. ന്താ പറ്റിയേ…?”
“അവിടെ ആരോ… ഞാൻ കണ്ടു, കറുത്ത ഒരു രൂപം….”
ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ അഞ്ജലിയോട് പറഞ്ഞു.
“മണ്ണാങ്കട്ട…., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. എണീറ്റ് കോളേജിൽ പോടി…”
അഞ്ജലി അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങി.
രണ്ടു വർഷമായി ഗൗരിയും, അഞ്ജലിയും ഒരേ റൂമിൽ കഴിയുന്നു. കൂടെ പലരും വന്നുതാമസിചെങ്കിലും അധികകാലം അവരാരും ഉണ്ടായിരുന്നില്ല. പഠനം പൂർത്തിയാക്കിയും, ജോലിലഭിച്ചും, പലവഴിക്ക് പിരിഞ്ഞുപോയി.
ശേഷം അഞ്ജലിയും ഗൗരിയും മാത്രമായി.
ബാംഗ്ലൂരിൽ ആദർശ നേഴ്സിങ് കോളേജിൽ ബി എസ് സി നേഴ്‌സിങ് രണ്ടാം വർഷ വിദ്യാർഥിനികളാണ് ഗൗരിയും അഞ്ജലിയും.
പ്രഭാതഭക്ഷണം കഴിച്ച് അവർ രണ്ടുപേരും കോളേജിലേക്ക് ഇറങ്ങി. പാർക്കിങ് ഏരിയയിൽ നിന്നും ഗൗരി അഞ്ജലിയുടെ ഇയോൺ കാറെടുത്ത് പുറത്തേക്ക് വന്നു.
അഞ്ജലിയെ പോലെതന്നെയായിരുന്നു അവളുടെ കാറും,
നല്ലവെളുത്ത നിറം. ഉൾഭാഗം വൃത്തിയായി
ഡിസൈൻ ചെയ്തിരിക്കുന്നു.
ഡാഷ്ബോർഡിൽ ശ്രീവിഷ്ണുമായയുടെ ഒരു ചെറിയ വിഗ്രഹം.
പതിയെ ഗൗരി കാറോടിച്ചുകൊണ്ട് ഹോസ്റ്റലിന്റെ മുൻഭാഗത്തേക്ക് വന്നു.
കാറിൽ കയറിയ അഞ്ജലി ബാഗിൽ നിന്നും ഒരുമുറുക്കാൻ കൂട്ടെടുത്ത് ശ്രീവിഷ്ണുമായയുടെ തളികയിൽ വച്ചു.
“എന്റെ ഐശ്വര്യമാണ് ഈ ദേവൻ.”
മറുപടിയായി ഗൗരി ഒന്നുപുഞ്ചിരിക്കുക മാത്രമേ ചെയ്‌തൊള്ളു.
“നിനക്ക് എന്താ പറ്റിയെ ഗൗരി..”
യാത്രക്കിടെ അഞ്ജലി ചോദിച്ചു.
“ഏയ് ഒന്നൂല്യടി…”
ഗൗരി ഗിയർ മാറ്റി വാഹനത്തിന്റെ വേഗതകൂട്ടി.
കാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് ഗൗരി കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അഞ്ജലിയുടെ നേരെ, പിൻസീറ്റിൽ കറുത്ത ഒരു രൂപം ഇരിക്കുന്നു
അലറിവിളിച്ച ഗൗരി സ്റ്റയറിങ് ഇടത്തോട്ട് വെട്ടിച്ച് അടുത്തുള്ള ഡിവൈഡറിന്റെ മുകളിലേക്ക് ഇടിച്ചു കയറ്റി.
“ഗൗരി….നിയെന്താ ഈ കാണിക്കാണെ…?”
സീറ്റ് ബെൽറ്റൂരി അഞ്ജലി ചോദിച്ചു.
“ഞാൻ കണ്ടു അഞ്ജലി… ദേ ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ…”
പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഡോർ തുറന്ന് അഞ്ജലി പുറത്തേക്ക് ഇറങ്ങി എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഗൗരിയെ ഇറക്കി പകരം അഞ്ജലി കയറിയിരുന്നു.
“ദേ.., പെണ്ണേ, ആവശ്യല്യാതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയലുണ്ടല്ലോ..ഒറ്റ കീറ് വച്ചുതരും.”