യക്ഷയാമം [വിനു വിനീഷ്]

Posted by

നൈറ്റിയൂരി ആങ്കറിൽ തൂക്കിയിട്ട് ഷവർതുറന്ന് ഗൗരി കണ്ണാടിക്കു മുൻപിലേക്ക് ചേർന്നുനിന്നു.

പെട്ടന്ന് ബാത്റൂമിലെ ലൈറ്റ് മിന്നിക്കളിക്കാൻ തുടങ്ങി.

“ആരാ… സ്വിച്ചിൻമേ കളിക്കണെ..?”
ഗൗരി ഉറക്കെ വിളിച്ചു ചോദിച്ചു.

പതിയെ ലൈറ്റ് അണഞ്ഞു.

പൊതുവെ ഇരുട്ട് ഭയമുള്ള ഗൗരി അഞ്ജലിയെ അലറിവിളിച്ചു.

“അഞ്ജലി…….
വേണ്ടാ…. മതി, നിന്റെ തമാശ കുറച്ചുകൂടുന്നുണ്ട്.”

കുളികഴിഞ്ഞ്
പുറത്തേക്കിറങ്ങി അവൾ സ്വിച്ച്‍ബോർഡിലേക്ക് നോക്കി.

സ്വിച്ച്‍ ഓഫ്‌ ചെയ്തിരുന്നു.

“അഞ്ജലീ…. ”
ഗൗരി ഫ്ലാറ്റ് മുഴുവൻ തിരഞ്ഞു പക്ഷെ അവളെ കണ്ടില്ല.

വാതിൽതുറന്ന് അവൾ പുറത്തേക്കിറങ്ങി.

“ഹോ… നീയിവിടെയിരിക്കുവാണോ..”

ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലിയുടെ കൈയിൽ അടിച്ചുകൊണ്ട് ഗൗരി ചോദിച്ചു.

“ഹാ… പ്ലീസ് ഡാ… ഞാനൊന്ന് സംസാരിച്ചോട്ടെ…”

“നീയെന്തിനാ ലൈറ്റ് ഓഫ് ചെയ്തത്.”
ദേഷ്യത്തോടെ ഗൗരി ചോദിച്ചു.

“ഞാനോ…. നീ കുളിക്കാൻ കയറിയപ്പോൾതന്നെ ഞാൻ ഇങ്ങട് പോന്നു. പിന്നെ ആരാ ഓഫ്‌ ചെയ്യാൻ.?”

“നീയല്ലേ… അപ്പപിന്നെ….
ദേവീ , കുളിക്കാൻ പോണുന്നതിന് മുൻപേ ഞാൻ സ്വിച്ച്‍ഇട്ടതാണല്ലോ.. പിന്നെ ആരാ ഓഫാക്ക്യേ…”

മറുത്തൊന്നും സംസാരിക്കാതെ ഗൗരി ഫ്ലാറ്റിന്റെ വരാന്തയിൽ നിന്ന് റൂമിലേക്ക് നടന്നു.

ബാത്റൂമിന് നേരെയുള്ള സ്വിച്ച് ബോർഡിലേക്ക് നോക്കിയ ഗൗരി പകച്ചുനിന്നു.

ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു.

“ഇതെങ്ങനെ..സംഭവിച്ചു “

അല്പനേരം അവൾ ചിന്തിച്ചു നിന്നു. എന്നിട്ട്
മേശപ്പുറത്ത് വച്ച കൃഷ്ണന്റെ വിഗ്രഹത്തിന് മുൻപിൽ തിരിതെളിയിച്ച് പ്രാർത്ഥിച്ചു.

“അഞ്ജന ശ്രീധരാ
ചാരുമൂര്‍ത്തേ, കൃഷ്ണാ

അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍
ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ

ആദങ്കമെല്ലാം അകറ്റീടേണം.
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ”

ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി യൂണിഫോം എടുത്തുധരിച്ച് മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.

വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും
ഭയപ്പെട്ടുകൊണ്ട് ഗൗരി രണ്ടടി പിന്നിലേക്ക് നിന്നു.

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു നിഴൽ മാത്രം.

കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.

Leave a Reply

Your email address will not be published. Required fields are marked *