സ്ക്കൂളിൽ റോസി എന്ന ജൂനിയർ ടീച്ചറും ആഗ്നസ് സിസ്റ്ററും പിന്നെ പ്യൂൺ മത്തായിച്ചേട്ടനും സ്വീപ്പർ കത്രീനച്ചേടത്തിയും മാത്രം. ഒരു ദിവസത്തേക്ക് മത്തായിച്ചേട്ടനും കത്രീനച്ചേടത്തിയും സാറുമ്മാരായി.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ടീച്ചർമാരൊന്നുമില്ലാത്തതിന്റെ തിമർപ്പിലായിരുന്നു കുട്ടികളൊക്കെ. അപ്പോഴാണ് രേവതിയേയും സാബിറയേയും ആഗ്നസ് സിസ്റ്റർ വിളിക്കുന്നെന്ന് റോസി ടീച്ചർ വന്നു പറഞ്ഞത്…
ടീച്ചറിന്റെ പുറകേ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോൾ സാബിറയ്ക്കും രേവതിക്കും ആകെ അങ്കലാപ്പായിരുന്നു. അവരെ രണ്ടു പേരേയും ഒരുമിച്ച് ഇതുവരെ സിസ്റ്റർ വിളിപ്പിച്ചിട്ടില്ല. ഇന്നു ശരിക്കും പിച്ചു കിട്ടിയതു തന്നെ. രണ്ടു പേരും കരുതി. സ്റ്റാഫ്റൂമിലെത്തിയപ്പോൾ ആഗ്നസ് സിസ്റ്റർ മത്തായിച്ചേട്ടനേയും കത്രീനച്ചേടത്തിയേം വിളിച്ച് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുകയാണ്…
മദർസുപ്പീരിയറും മറ്റും വൈകിട്ട് അഞ്ചുമണി കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ എന്നും അതു കൊണ്ട് ഉച്ച കഴിഞ്ഞ് അവധി ആണെന്നും സംഭാഷണങ്ങളിൽ നിന്ന് അവർക്കു പിടികിട്ടി. കത്രീനച്ചേടത്തിയോട് കോൺവന്റിലേക്കു പൊയ്ക്കൊള്ളാനും മത്തായിച്ചേട്ടനോട് ക്ലാസെല്ലാം അടച്ചു പൂട്ടി താക്കോലെല്ലാം റോസി ടീച്ചറെ ഏല്പിച്ചിട്ടു പൊയ്ക്കോളാനും സിസ്റ്റർ പറയുന്നതവർ കേട്ടു. മത്തായിച്ചേട്ടനും ചേടത്തിയും സ്റ്റാഫ് റൂമിനു വെളിയിലിറങ്ങിയപ്പോൾ ടീച്ചർ സാബിറയേയും രേവതിയേയും കൊണ്ടകത്തു കയറി.
” ടീച്ചറു പോയി മത്തായി ക്ലാസെല്ലാം പൂട്ടിക്കഴിഞ്ഞ് താക്കോലും മേടിച്ചു പോര്” സിസ്റ്റർ പറഞ്ഞു.
ടീച്ചർ പുറത്തേക്കു പോയി. മത്തായിച്ചേട്ടൻ സ്ക്കൂൾ വിടാനുള്ള ബെല്ലടിക്കുന്ന ശബ്ദം. എന്തു ചെയ്യണമെന്നറിയാതെ നിന്ന രേവതിയേയും സാബിറയേയും നോക്കി സിസ്റ്റർ പറഞ്ഞു,
” രണ്ടു പേരും കുറച്ചു കഴിഞ്ഞു പോയാൽ മതി”
പിന്നെ സിസ്റ്റർ കസേരയിൽ ഇരുന്നിട്ടു രണ്ടു പേരേയും വിളിച്ച് ഇരു വശത്തുമായി നിർത്തി.