രാഘവായനം 4 [അവസാന ഭാഗം]

Posted by

രാമസാന്നിദ്ധ്യങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് അടങ്ങിയ ചില്ലുകുപ്പി യാതൊരു കാരണവശാലും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി പഞ്ഞിയുടെ ഉള്ളിലായി പൊതിഞ്ഞ്, ഒരു തെർമോകോളിന്റെ കൊച്ച് പെട്ടിയിൽ അടക്കം ചെയ്ത്, വളരെ കരുതലോടെ സൂക്ഷിച്ചു വച്ചു… അതെല്ലാം പാക്ക് ചെയ്ത് തിരുവനനന്തപുരത്ത്, എയർപോർട്ടിനടുത്ത് ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലേക്ക് പോകാൻ അവൻ തയ്യാറായി…
ശ്രീലങ്കൻ എയർവേയ്സ് കുറച്ച് നാളത്തേക്ക് കൊച്ചിയിൽ നിന്നു ശ്രീലങ്കയിലേക്കുള്ള സർവ്വീസ് ഒഴിവാക്കിയിരുന്നു… അതുകൊണ്ടാണ് തീരുവനന്തപുരം എയർപോർട്ടിൽ നിന്ന് പോകാൻ രാഘവ് തീരുമാനിച്ചത്… അതുകൊണ്ട് ഉണ്ടായ ഉപകാരം പരിചയക്കാരെ ഒഴിവാക്കാൻ പറ്റി എന്നതായിരുന്നു… അവൻ തന്റെ ലഗ്ഗേജുകളുമായി പുറത്തേക്കിറങ്ങി…
“ മോനേ മിത്രൻ നിന്നെ അന്വേഷിച്ചിരുന്നു… “ രാഘവിന്റെ അമ്മ അവനോടായി പറഞ്ഞു… പ്ലസ്-ടു കഴിഞ്ഞ് കാലടിയിലേക്ക് പോയതിനു ശേഷം അവനും അനുജനും തമ്മിൽ കോൺടാക്റ്റ് ഒന്നുമില്ലായിരുന്നു… രാഘവിന്റെ ശാന്ത സ്വഭാവത്തിൽ നിന്ന് ഏറേ വ്യത്യസ്തനായിരുന്നു മിത്രൻ… ഒരു അടിച്ചുപൊളി പയ്യൻ… എന്നാലും രാഘവിന് ഒരാവശ്യമുണ്ടെന്നറിഞ്ഞാൽ എവിടെയായാലും ഓടിയെത്തുമായിരുന്നു മിത്രൻ… കൊച്ചി നവോദയ സ്കൂളിൽ, പത്താം ക്ലാസ്സിൽ, അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ് അവൻ…
“ അവനോട് ഞാനും അന്വേഷിച്ചെന്ന് പറയൂ അമ്മേ… “ രാഘവ് അങ്ങിനെയാണ്… അമിതമായ സ്നേഹം കാണിക്കുന്നതൊന്നും അവന് ഇഷ്ടമല്ലെന്ന് അവന്റെ അമ്മയ്ക്കറിയാം…
ഒരിക്കൽക്കൂടി, അവസാനമായി തന്റെ മുത്തശ്ശിയുടെ കുഴിമാടത്തിനരികിൽ നിന്ന രാഘവ് മുത്തശ്ശിയോട് കാര്യങ്ങൾ എല്ലാം മംഗളമായി തീരണേ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ചു…

Leave a Reply

Your email address will not be published. Required fields are marked *