“ ഓ… പാസ്പോർട്ട്… അത് കിട്ടിയോ?… അപ്പോ അവർ പാസ്പോർട്ട് അന്വേഷണത്തിനായി എന്റെ വീട്ടിലേക്ക് വന്നോ?… “ പാസ്പോർട്ട് കിട്ടിയ സന്തോഷത്തിലും, എന്നാൽ പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ തന്റെ വീട്ടിൽ അന്വേഷണത്തിന് വന്നിട്ടുണ്ടാകുമോ എന്ന പേടിയാലും രാഘവ് ഗോകുലിനോട് തന്റെ മനസ്സിലുള്ളത് ചോദിച്ചു…
“ അവർ നിന്റെ വീട്ടിലേക്കൊന്നും പോയില്ല… ഈ ഗോകുലിന്റെ പിടിപാട് എന്താണെന്ന് നിനക്കറിയാൻ പാടില്ല രാഘവേ… “ വലിയ ഗമയിൽ തല ഉയർത്തിപ്പിടിച്ച് അവൻ പറഞ്ഞു…
“ താങ്ക്സ് ടാ… ശ്രീലങ്കയിൽ നിന്റെ അമ്മാവനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടോ?… “ രാഘവ് തന്റെ അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു…
“ അങ്ങിനെ എല്ലാ കാര്യങ്ങളും പറയാൻ പറ്റുന്നതല്ലല്ലോ… എന്നെപ്പോലെ എല്ലാവരും ഇതൊക്കെ വിശ്വസിക്കണമെന്നില്ല രാഘവ്… സിഗരിയ റോക്ക് അതായത് രാവണഗുഹയിലേക്ക് നിനക്കൊരു ടൂറാണ് അങ്കിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്… “ പാസ്പോർട്ട് മറിച്ചു നോക്കിയ രാഘവ് അതെടുത്ത് തന്റെ ബാഗിലേക്ക് നിക്ഷേപിച്ചു…
“ നിന്നോടെങ്ങിനാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ലെടാ… ” രാഘവിന്റെ കണ്ണിൽ നനവ് തട്ടി…
“ ടാ വലിയ ഫോർമാലിറ്റിയൊന്നും ഇങ്ങോട്ട് ഇറക്കണ്ട… “ അവൻ അവന്റെ കവിളിൽ പതിയെ തല്ലുന്നത് പോലെ അടിച്ചു…
“ ശരിയെടാ… എന്നാൽ വൈകിക്കുന്നില്ല… ഇനി അധികം സമയം ഇല്ല… ഒരാഴ്ച കഷ്ടിച്ചേ ഉള്ളൂ… “ രാഘവ് ബൈക്കിന്റെ സ്റ്റാൻഡ് തട്ടി…