പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട് യുണെസ്കൊ (UNESCO)-വിന്റെ ലോക സംസ്കാര-പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്… സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്ക്കുന്ന ഈ പാറയ്ക്ക് 200 മീറ്ററിലേറെ ഉയരമുണ്ട്… ശ്രീലങ്കന്‍ ചരിത്രത്തിൽ നല്ലൊരു സ്ഥാനമുണ്ട് ഈ പാറയ്ക്ക്… ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍… എത്രയോ വർഷങ്ങൾക്കു മുൻപ് അസുര വംശത്തിന്റെ രാജാവായ രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് ഇത്…
കാലങ്ങൾ കടന്നു പോയപ്പോൾ… പിന്നീട് ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയിൽ സന്യാസി മഠമായിരുന്നു ഉണ്ടായിരുന്നത്… പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്മാരെപ്പറ്റിയും ഈ സിഗിരിയ നഗരത്തെകുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്… അതിന് പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയിൽ ഈ വലിയ പാറയുടെ മുകളിൽ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു…
ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കൻ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന്ന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക സാങ്കേതിക വിദ്യകളെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ ജലസേചന രീതിയും കാശ്യപ രാജാവിനെ കുറിച്ചുള്ള അനേകം കഥകളും ഇവിടത്തെ ആകര്‍ഷണങ്ങളാണ്…