“ രാമേശ്വരത്ത് നീ ഉണ്ടാക്കിയ പുകിലൊക്കെ ICHR ഡയറക്ടർ എന്നെ വിളിച്ച് അവർ പറഞ്ഞിരുന്നു… അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല രാഘവ്… നീ ശ്രദ്ധിക്കേണ്ടതായിരുന്നു…” തന്റെ താടിയിൽ ചൊറിഞ്ഞു കൊണ്ട് ശിവദാസൻ പറഞ്ഞു…
“ കുറേ നാൾ കാണാനായി കൊതിച്ചത് അടുത്ത് കിട്ടിയപ്പോൾ കയ്യീന്ന് പോയതാ അങ്കിളേ… സോറി… അങ്കിളിന് ആകെ മോശമായല്ലേ… ” രാഘവ് വിഷമത്തോടെ പറഞ്ഞു…
“ അതൊന്നും സാരമില്ല… കഴിഞ്ഞു പോയ കാര്യങ്ങളല്ലേ… പിന്നെ അതുമായി ബന്ധപ്പെട്ടതൊന്നുമല്ലല്ലോ ഈ ടൂർ പ്രോഗ്രാം?…” ശിവദാസന്റെ ദൃഷ്ടി രാഘവിൽ ഉറച്ചിരുന്നു…
“ ഏയ് ഇല്ല അങ്കിളേ… ഇതൊരു ടൂർ മാത്രമേ ഉള്ളൂ… ” അവൻ അങ്കിളിന്റെ ചോദ്യത്തിൽ നിന്ന് തടിതപ്പി…
“ ശരി ശരി… എന്നാൽ ഞാൻ നാളെ നിന്റൊപ്പം വരാം… എനിക്ക് ആ സ്ഥലങ്ങളൊക്കെ കണ്ട് നല്ല പരിചയമുണ്ട്…” ഭക്ഷണം കഴിച്ചു തീർത്ത് ശിവദാസൻ പറഞ്ഞു…
“ വേണ്ട അങ്കിൾ ഞാൻ തനിയെ പൊയ്ക്കോളാം… നാളെ ഒരു ടാക്സി വിളിച്ചു തന്നാൽ ഉപകാരമായിരിക്കും… ഇവിടന്ന് 140 കി.മീ യാത്രയില്ലേ അങ്ങോട്ടേക്ക്… എനിക്ക് ആ സ്ഥലത്തിനോട് ചേർന്നുള്ള ഏതെങ്കിലും ഒരു ഹോട്ടലിൽ താമസം ഏർപ്പാടാക്കിയാൽ മതി…“ രാഘവിന്റെ വർത്തമാനം കേട്ട് ശിവദാസൻ അവനെ ഒരു വല്ലാത്ത ഭാവത്തോടു കൂടി നോക്കി… ഇവിടത്തെ വഴികളെല്ലാം മനസ്സിലാക്കി വച്ചിരിക്കുന്ന പോലെയാണ് അവന്റെ സംസാരം…
“ ഓകെ… നിന്റെ ഇഷ്ടം… നാളെ തന്നെ ബുക്ക് ചെയ്തേക്കാം… മൂന്ന് ദിവസമല്ലേ നീ ഇവിടെ കാണൂ… എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട… ഇപ്പോൾ കിടന്നോളൂ…” അതു പറഞ്ഞിട്ട് ശിവദാസൻ എഴുന്നേറ്റു…