രാഘവായനം – 4 – അവസാനഭാഗം
RAKHAVAAYANAM PART 4 BY PAZHANJAN | PREVIOUS PARTS
രാഘവായനം – പാർട്ട് 4 (അവസാന ഭാഗം) by പഴഞ്ചൻ…
( കഥ ഇതുവരെ – മുത്തശ്ശിയുടെ ആഗ്രഹപ്രകാരം രാവണന്റെ ചന്ദ്രഹാസം നശിപ്പിക്കുന്നതിനായി രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം, രാമേശ്വരം എന്നിവിടങ്ങളിലെ രാമസാന്നിദ്ധ്യ പ്രദേശങ്ങളിൽ നിന്ന് മണൽത്തരികൾ ശേഖരിച്ച് ലങ്കയിലേക്കുള്ള യാത്രയ്ക്കായി രാഘവ് നാട്ടിൽ തിരിച്ചെത്തുന്നു… തുടർന്ന് വായിക്കുക)… ……
നാട്ടിൽ തിരിച്ചെത്തിയ രാഘവ് അതിരാവിലെ തന്നെ നേരെ ഗോകുലിന്റെ അടുത്തേക്കാണ് പോയത്…
ഗോകുലിന്റെ വിടിനു താഴെ നിന്ന് രാഘവ് എൻഫീൽഡിന്റെ ആക്സിലറേഷൻ കൂട്ടി… ഘഠ് ഘഠ്… എന്ന ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഗോകുൽ എഴുന്നേറ്റത്… അവൻ അതാരുടെ വണ്ടിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ് ഓടിപ്പിടഞ്ഞ് വീടിന്റെ ബാൽക്കണിയിൽ നിന്ന് ഗേറ്റിലേക്ക് നോക്കി… അവിടെ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന രാഘവിനെ കണ്ട് ഉടുത്തിരിക്കുന്നത് വെറുമൊരു ഷോർട്ട്സ് മാത്രമാണെന്ന് ഓർക്കാതെ അവൻ താഴേക്ക് ഓടിയെത്തി…
“ എടാ നീ എത്തിയല്ലേ… ഇപ്പോഴാ ഒന്ന് സമാധാനമായത്… “ കിതപ്പിനിടയിലും ചിരിച്ചു കൊണ്ട് ഗോകുൽ പറഞ്ഞു…
രാഘവ് തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു… വിടർന്ന കണ്ണുകളോടെ ആ ഗോളാകൃതിയിലുള്ള ചില്ലു കുപ്പിയിലേക്ക് നോക്കി ഗോകുൽ അന്തം വിട്ടു നിന്നു…
“ രാമേശ്വരത്തേയും?… “ വിശ്വാസം വരാതെ ഗോകുൽ രാഘവിന്റെ മുഖത്തേക്ക് നോക്കി…
“ നിന്റെ സഹായം ഒന്നുള്ളത് കൊണ്ടുമാത്രം…“ രാഘവ് ബൈക്കിൽ നിന്നിറങ്ങി അവനെ കെട്ടിപ്പിടിച്ചു…
“ എന്നെക്കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്തു…“ ഗോകുൽ സംതൃപ്തിയുടെ ഒരു മന്ദസ്മിതം പൊഴിച്ചു…
“ ഞാനിപ്പോ വരാം… “ പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ഗോകുൽ പറഞ്ഞു… എന്നിട്ട് അകത്തേക്ക് വീണ്ടും ഓടിപ്പോയി…
തിരികെ വന്ന ഗോകുലിന്റെ കയ്യിൽ ഒരു ചെറിയ ബുക്ക് ഉണ്ടായിരുന്നു…