വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിസ്റ്റർ റോസ് പൊതുജനങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചുപറ്റി .ഏതു സമയത്തും സേവനം ചെയ്യാൻ അവർ ഒരുക്കമായിരുന്നു .അവരുടെ വരവോടെ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൂടുതൽ മികവുറ്റതായി .ലൈബ്രറി ജോലിയും മഠത്തിലെ മറ്റു ജോലികളുമായി ഞാനും സന്തോഷ ജീവിതം നയിച്ചുവന്നു .പെട്ടന്ന് മഠത്തിൽ പല മാറ്റങ്ങളും സംഭവിച്ചു .കരുണാമയയും സ്നേഹസമ്പന്നയുമായ മദർ മഠത്തിൽനിന്നും നീക്കപെട്ടു .കൂട്ടത്തിൽ കുറെ സിസ്റ്റർ മാരും .റോസ് സിസ്റ്റർ പോവാതിരുന്നത് എനിക്ക് ആശ്വാസമായി .ദിവസങ്ങൾ പോകെ മഠത്തിലെ രീതികളിൽ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങി .പുതിയ മദർ കർക്കശക്കാരിയും പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതവും ഉള്ളവരായിരുന്നു .എന്നോടുള്ള സമീപനത്തിലും മാറ്റം ഉണ്ടായി .സ്വന്തമെന്നു ഞാൻ കരുതിയ മഠം എനിക്കന്യമായി തോന്നി .തോട്ടംപണിയും ഡ്രൈവർ പണിയും എന്നോട് ചെയ്യണ്ടെന്നു പറഞ്ഞു .എന്തോ ലൈബ്രറിയിലെ ജോലി എനിക്ക് നഷ്ട്ടമായില്ല .ഞാനും റോസ് സിസ്റ്ററുമായി സംസാരിക്കാനുള്ള സാഹചര്യങ്ങൾ കുറഞ്ഞു വന്നു .സിസ്റ്റർ എപ്പോഴും ആരുടെയെങ്കിലും ഒപ്പം മാത്രമായി ലൈബ്രറിയിലേക്കുള്ള വരവും പോക്കും .വന്നാൽ തന്നെ ഞാനുമായി സംസാരമില്ല .ചെറിയൊരു പുഞ്ചിരി മാത്രം അവരിൽ നിന്നും ഉണ്ടായി .സത്യത്തിൽ ഞാൻ അനാഥനായി എനിക്ക് തോന്നിത്തുടങ്ങി .ഇത്രയയും കാലം എനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ എനിക്കാരുമില്ല .സംസാരിക്കാൻ ഇടപഴകാൻ ഒന്നിനും ആരുമില്ലാത്ത അവസ്ഥ .എനിക്കും അവിടം മടുത്തുതുടങ്ങി കാര്യമില്ലാതെ പലപ്പോഴും മദർ എന്നെ ശകാരിച്ചു .എന്നെ എങ്ങനെയെങ്കിലും മഠത്തിൽ നിന്നും പറഞ്ഞുവിടാൻ നോക്കുന്നപോലെ മഠത്തിൽ എനിക്ക് ആരുമായും അടുപ്പം ഇല്ലാതായിവന്നു .കന്യാസ്ത്രികൾ മാത്രം താമസിക്കുന്ന മഠത്തിൽ അന്യപുരുഷന്മാർ വരാൻ പാടില്ലെന്ന നിയമം മദർ നടപ്പിലാക്കി .