അനാഥാലയത്തിൽ വളർന്നവർ സമൂഹത്തിൽ എങ്ങനെ പിന്നീട് ജീവിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല അതുവരെ പേരിന് പറയാൻ ഓർഫനേജിന്റെ വിലാസമെങ്കിലും ഉള്ളവർ തെരുവിലേക്ക് ഇറങ്ങുമ്പോ പറയാൻ ഒരു മേൽവിലാസം പോലുമില്ലാത്തവരായി മാറുന്നു .കിട്ടുന്ന ജോലികൾ ചെയ്തും കാണുന്നിടങ്ങളിൽ തങ്ങിയും അവർ ജീവിക്കുന്നു മരിക്കുന്നു .അവരെ ഈ ലോകം കാണാറുമില്ല അറിയാറുമില്ല .ഏതോ നല്ല വീട്ടിലെ പെണ്ണിന് സംഭവിച്ച കാലകേടാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പഠിക്കാൻ ഞാൻ സമ്മർദ്ധനായിരുന്നു ഓർഫനേജിൽ നിന്നും പഠിക്കാൻ വിടുന്നത് ഉച്ചക്കു ലഭിക്കുന്ന ഭക്ഷണം കണ്ടുകൊണ്ടാണ് സർക്കാരിന്റെ ഔദാര്യത്തിൽ ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും ഒരുനേരത്തെ ഞങ്ങളുടെ മൃഷ്ടാന ഭോജനമായിരുന്നു .നീണ്ടു കിടക്കുന്ന ഓർഫനേജ് വളപ്പിൽ നിറയെ കാണപ്പെട്ടിരുന്ന പപ്പായ മരങ്ങളിൽ കായ്ച്ചിരുന്ന പപ്പായകളാണ് മിക്കവാറും ഞങ്ങളുടെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത് .ആദ്യകാലങ്ങളിൽ പട്ടിണിയും വിശപ്പും ഒരുപാടു ഞാൻ അനുഭവിച്ചിട്ടുണ്ട് .കാലം പുരോഗമനത്തിന്റെ പാതയിലേക്ക് കയറിയപ്പോൾ ഞങ്ങളും അല്പം മെച്ചപ്പെട്ട നിലയിലായി .ആരൊക്കെയോ നല്ല മനസ്സുകൾ സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ടെന്നും അതിൽനിന്നും ഒരുവിഹിതം ഞങ്ങളിൽ എത്താറുള്ളതും അന്നൊക്കെ ആശ്വാസമായിരുന്നു .വിവാഹങ്ങൾ വീടുകളിൽ നിന്നും മണ്ഡപങ്ങളിലേക്ക് മാറിയതും മിച്ചം വരുന്ന ഭക്ഷണം ഓർഫനേജിൽ എത്തിച്ചിരുന്നതും വല്ലപ്പോഴും രുചിയുള്ള ആഹാരങ്ങൾ ഞങ്ങൾക്കും ലഭിക്കാനുള്ള അവസരങ്ങളായി .