ബസ്സ്റ്റാൻഡിൽ എത്തി ഞങ്ങൾ ചായ കുടിച്ചു .വെളുപ്പിനുള്ള ബസിൽ ഞങ്ങൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു .മൂന്നുമണിക്കൂറെടുത്തു ഞങ്ങൾ സുൽത്താൻ ബത്തേരിയിൽ വണ്ടിയിറങ്ങി .ഹോട്ടലിൽ കയറി കാപ്പിയും പലഹാരങ്ങളും കഴിച്ചു .വിശപ്പടക്കി ഞങ്ങൾ അവിടെയുള്ള ഹോട്ടൽ ജീവനക്കാരനോട് ആദിവാസി ഊരുകളെ കുറിച്ച് തിരക്കി .ബത്തേരിയിയുടെ ഉൾനാടുകളിൽ ആണ് കൂടുതലായും അവരുടെ കൂരകൾ എന്ന് അറിയാൻ കഴിഞ്ഞു .കാര്യങ്ങൾ അറിഞ്ഞപ്പോൾ അയാൾ ഞങ്ങൾക്ക് മറ്റൊരാളെ പരിചയപ്പെടുത്തി അയാളുടെ കൂടെ ഞങ്ങൾ യാത്ര തുടങ്ങി .ആദിവാസിസമൂഹത്തെ കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ഞങ്ങൾ മനസ്സിലാക്കി .ചീയമ്പം എന്ന കൊച്ചു ഗ്രാമത്തിലേക്ക് അയാൾ ഞങ്ങളെ എത്തിച്ചു
നല്ല തണുപ്പുള്ള സ്ഥലമാണ് ചീയമ്പം നിറയെ കൃഷിസ്ഥലങ്ങളും മരങ്ങളും ഒക്കെയായി പ്രകൃതിയുടെ കളിത്തൊട്ടിൽപോലെ മനോഹരമായ ഇടം .അവിടെ ഞങ്ങൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു അയാൾ പറഞ്ഞു .ഞങ്ങൾ വീടുതേടി അയാളോടൊപ്പം നടന്നു .ഒരുവലിയ വീടിന്റെ അകത്തേക്ക് അയാൾ ഞങ്ങളെ കൂട്ടികൊണ്ടുപോയി ആ നാട്ടിലെ ജന്മിയുടെ വീടാണതെന്നു ഞങ്ങൾക്ക് തോന്നി .കുറെ ആളുകൾ അവിടെപണിക്കുണ്ടായിരുന്നു .കുരുമുളകും നെല്ലും വീടിന്റെ മുറ്റം നിറയെ ഉണക്കാൻ ഇട്ടിരിക്കുന്നു .പ്രായമായ ഒരാൾ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടു പോയി .