സിസ്റ്റർ സോഫിയ പോട്ടയിലേക്കു പോകാനുള്ള ബസ്സിൽ കയറി .ഞങ്ങളുടെ നിർദ്ദേശ പ്രകാരം റോസ് സിസ്റ്റർ പോട്ട വരെ സിസ്റ്റർ സോഫിയക്കൊപ്പം ഉണ്ടാവും അവിടെ വച്ച് സിസ്റ്റർ സോഫിയയുടെ കയ്യിൽ എഴുത്തു നൽകി റോസ് സിസ്റ്റർ എന്നോടൊപ്പം പോകുന്നു .മഠത്തിൽ അങ്ങനെമാത്രമേ അറിയിക്കാവു എന്ന് ഞാൻ സോഫിയ സിസ്റ്ററിനെ ധരിപ്പിച്ചു .അത്രയും സമയം ഞങ്ങൾക്ക് സ്വസ്ഥമായി യാത്ര ചെയ്യാം .എങ്ങോട്ടാണ് ഞങ്ങൾ പോകുന്നതെന്ന് കത്തിൽ സൂചിപ്പിച്ചില്ല .എന്നോടൊപ്പം വരുന്ന കാര്യങ്ങൾ മാത്രം കത്തിൽ രേഖപ്പെടുത്തി .പോകാൻ നേരം സിസ്റ്റർ സോഫിയ സിസ്റ്റർ റോസിനെ കെട്ടിപിടിച്ചു കരഞ്ഞു .അവരുടെ കയ്യിലുണ്ടായിരുന്ന ഒരു വള അവർ സിസ്റ്ററിനെ ഏൽപ്പിച്ചു .സിസ്റ്ററിന്റെ അമ്മയുടെ സ്മരണയ്ക്ക് വേണ്ടി സൂക്ഷിച്ച വളയാണ് അത് .ഏറെ നിർബന്ധിച്ചെങ്കിലും അത് തിരികെ വാങ്ങാൻ സിസ്റ്റർ സോഫിയ വിസ്സമ്മതിച്ചു .സോഫിയ സിസ്റ്റർ ബസ്സിൽ കയറി യാത്ര ആയതോടെ ഞങ്ങൾ രണ്ടുപേരും റെയിൽവേ സ്റ്റേഷനിൽ എത്തി .ട്രെയിനിൽ കയറി ഞങ്ങൾ വായനാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു .ട്രെയിനിൽ സിസ്റ്റർ വളരെയധികം മൂകമായ ഭാവത്തിൽ ആയിരുന്നു .അധികമൊന്നും ഞങ്ങൾ സംസാരിച്ചില്ല .പോട്ടയിലെത്തി സിസ്റ്റർ സോഫിയ ഞങ്ങളെ വിളിച്ചു മഠത്തിൽ വിവരമറിയിക്കാൻ പോകുകയാണെന്നും ഞങ്ങൾ എവിടെയെത്തിയെന്നു ചോദിച്ചു.അപ്പോഴേക്കും ഞങ്ങൾ എറണാകുളം കഴിഞ്ഞിരുന്നു .സോഫിയ സിസ്റ്റർ വിളിച്ച കാര്യം ഞാൻ സിസ്റ്ററിനെ അറിയിച്ചു ധീർകമായൊരു നിശ്വാസം മാത്രം അവരിൽ നിന്നും ഉണ്ടായി .കയ്യിൽ കൊന്തയും പിടിച്ചു അവർ പ്രാർത്ഥന നിരതയായി പുറത്തെ കാഴ്ചകളിൽ മുഴുകി ഞാനും .ഓർമ്മവച്ച കാലം മുതൽ മഠവും ഓർഫനേജും മാത്രം കണ്ടുവളർന്ന എനിക്ക് പുതിയ കാഴ്ചകൾ അത്ഭുതമായിരുന്നു .