സിസ്റ്റർ ആണെങ്കിലും സുന്ദരിയായ സ്ത്രീയാണ് അവർ .അവരെയും കൊണ്ട് ഞാൻ എവിടെ ചെന്നാലും ഞങ്ങൾ തമ്മിലുള്ള ബന്ധം ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്നതിനെക്കുറിച്ചു എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല .എന്തായാലും ഇവിടെ നിന്നും പോകണം എന്ന് ഞാൻ തീരുമാനിച്ചു .എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു .പിറ്റേന്ന് തന്നെ ഞാൻ ബാങ്കിലെത്തി മുഴുവൻ കാശും പിൻവലിച്ചു .എങ്ങോട്ടു പോകണമെന്നതിനെ കുറിച്ച് ഞാൻ ആലോചനയിൽ മുഴുകി .പത്രത്തിൽ വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളെ കുറിച്ചൊരു ഫീച്ചർ ഞാൻ വായിക്കാൻ ഇടയായി .അവ അവരുടെ ദുരിതപൂർണമായ ജീവിതത്തിൽ എന്റെ മനസ്സും വേദനിച്ചു .ആദിവാസി ഊരുകളിലെ സ്ത്രീകൾ വൈദ്യസഹായം ലഭിക്കാതെ പ്രസവത്തിൽ മരണമടയുന്നതും പിറക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിക്കുന്നതുമായ വാർത്ത എന്റെ മനസ്സിൽ വിങ്ങലുണ്ടാക്കി .അവരെ സഹായിക്കാൻ സേവിക്കാൻ ശുശ്രുഷിക്കാൻ ആരും ഇല്ല എന്ന തിരിച്ചറിവ് എന്നെ അവിടേക്കു പോകാൻ പ്രേരിപ്പിച്ചു .സിസ്റ്ററിന്റെ സേവനം ഏറ്റവും ആവശ്യമായിവന്നിരിക്കുന്നത് അവർക്കാണ് .ഇതറിഞ്ഞിട്ടും അവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ലെങ്കിൽ എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് എനിക്ക് തോന്നി ഈ വിവരം സിസ്റ്ററിനെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു .സോഫിയ സിസ്റ്ററിന്റെ കയ്യിൽ ഞാൻ വിവരങ്ങൾ ധരിപ്പിച്ചു കൊണ്ട് റോസ് സിസ്റ്റർക്കു കത്ത് നൽകി .മദർ അതിനിടയിൽ സിസ്റ്റർക്കു 10 ദിവസത്തെ ധ്യാനം കല്പിച്ചിരുന്നു .പോട്ടയിൽ ധ്യാനത്തിന് പോകാൻ സിസ്റ്റർ തയ്യാറെടുത്തു .ഇതുതന്നെയാണ് പറ്റിയസമയം എന്ന് ഞാനും തീരുമാനിച്ചു .പോട്ടയിലേക്കു പോകന്നതിനു മുൻപ് എനിക്കുള്ള എഴുത്തു സിസ്റ്റർ കൊടുത്തയച്ചു .