ഞാൻ അവനെ വിളിച്ച് വരാന്തയുടെ അറ്റത്തുള്ള പടിയിൽ ഇരുന്നു. പിന്നെ ഒരു സ്റ്റൂൾ വരയ്ക്കാൻ പറഞ്ഞു. ചില നിർദ്ദേശങ്ങൾ കൊടുത്തു. അവൻ വരയ്ക്കുന്നതും നോക്കി ഇരുന്നപ്പോൾ ശങ്കരേട്ടനും ടീച്ചറും എന്തൊക്കെയോ പറയുന്നതും ഇടയ്‌ക്ക് ചിരിക്കുന്നതും കേട്ടു .
അരമണിക്കൂർ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞാൻ ടീച്ചറെ നോക്കി കണ്ണിറുക്കി ചിരിച്ചു. അവരും പൂത്തുലഞ്ഞ കൊന്ന പോലെ മനോഹരീയായി നിന്നു.. ചിരിച്ചു.
നന്ദി ഉണ്ട് വിഷ്ണൂ… ഈ ശങ്കരേട്ടനെ ഇവിടെ കൊണ്ടുവന്നൂലോ.
കുറച്ചു നേരം ഒന്നും മിണ്ടാതെ ഞങ്ങൾ ഇടവഴിയിലൂടെ നടന്നു. ശങ്കരേട്ടന്റെ ഒരു സ്ഥിരം മുറുക്കാൻ കടയിൽ നിന്നും പുകയിലയുടെ ഞെട്ടും, കളി അടക്കയും, തളിർ വെറ്റിലയും കൂട്ടി ഞങ്ങൾ ഭേഷായി മുറുക്കി. പിന്നെയും നടന്നു. അമ്പലത്തിന്റെ അടുത്ത് കുളം. അവിടത്തെ ആൽ മരത്തിന്റെ തറയിൽ ഞങ്ങൾ ഇരുന്നു. ശങ്കരേട്ടന്റെ ഒന്നു രണ്ട് കൂട്ടുകാർ വന്ന് കുറച്ച് വെടി പറഞ്ഞു. പിന്നെ ഞങ്ങൾ ഒറ്റക്കായി.
നീ സ്കൂളിലുള്ള ടീച്ചര്മാരെ ഒക്കെ കണ്ടിട്ടില്ല്യേ? ഏട്ടൻ ചോദിച്ചു.
ഉവ്വ്.
അപ്പോ ദേവിയും… ആ… അതായത് ദാക്ഷയാണിയും ബാക്കി ഉള്ളവരും തമ്മിൽ എന്താ വ്യത്യാസം? ഏട്ടൻ ചോദിച്ചു.