പെട്ടെന്ന് എന്തോ ചിലക്കുന്ന പോലെ ശബ്ദം കേട്ട് രാഘവ് അതെന്താണെന്ന് ശ്രദ്ധിച്ചത്… പർവ്വതത്തിന്റെ കുറച്ച് മുകളിൽ നിന്നാണ് ആ ശബ്ദം വരുന്നതെന്നു കണ്ട് അങ്ങോട്ട് നോക്കവേ ഒരു കുരങ്ങൻ തന്റെ ബാഗുമായി മലയിലേക്ക് പതുക്കെ കേറിപ്പോകുന്നത് അവൻ കണ്ടു…
“ ഹേയ്… അതു കൊണ്ടു പോകരുത്… ടാ… ” രാഘവിന്റെ ഉറക്കെയുള്ള ശബ്ദത്തിൽ അരിശവും സങ്കടവും ഉണ്ടായിരുന്നു… കുരങ്ങൻ ആ വിളി കേട്ടപ്പോൾ രാഘവിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അടുത്തുണ്ടായിരുന്ന ആൽമരത്തിലേക്ക് ചാടി… രാഘവ് ഒരു നിമിഷം നോക്കി നിന്നു പോയി… കുരങ്ങൻ അക്ഷരാർത്ഥത്തിൽ പറക്കുന്നത് പോലെയാണ് അവനു തോന്നിയത്… കുറച്ച് ഉയരത്തിലായുള്ള ആൽമരത്തിന്റെ ചില്ലയിലിരിക്കുന്ന കുരങ്ങന്റെ അടുത്ത് ചെന്നപ്പോഴാണ് ആ കുരങ്ങൻ സാധാരണ കുരങ്ങൻമാരിൽ നിന്ന് വ്യത്യസ്തനാണെന്ന് അവന് മനസ്സിലായത്… നല്ല വലിപ്പവും, തടിയും, ഇളം ചുവപ്പ് നിറവുമുള്ള ഒരു കുരങ്ങൻ… ആൽമരത്തിനു താഴെ ചെന്ന് കുരങ്ങന് നേരെ ഒരു കല്ലെടുത്തെറിഞ്ഞു അവൻ… അത് കൃത്യമയി കുരങ്ങന്റെ ദേഹത്ത് തന്നെ കൊണ്ടു… കുരങ്ങന് പക്ഷേ ഒരു കുലുക്കവുമുണ്ടായില്ല… ആ വാനരൻ രാഘവിന്റെ ബാഗ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു…
“ ഹനുമാൻ സ്വാമിയെ ഓർത്ത്… ദയവു ചെയ്ത് അതെനിക്ക് തരൂ… ” രാഘവ് കൈകൂപ്പി നിന്ന് യാചിച്ചു… താൻ ചെയ്യുന്നത് ഒരു കുരങ്ങൻ എങ്ങിനെ മനസ്സിലാക്കും എന്നൊന്നും അവനപ്പോൾ ചിന്തിച്ചില്ല… ആ ബാഗ് തിരികെ വാങ്ങിയെടുക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം…
ഒന്ന് തലകുമ്പിട്ട് നിവർന്ന രാഘവിന് തന്റെ കൂപ്പുകൈയിലേക്ക് ബാഗ് വന്ന് വീഴുന്നതായി അനുഭവപ്പെട്ടു… അത് അവന്റെ കൈകളിൽ കിടന്നാടി… രാഘവ് കൂപ്പുകൈയ്യോടെ തന്നെ മുകളിലേക്ക് നോക്കി…
രാഘവായനം 3 [പഴഞ്ചൻ]
Posted by