രാഘവായനം 3 [പഴഞ്ചൻ]

Posted by

“ ഇത് തമാശക്കളിയല്ല… ശ്രീലങ്കൻ എംബസിയിലെ ശിവദാസന്റെ സ്ട്രോങ്ങ് റെക്കമന്റ് ഉള്ളത് കൊണ്ടു മാത്രമാണ് നിന്നെ ഇതിൽ ഉൾപ്പെടുത്തിയത്… പക്ഷേ നീ ഉത്തരവാദിത്യമില്ലായ്മ കാണിച്ചു… അതിനുള്ള ശിക്ഷ ഈ പ്രൊജക്ടിൽ നിന്നും നിന്നെ ഒഴിവാക്കുക എന്നതാണ്… നിന്നെ മാത്രമല്ല, ഇവളേയും… “ അയാളുടെ ശബ്ദത്തിലെ ക്ഷോഭം രാഘവ് തിരിച്ചറിഞ്ഞു…
“ സർ… ഞാൻ നിർബന്ധിച്ചിട്ടാണ് ആരാധന എന്റെയൊപ്പം വന്നത്… ഈ റിസർച്ചിൽ പങ്കെടുക്കാൻ ആ കുട്ടി വളരെ ആഗ്രഹിച്ചു വന്നതാണ് സർ… ഇതെന്റെ മാത്രം കുറ്റമാണ്… ഞാൻ ഇന്നുതന്നെ മടങ്ങിപ്പോയേക്കാം… ആ കുട്ടിയെ ഒഴിവാക്കരുത്… പ്ലീസ് സർ… “ രാഘവിന്റെ കുറേ നേരത്തേ അപേക്ഷയുടെ ഫലമായി ആരാധനയെ റിസർച്ച് ടീമിൽ നിലനിർത്താൻ തീരുമാനമായി…
തന്റെ ലഗ്ഗേജുകളൊക്കെ കെട്ടിപ്പെറുക്കി ക്യാമ്പിനു പുറത്ത് കടന്ന രാഘവിനെ നോക്കി പുറത്ത് കാത്ത് നിൽക്കുകയായിരുന്നു ആരാധന… അവന്റെ വിടുതൽ അവളെ ആകെ ഒന്നുലച്ചിരുന്നു…
“ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞ് എന്നെയിവിടെ തനിച്ചാക്കി പോവുകയാണല്ലേ രാഘവ്… “ എപ്പോഴും പ്രസന്നതയോടെയിരുന്ന അവളുടെ മുഖം മ്ലാനമായിരുന്നു…
“ ഇവിടത്തെ എന്റെ ദൌത്യം കഴിഞ്ഞു ആരാധനാ… പിന്നെ നിന്റെ ഒരു വലിയ ആഗ്രഹം ഞാൻ കാരണം തകരുന്നത് എനിക്ക് താങ്ങാനാവില്ല… “ രാഘവിന്റെ ശാന്തമായ മുഖത്ത് നിന്ന് വാക്കുകൾ ഉതിർന്നു…
“ എന്തിനാണ് ആ പാറക്കഷ്ണം നീയെടുത്തത്?… ആ കല്ലിൽ എന്താണ് എഴുതിയിരുന്നത്?… എന്തായിരുന്നു നിന്റെ ലക്ഷ്യം രാഘവ്?… “ തൊടുത്തുവിട്ട ശരങ്ങൾ കണക്കേ അവൾ രാഘവിനെതിരേ ചോദ്യങ്ങൾ വർഷിച്ചു… എല്ലാത്തിനും സമാധാനത്തോടെ രാഘവ് മറുപടി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *