രാഘവ് പോക്കറ്റിൽ നിന്ന് ചെറിയ ചുറ്റികയെടുത്ത് അക്ഷരങ്ങൾ കണ്ട ആ പാറയുടെ ഒരു ചെറിയ കഷ്ണം പൊട്ടിച്ചെടുക്കാൻ തുടങ്ങി… അത് പൊടിഞ്ഞു താഴെ വീഴാൻ അവന് അധികം ബലം പ്രയോഗിക്കേണ്ടി വന്നില്ല… ആ വരകൾക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല… അവന്റെ ചില്ലുകുപ്പിയിലേക്ക് അവന് വേണ്ടതായ അവസാനത്തെ മണൽത്തരി… അതാണ് ഇപ്പോൾ അവൻ സ്വന്തമാക്കിയത്… താഴെ മണ്ണിൽ വീണ ആ പാറക്കഷ്ണം അവനെടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു… അതെന്തിനാണെന്ന് സംശയത്തോടെ ചോദിച്ച ആരാധനയോട് പറയാം എന്നാംഗ്യം കാണിച്ച് മുകളിലേക്ക് പോകാമെന്ന് രാഘവ് സിഗ്നൽ കൊടുത്തു… അവർ രണ്ടു പേരും പതിയെ ജലനിരപ്പിലെത്തി…
ജലപ്പരപ്പിനു മുകളിലേക്കെത്തിയ അവർ കണ്ടത് തങ്ങളെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന സംഘത്തെയാണ്…
“ നിങ്ങൾ ഇവിടെ പിക്നിക്കിനു വന്നതാണോ കുട്ടികളേ…? “ അവരെ പുച്ഛത്തോടെ നോക്കിക്കൊണ്ട് പ്രായമായ പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ ചോദിച്ചു…
“ ക്ഷമിക്കണം… അടക്കാനാവാത്ത ആകാംക്ഷ കൊണ്ട് ഒന്ന് താഴേക്ക് പോയതാണ്… “ രാഘവ് ചമ്മലോടെ പറഞ്ഞു…
“ കുട്ടീ നീയും… “ ആരാധന കൂടി രാഘവിന്റെ കൂടെപ്പോയെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നു…
“ഉം പോകാം… ഇനി വൈകിട്ട് വരാം… ” അത്രയും പറഞ്ഞ് എല്ലാവരേയും പാക്കപ്പ് ചെയ്ത് ബോട്ട് കരയിലേക്ക് കുതിച്ചു… തീരത്ത് ക്യാമ്പിൽ എത്തിയപ്പോൾ രാഘവിനേയും ആരാധനയേയും അയാൾ വിളിപ്പിച്ചു…
“ സർ ഇപ്രാവശ്യത്തേക്ക് ക്ഷമിക്കണം… ഇനി ഉണ്ടാവില്ല…“ രാഘവിന്റെ മുഖത്ത് വിഷമം നിഴലിട്ടു…