അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ധനുഷ് കോടിയിലെ അവരുടെ ക്യാമ്പിനടുത്തുള്ള കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്ന രാഘവിന്റെ അടുത്ത് ആരാധന എത്തി…
“ രാഘവ്… “ എന്തൊ ആലോചനയിൽ മുഴുകിയിരുന്ന രാഘവ് പെട്ടെന്ന് ആരാധനയുടെ വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി…
“ഹായ്… വാ ഇവിടിരിക്ക്… “ രാഘവ് അവളെ അവനരികിൽ ഇരിക്കാൻ ക്ഷണിച്ചു… ആരാധന ഇരുന്ന ശേഷം അവന്റെ മുഖത്തോട്ട് നോക്കി…
“ ശരിക്കും ആരാ നീ?… എന്തിനാ ഇവിടെ വന്നത്?…“ അവളുടെ സംശയത്തോടെയുള്ള ചോദ്യത്തിനു നേരെ രാഘവ് ഒരു പുഞ്ചിരി ഉതിർത്തു…
“ നിന്നെപ്പോലെ രാമസേതുവിന്റെ രഹസ്യങ്ങൾ അറിയാൻ വന്ന ഒരു ഹിസ്റ്ററി സ്റ്റുഡന്റ്… “ രാഘവിന്റെ ആ ഉത്തരത്തിന് അവളിൽ നിന്ന് സംശയത്തിന്റെ നിഴലുകളെ മായ്ക്കാൻ സാധിച്ചില്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി…
“ നീ നുണ പറയുന്നതായി എനിക്ക് തോന്നുന്നില്ല… പക്ഷേ… “ ആരാധന പകുതിക്ക് വച്ച് അവളുടെ സംഭാഷണം മുറിച്ചപ്പോൾ രാഘവ് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി…
“ പറഞ്ഞോളൂ ആരാധനാ… “ രാഘവ് അതെന്തെന്ന് അറിയാനായി ചോദിച്ചു…
“ ഇന്ന് നടന്ന സംഭവം… ആ കുരങ്ങൻമാരെല്ലാം നോക്കിയത് നിന്നെയാണ്… നീ കൈകൂപ്പിയപ്പോൾ ആണ് അവരെല്ലാം തിരികെ പോയത്… “ എന്തോ രഹസ്യം പറയുന്നതു പോലെ ആരാധന അവനോട് പറഞ്ഞു…
“ ആരാധനാ… നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ഒന്ന് തെളിച്ചു പറ…“ കാര്യം മനസ്സിലാവാതെ രാഘവ് ചോദിച്ചു…
“ ഏയ് ഒന്നുമില്ല… എനിക്ക് ചുമ്മാ എന്തൊക്കെയോ തോന്നിയതാ… ഞാൻ പോണു… നാളെയാണ് രാമസേതുവിന്റെ റിസർച്ച് തുടങ്ങുന്നത്… നേരത്തേ കിടന്നോ… “ അതു പറഞ്ഞ് അവൾ എഴുന്നേറ്റ് ക്യാമ്പിലേക്ക് നടന്നു…