രാഘവായനം 3 [പഴഞ്ചൻ]

Posted by

യാത്ര തുടങ്ങിയ ബീച്ച് ഏരിയയിലേക്ക് തിരികെ എത്തിയപ്പോൾ സായാഹ്നമായിരുന്നു… വാനിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്… കുറച്ച് കുരങ്ങൻമാർ- ഒരു ഇരുപതെണ്ണമെങ്കിലും ഉണ്ടാവും… റോഡിന്റെ ഇരുവശങ്ങളിലായി ഉള്ള ചെറിയ അരമതിലിൽ കേറി നിലയുറപ്പിക്കുന്നു… എല്ലാ കുരങ്ങൻമാരുടേയും നോട്ടം എത്തുന്നത് ഞങ്ങളിലേക്കാണ്… അല്ല തന്നിലേക്കാണ്… രാഘവിന് ഒരു ഉൾക്കിടിലമുണ്ടായി… രണ്ട് വശത്തും ഒരേ അകലത്തായിരുന്ന കുരങ്ങൻമാർ ഒരു അസാധാരണ കാഴ്ചയായിരുന്നു…
രാഘവും ആരാധനയും അങ്ങോട്ട് നടന്നടുക്കേ ഇരുവശത്തുമുള്ള കുരങ്ങൻമാർ തല ചെറുതായി കുനിച്ച് അവനെ നോക്കിക്കൊണ്ട് അവരുടെ കൈകൾ മലർത്തി തലയ്ക്ക് മുകളിലേക്ക് ഉയർത്തി… മറ്റ് സഞ്ചാരികളൊക്കെ ഈ കാഴ്ച കണ്ട് അന്തം വിട്ടു നിന്നു… എല്ലാവരും തങ്ങളുടെ മൊബൈൽ ക്യാമറകൾ ഓണാക്കി ആ രംഗം പകർത്താൻ ശ്രമിച്ചു… കൂടെ ആരാധനയും… പക്ഷേ അവളുടെ മൊബൈലിൽ ക്യാമറ വർക്ക് ചെയ്യുന്നില്ല… അവൾ വീണ്ടും വീണ്ടും ക്യാമറ പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും പരാജിതയായി ആ ശ്രമം ഉപേക്ഷിച്ചു… രാഘവ് ആ വാനരൻമാരെ നോക്കി കൈകൾ ഒന്ന് കൂപ്പിയപ്പോൾ ആ നിമിഷം കുരങ്ങൻമാരെല്ലാം നൊടിയിടയിൽ എങ്ങോട്ടോ ഓടിമറഞ്ഞു…
അപ്പോൾ തന്നെ ആരാധനയുടെ ക്യാമറ റെഡിയായി… അവൾ ക്യാമറ ഉയർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ആ കുരങ്ങൻമാരുടെ പൊടിപോലും കണ്ടില്ല… അവൾ രാഘവിന്റെ നേരെ നോക്കി… അവളുടെ കണ്ണുകളിൽ വിവരിക്കാനാവാത്ത ഒരു ഭാവം കണ്ടു അവൻ… ‘ഈ ക്യാമറയ്ക്കിതെന്തു പറ്റി നാശം…’ അവരുടെ അടുത്തു നിന്ന ചില സഞ്ചാരികളിൽ നിന്നുകൂടി ആ വാക്കുകൾ കേട്ടപ്പോൾ രാഘവിനെ നോക്കുന്ന അവളുടെ കണ്ണുകളിൽ ചില സംശയങ്ങളുടെ നിഴൽ രാഘവ് കണ്ടു… അവൻ മുന്നോട്ട് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *