മര്യാദാപുരുഷനായ ശ്രീരാമന്റെ, വാനരസൈന്യത്തെപ്പോലെ ഉത്സാഹഭരിതരായി, ഈ വീടുകളിലെ കരുമാടിക്കുട്ടന്മാരായ കുട്ടികൾ ഈ തീരത്തെല്ലാം ഓടിക്കളിച്ചിരുന്നില്ലേ? നേരം വെളുക്കുവോളം കടലിൽ പണിയെടുത്തിരുന്ന, കരിവീട്ടി കടഞ്ഞ മേനിയഴകുള്ള ഇവിടുത്തെ യുവാക്കൾ, തങ്ങളുടെ കാമിനിമാരെ സ്വപ്നം കണ്ടു, സായാഹ്നങ്ങൾ ഈ കടപ്പുറത്തല്ലേ ചിലവഴിച്ചിരിക്കുക? അവരുടെ കാമുകിമാർ അത് കാണാൻ ഓലപ്പഴുതിലൂടെ ഒളിച്ചു നോക്കിയിരുന്നത് ഈ കടലോരത്തല്ലേ?… 1964 ലെ അഭിശപ്തമായ ആ ഒരേയൊരു ദുരന്തദിവസം ഉണ്ടായിരുന്നില്ലെങ്കിൽ? അവരൊയൊക്കെ അല്ലെങ്കിൽ അവരുടെ പിൻതലമുറക്കാരെയെങ്കിലും ഇന്നിവിടെ ഞങ്ങൾക്ക് കാണാനാവുമായിരുന്നില്ലേ? ഉവ്വ്…. തീർച്ചയായും… ആരാധനയുടെ വിവരണത്തിൽ മനം കലങ്ങിയ രാഘവ് തന്റെ മുഖം കൈകളിൽ താങ്ങി ഇരുന്നു…
ഇത്തരം ചിന്തകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതിനാലാകണം, രാഘവിന് ആ മഹാസമുദ്രസംഗമം കൺനിറയെ കണ്ടു ആസ്വദിക്കാനായില്ല… ആരാധന അവനെ കൌതുകത്തോടെ നോക്കി… താൻ പറയുന്ന കാര്യങ്ങൾ ആ ചെറുപ്പക്കാരനിൽ ഉളവാക്കുന്ന വിഷമം ആ പെൺകുട്ടിക്ക് മനസ്സലായി… അവൾ അവനെ സമാധാനിപ്പിക്കുവാനായി തോളിൽ തട്ടി…
പെട്ടെന്ന് ആകാശത്തു ഒരു ഇരമ്പം…