രാഘവായനം 3 [പഴഞ്ചൻ]

Posted by

പതുക്കെ മണൽത്തിട്ട വഴി നീങ്ങിത്തുടങ്ങിയ വാൻ നേരെ കടലിലേക്കിറങ്ങി… തീരത്തിന് സമാന്തരമായല്ല മറിച്ച് നേരെ കടലിലേക്കാണ് യാത്ര… തിരക്കില്ലാത്ത ഏതോ ഹൈവേയിൽ ഡ്രൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ഡ്രൈവർ അങ്ങിനെ ഓടിച്ചു പോവുകയാണ്… വെള്ളം ഏതാണ് വണ്ടിയുടെ പ്ലാറ്റുഫോമിന്റെ അതേ നിരപ്പിലെത്തി… ഒരിഞ്ചുകൂടി മുങ്ങിയാൽ വെള്ളം ഉള്ളിലേക്ക് കയറും എന്ന സ്ഥിതിയായി… വണ്ടിയിലുണ്ടായിരുന്ന സ്ത്രീകൾ പലരും കണ്ണുകൾ ഇറുക്കിയടച്ചു… ഇടയ്ക്ക് വണ്ടി കരയിലെ മണലിലേക്കു കയറി… ഓ… ആശ്വാസം! പക്ഷെ, അതാ അതു നമ്മൾ ഗൾഫിലെ മരുഭൂമിയിൽ കണ്ടിട്ടുള്ള ‘ഡെസേർട് റൈഡ്’ പോലെ ചാഞ്ഞും ചരിഞ്ഞും കിതച്ചും ഒക്കെ മുന്നോട്ടു കുതിച്ചു….!!
വീണ്ടും നേരെ കടലിലേക്ക്… പിന്നെ കരയിലേക്ക്… അങ്ങിനെ ഏതാണ്ട് ഒരു മണിക്കൂറോളം ഉള്ള ‘സാഹസിക കര – കടൽ യാത്ര’-ക്കു ശേഷം ഞങ്ങൾ ധനുഷ് കോടിയിലെ മുനമ്പിലേക്കെത്തി… ഇനി കുറച്ചു സമയം നമുക്ക് സ്വതന്ത്രമായി കാഴ്ച്ചകൾ കാണാനുള്ളതാണ്… പിന്നെ അതേ വാനിൽ മടങ്ങണം…
മുൻപ് സൂചിപ്പിച്ച, രണ്ടു മഹാസമുദ്രങ്ങളുടെ സംഗമം… അത്യപൂർവ്വമായ കാഴ്ച… പിന്നെ, തകർന്നു പോയ ആ പഴയ ധനുഷ്കോടിയുടെ ബാക്കിയിരിപ്പുകൾ… അവയിൽ, വീടുകൾ, പള്ളികൾ, അമ്പലങ്ങൾ, റെയിവേ സ്റ്റേഷൻ, സ്‌കൂൾ… എല്ലാം ഉൾപ്പെടുന്നു… തകർന്നു വീണ വീടുകളുടെ അവശിഷ്ടങ്ങൾ കാണവെ, രാഘവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു… എത്രയോ മോഹങ്ങൾ ഉള്ളിലൊളിപ്പിച്ച മനുഷ്യരായിരുന്നു ഇവിടെ വസിച്ചിരുന്നത്?… മഹാസമുദ്രങ്ങളുടെ സംഗമഭൂമിയിൽ, ശ്രീരാമപാദം പതിഞ്ഞ ഈ പുണ്യഭൂമിയിൽ, ഒരു ജന്മം മുഴുവൻ ജീവിക്കാൻ അവസരം കിട്ടിയ തങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് അവർ കരുതിയിരുന്നിരിക്കില്ലേ ? അഥവാ, ഒരല്പം അഹങ്കരിച്ചിരിക്കില്ലേ?

Leave a Reply

Your email address will not be published. Required fields are marked *