രാഘവായനം 2 [പഴഞ്ചൻ]

Posted by

രാവണൻ സീതയെ തട്ടിയെടുക്കുന്ന സമയം അതേ നേരത്ത് അവിടെ ഉണ്ടായിരുന്നത് ജടായു മാത്രമാണ്… പുഷ്പകവിമാനത്തിൽ വന്ന രാവണനെ കൊത്തി മുറിവേൽപ്പിച്ച പക്ഷിയാണ് പാവം ജടായു… രാവണൻ തന്റെ ചന്ദ്രഹാസത്താൽ ജടായുവിന്റെ ചിറകരിഞ്ഞു… ചിറകറ്റ് വീണ ജടായു വന്നു വീണ സ്ഥലമാണ് പിന്നെ ജടായുപ്പാറ എന്ന സ്ഥലനാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്…
ഇപ്പോൾ ഇവിടെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജടായുവിന്റെ കൂറ്റൻ പ്രതിമയും ജടായു ചിറകറ്റ് വീണു കിടക്കുന്ന രൂപത്തിൽ ഉള്ളതാണ്… പാറയുടെ വശങ്ങളിൽ ചവിട്ടി മുകളിലെത്തിയപ്പോഴാണ് എന്ത് വലുതാണ് അതിന്റെ ആ പ്രതിമയുടെ വലിപ്പം എന്നവന് മനസ്സിലായത്… ആ പാറയിലേക്ക് രാഘവിന്റെ കാൽ പതിഞ്ഞ നിമിഷം ഇടതുഭാഗത്തെ കാട്ടിൽ നിന്നും കുറച്ച് കൊറ്റികൾ പറന്നകന്നു… വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്… തന്റെ മൊബൈൽ എടുത്ത് അവൻ ഒരു ഫോട്ടോ എടുത്തു…
ഒഴിവു ദിവസം ആയതുകൊണ്ടാകാം ആരേയും ആ പ്രദേശത്ത് അവൻ കണ്ടില്ല… ആ പ്രതിമയെ ഒന്ന് വണങ്ങിയ ശേഷം അതിനു ചുറ്റും രാഘവ് വലംവച്ചു… കുറച്ച് ഫോട്ടോകൾ എടുത്തു… അപ്പോഴാണ് രണ്ട് കാൽപ്പാടുകൾ പാറയിൽ അമർന്നതു പോലെയുള്ള രണ്ട് കുഴികൾ കണ്ടത്… അപ്പോൾ ഇതാണ് രാമപാദം പതിഞ്ഞ ഇടം… രാഘവ് അതിന്റെ ഓരത്ത് ഇരുന്ന് ബാഗിൽ നിന്ന് ചില്ലുകുപ്പിയെടുത്തു… അതേസമയം ഒരു ശ്രീകൃഷ്ണ പരുന്ത് പറന്നു വന്ന് അവന്റെ മുന്നിലായി ഇരുന്നു… രാഘവിനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മുകളിലേക്ക് പൊങ്ങിപ്പറന്നു… ആ പക്ഷി പറന്നുയർന്ന മാത്രയിൽ രാഘവിന്റെ മനസ്സിൽ ഒരു മിന്നലുണ്ടായി… ജടായു എന്നത് ഏത് വർഗ്ഗത്തിൽപെട്ട പക്ഷി ആയിരുന്നു… പരുന്തോ അതോ കഴുകനോ?…
ഉത്തരം കിട്ടാനാവാതെ രാഘവ് അരികിലുള്ള ഒരു പാറക്കല്ല് എടുത്ത് ഉരച്ച് ആ കുഴികളിൽ നിന്നും കുറച്ച് പാറപ്പൊടി ശേഖരിച്ചു… അതിനു ശേഷം അവിടം ഒന്ന് വണങ്ങിയിട്ട് തന്റെ കാലുകൾ ആ കുഴികളിലേക്ക് ഇറക്കിവച്ചു… ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം…

Leave a Reply

Your email address will not be published. Required fields are marked *