തുണയായി നെടുവീർപ്പുകളും ഇല്ലാതായി.
പുഴുവരിച്ചു തുടങ്ങിയത് കേട്ടറിഞ്ഞ് നേർപാതി മനസ്സില്ലാ-മനസ്സോടെ തിരിച്ചുവന്ന് പരിചരിച്ചു.
വർഷങ്ങൾ എത്ര കൊഴിഞ്ഞെന്ന് അറിയില്ല.
എന്നിട്ടും അവളുടെ മുഖത്ത് എന്തെങ്കിലും പുച്ഛമോ വെറുപ്പോ പ്രകടമായില്ല.
ലക്ഷ്യങ്ങൾക്കു പുറകേ ഓടിനടക്കുമ്പോൾ ആ സ്നേഹം കാണാനായില്ലെന്ന് ഖേദിക്കുന്നു.
ഇനി ഖേദിച്ചിട്ട് ഫലമില്ലല്ലോ.
അവളോടൊന്ന് മാപ്പ് പറയാൻ നാവിനി ചലിക്കില്ല.
വേദന ശിരസ്സിലേയ്ക്ക് അഗ്നിയായ് പടർന്നു കയറുന്നുണ്ട്
കൈകാലുകൾ ഒന്ന് പിടയ്ക്കാൻ ഗതിയില്ലാതെ മരിക്കുവാൻ പോകുന്നു…
മേൽപ്പറഞ്ഞ നിമിഷങ്ങളും ഇനി ബാക്കിയില്ലെന്ന് നാഡിപിടിച്ചു നിൽക്കുന്ന വൈദ്യനേക്കാൾ എനിക്കറിയാം.
ഒരവസരം ഇനിയുണ്ടാകുമെങ്കിൽ…
കാലുകൾ ചെറുതായെങ്കിലും ചലിക്കുമായിരുന്നെങ്കിൽ
ആ ഞാവൽ മരത്തണലിൽ ഇരുന്നൊരു നിമിഷമെങ്കിലും ജീവിക്കാമായിരുന്നു…
‘മനുഷ്യനായ്’ മണ്ണിലൊരു നിമിഷം ജീവിക്കാമായിരുന്നു.
ഇന്ന് പെയ്യുന്ന ചാറ്റൽമഴ ശ്രദ്ധിച്ചുവോ നിങ്ങൾ!
ഇന്നും അന്നേ പോലെ നൂലിഴ കെട്ടാതെ പെയ്തിറങ്ങുന്നു.
അന്ന് ഞങ്ങളത് നനഞ്ഞു തിമിർത്തതോർക്കുമ്പോൾ..,
ഇനിയാ ബാല്യം ഇല്ലെന്നോർക്കുമ്പോൾ മരണവേദനയേക്കാൾ വലിയൊരു വേദനയാണുള്ളിൽ…
ഓർമ്മത്തുള്ളികൾ ചെവിയരുകിലൂടെ ചേർന്നൊഴുകുന്നത് ശരിക്കും അറിയുന്നുണ്ട്…
വേദന സഹിക്കുന്നില്ല, ഞാനെന്റെ നാവൊന്ന് കടിച്ചുപിടിക്കട്ടെ.
കണ്ണുകളിറുക്കാൻ കഴിയുന്നില്ല അതിലൂടെയാണ് ഞാനെന്നെ വിട്ട് പോകുന്നത്.
ഞാനെന്നോട് വിട പറയുകയാണ്.