അന്നാ വരമ്പത്തിറ്റുവീണ കണ്ണുനീർ ആരും കണ്ടിട്ടുണ്ടാവില്ല…ചിണുങ്ങിപ്പെയ്തൊരു മഴയിലത് അലിഞ്ഞുപോയിരുന്നു.
ആശിച്ചതെല്ലാം നഷ്ടമായവന്റെ വാശിയായിരുന്നു പിന്നീട്.
അന്നുമുതൽ ആശകൾക്ക് പരിധി വെച്ചു തുടങ്ങി.
കൃത്യമായ ലക്ഷ്യത്തോടെ പലതും ആശിച്ചു.
സമ്പത്തും അധികാരവും പടിപടിയായി ആഗ്രഹങ്ങൾക്കൊത്ത് കയറി വന്നു.
ആ പടിയിലൂടെ അഹങ്കാരം നുഴഞ്ഞുകയറി വന്നത് ഇഷ്ടമായില്ലെങ്കിലും കൂടെയെപ്പഴോ സ്ഥാനം പിടിച്ചു.., അതോടെ ആശകൾ പരിധി ലംഘിച്ചും തുടങ്ങി.
കൊട്ടാരം പോലൊരു വീടും അതിലൊരു റാണിയും ഉണ്ടായി.
പിന്നെയും ആഗ്രഹങ്ങൾ നിലച്ചില്ല. അതോടെ കൊട്ടാരവും റാണിയും അപ്രസക്തങ്ങളായി.
മോഹിച്ച മണ്ണും ഒളിഞ്ഞിരുന്ന അവിഹിത മോഹങ്ങളും മറനീക്കി കടന്നു വന്നതോടെ റാണി പടിയിറങ്ങിപ്പോയി.
ആ വേർപാട് വലിയ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
അതോടെ പേക്കുത്തുകൾ പരിധികൾ ലംഘിച്ചു.
എന്തിനും ഏതിനും അടിയാളർ ഉണ്ടെന്ന ഹുങ്കിൽ വാഴ്ന്നു കൊണ്ടിരിക്കുമ്പോളാണ് ഇടത്തേ കയ്യിലും കാലിലുമൊരു തരിപ്പും തളർച്ചയും ഉണ്ടായി നിലം പതിച്ചത്.
ചില്ലുചഷകങ്ങൾ ചിലച്ചില്ലപിന്നെ…
നേർത്ത സാരംഗശീലുകളൊഴുകിയില്ല,
ചിലങ്കയിട്ടൊരു പെണ്ണും നൃത്തമാടിയില്ല;
ബാക്കിയായത്,
നെടുവീർപ്പുകളുടെ ഒറ്റവരിക്കവിതകളായിരുന്നു.
ദിവസങ്ങൾ അതേ കിടപ്പ് തുടർന്നപ്പോൾ പരിവാരങ്ങളോരോന്നായി കളമൊഴിഞ്ഞു..,