ഞാൻ ചുരുക്കി പറഞ്ഞു. അച്ഛന് അതിഷ്ടപ്പെട്ടു. നീ എന്തു ചെയ്താലും അത് ആത്മാർത്ഥമായി ചെയ്യണം. നിനക്ക് നല്ലതു വരും. പിന്നേ ആർക്കറിയാം, ചിലപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്താൽ നീ മറ്റുള്ളവരെക്കാളും വളരെ മുകളിൽ എത്തും. പിന്നെ ഞാൻ പോകുന്നവരെ നീ നിൽക്കണ്ട. കഴിയുന്നതും വേഗം തിരിച്ചു പൊയ്ക്കൊള്ളു. തിരക്ക് ആയി ഇരുന്നാൽ വേറെ ചിന്തകൾ ഒന്നും വരില്ല.
മൂന്നു ദിവസം കഴിഞ്ഞ് കാലത്തെ ഫ്ലൈറ്റിൽ മുംബൈ പിടിച്ചു.
ചെന്നിറങ്ങിയ എന്നെ എതിരേറ്റത് മാത്യു. ഞങ്ങൾ കെട്ടിപ്പിടിച്ചു. നീ സായിപ്പായല്ലോടെ….ഒരു വർഷം കൊണ്ട് എന്തൊരു മാറ്റം!
എന്നെ വിട്. നിന്നെ മമ്മിയ്ക്കു വലിയ കാര്യമാണല്ലോടെ. മൈഥിലിക്കും നല്ല അഭിപ്രായം ആണെന്ന് മമ്മി പറഞ്ഞു.
ഞാൻ ചിരിച്ചു. എന്നാലും അമ്മയെപ്പറ്റിയുള്ള ചിന്ത, വിട്ടുമാറിയില്ല. എന്തോ വലിയൊരു ശൂന്യത… മുൻപ് അമ്മയുമായി ഒത്തിരി സമയം ചിലവിട്ടിട്ടില്ല. എന്നാലും ഒരു വിങ്ങൽ.
അവൻ എന്നെ ചെമ്പൂരിൽ വിട്ടു. വൈകുന്നേരം മമ്മി വിളിക്കും. ഞാൻ ഇത്തിരി തിരക്കിലാണ്. നാളെ കാണാം.
ശൂന്യമായ ഫ്ലാറ്റിൽ ഞാൻ വെറുതേ കട്ടിലിൽ മലർന്നു കിടന്നു. മനസ്സും ശൂന്യം. വിശന്നപ്പോൾ അടുത്ത ഹോട്ടലിൽ വിളിച്ചു എന്തൊക്കെയോ കഴിച്ചു. മെല്ലെ മയക്കത്തിന്റെ പിടിയിൽ അമർന്നു.
മൊബൈൽ ശബ്ദിക്കുന്നത് കേട്ട് ഉണർന്നു. രാജ്… ഞാൻ അങ്ങോട്ടു വരുന്നു. അതുവഴി വന്നിട്ടു കാര്യമുണ്ട്. നീ എവിടെ?
ഫ്ലാറ്റിൽ ഉണ്ട്… ഞാൻ എണീറ്റ് മുഖം കഴുകി. പിന്നെ പല്ലു തേച്ചു. ഒന്ന് ഫ്രഷ് ആയി.